കായിക സംഘടനകളെ കണ്ണടച്ച് പിന്തുണക്കുന്ന ആളല്ല ഞാൻ, അവരുടെ തെറ്റുകളും കുറ്റങ്ങളും കാണുമ്പോൾ നന്നായി വിമർശിക്കുകയും ചെയ്യാറുണ്ട്. റിയോയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ തെരെഞ്ഞെടുപ്പിൽ മായം ചേർക്കാനായി ബംഗളൂരു മീറ്റിൽ ഡോപ്പിങ് ടെസ്റ്റ് ഒഴിവാക്കിയതും റിയോയിൽ നിലവാരമില്ലാത്ത പ്രകടങ്ങൾക്കു അത് കാരണമായതും അനുവിനെ റിലേ ടീമിൽ നിന്ന് ഒഴിവാക്കിയതും ഇവിടെത്തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

എന്നാൽ ജെയ്ഷയുടെ ഇപ്പോഴത്തെ ആരോപണത്തിൽ ശരി ഫെഡറേഷന്റെ ഭാഗത്തു തന്നെയാണ്. ഒരു രാജ്യത്തെയും ജനങ്ങളുടെയും കായിക ബോധത്തെ കളിയാക്കുകയും അപഹസിക്കുയും ആണ് ജെയ്ഷ ഇവിടെ, അതല്ലെങ്കിൽ കളി നിയമമറിയാത്ത ഒരു ഒരു വെറും സാധു ആയിരിക്കണം അവർ. ഇതിനു അധിക വിശദീകരണം ഒന്നും വേണ്ടതില്ല, മാരത്തോൺ മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് സാർവ്വ ദേശീയ നിയമങ്ങൾ അനുസരിച്ചു സംഘാടകർ തന്നെ കെയർ സെന്ററുകൾ സ്ഥാപിക്കും. ഇതിൽ വെള്ളം നൽകാനായി ഓരോ 2.5 കിലോ മീറ്റർ അകലത്തിലും സ്‌പോഞ്ച് റിഫ്രഷ്‌മെന്റ് പോയിന്റുകൾ തുടർന്നുള്ള 2.5 കിലോ മീറ്ററുകളിലും ഉണ്ടാകും ഇതിനു പുറമെ പങ്കെടുക്കുന്ന ടീമുകൾക്ക് ഓട്ടക്കാരുടെ താൽപ്പര്യം അനുസരിച്ചും ഡ്രിങ്ക് പോയിന്റുകൾ തയാറാക്കാം.

എന്നാൽ ഇതിനുള്ള കുഴപ്പങ്ങൾ പലതാണ്, നേരത്തെതന്നെ കായികതാരത്തിന്റെ അറിവോടും സമ്മതത്തോടും പാനീയം തയാറാക്കി അത് നിറച്ചു സീൽ ചെയ്തു സംഘാടകരെ ഏൽപ്പിക്കണമെന്നതും പലപ്പോഴും മത്സരാന്തരമുള്ള ഡോപ്പിങ് പരിശോധനകളിൽ ഇത്തരം ഡ്രിങ്കുകൾ വില്ലൻ ആയിത്തീരാറുള്ളതുകൊണ്ടും പല പരിശീലകരും അത് വേണ്ടാന്ന് വച്ച് സംഘാടകരുടെ കെയർ പോയിന്റുകൾ മാത്രം ഉപയോഗിക്കും. ഇതിനുള്ള നേട്ടം ഡോപ്പിംഗിൽ പിടിക്കപ്പെട്ടാലും അത് സംഘാടകരുടെ തലയിൽ ചെന്ന് പെടും എന്നത് തന്നെ. ഇവിടെ ജെയ്ഷയുടെയും കോച്ച് നിക്കോളിയുടെയും അഭിപ്രായം അനുസരിച്ചു ഫെഡറെഷൻ വെള്ളം നൽകിയോ ഇല്ലയോ എന്നുള്ളതല്ല വിഷയം എന്തുകൊണ്ട് ജെയ്ഷയെപ്പോലെ പരിചയ സമ്പന്നയായ ഒരു ഓട്ടക്കാരി 42 കിലോമീറ്ററും 195 മീറ്ററും സംഘാടകർ നൽകിയ നിയമാനുസൃതമായ പാനീയം ഉപയോഗിച്ചില്ല എന്നത് തന്നെയാണ് 5 കിലോമീറ്ററിൽ അപ്പുറം ഒരാൾ വെള്ളം കുടിക്കാതെ ഓടുകയാണെങ്കിൽ തന്നെ ഡീഹൈറേഷൻ പ്രോസസ്സ് തുടങ്ങിക്കഴിഞ്ഞിരിക്കും കിലോമീറ്ററുകൾ കൂടുന്നത് അനുസരിച്ചു അത് അപകടകരമായ വിധത്തിൽ എത്തുകയും ചെയ്യും. അയ്യായിരം പതിനായിരം മീറ്ററിൽ പങ്കെടുജിക്കുന്നവർ പ്രീ റൺ ഡീ ഹൈഡ്രേഷന് എതിരെയുള്ള നടപടികൾ സ്വീകരിച്ചിരിക്കും ചിലർ ഓട്ടത്തിനിടയിൽ പോലും വെള്ളം കുടിച്ചിരിക്കും ഈ സാഹചര്യത്തിൽ ഒരു മാരത്തോൺ മത്സരം വെള്ളം തൊടാതെ ഓടിത്തീർത്ത ജെയ്ഷയം നിക്കലോയിയും കുറ്റക്കാരാണ് ആത്മഹത്യക്കു ആയിരുന്നു അറിഞ്ഞുകൊണ്ട് അവർ ശ്രമിച്ചത് ഇരുപരുടെയും പേരിൽ ആത്മഹത്യക്കും അതിനുള്ള പ്രേരണക്കും നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

നിക്കളോയി ഇന്ത്യൻ രീതി അനുസരിച്ചു പരിശീലിപ്പിക്കുവാൻ അര്ഹനല്ലന്നു മാത്രമല്ല ഡോപ്പിംഗിന്റെ ഉസ്താതുകൂടിയാണ് അയാളെ തേടിപ്പിടിച്ചു ആ സ്ഥാനം ഏൽപ്പിച്ചത് തന്നെ ചുളുവിൽ ഇന്ത്യക്കു ഒരു അത്‌ലെറ്റിക്ക് മെഡൽ എന്ന ഫെഡറെഷൻ കാരുടെ ആശയമായിരുന്നു, പോരാത്തതിന് അഹങ്കാരിയും മറ്റുള്ളവരുടെ സ്വകാര്യതയും കഴിവും പരിജ്ഞാനവും ഒന്നും അംഗീകരിക്കുവാനുള്ള സംസ്‌കാരവും വിവേകവും ഇല്ലാത്തവനും ആണ് അയാൾ വെറുതെ ആരെങ്കിലും പറഞ്ഞു കേട്ട നിഗമനങ്ങൾ അല്ല ഇത്. കേരളത്തിൽ തുടങ്ങുവാൻ ഉദ്ദേശിച്ചിരുന്ന എലൈറ്റ് അക്കാദമിയുടെ ചുമതലക്കാരൻ ആയി ഇയാളെ നിയമിക്കുവാനുള്ള ഒരു കൂടിക്കാഴ്ച ചൈനയിലെ ഒരു പരിശീലന ക്യാംപിൽ വച്ച് കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ടി പീ ദാസനൊപ്പം, ചൈനയിലുള്ള ഒരു പരിശീലന ക്യാംപിൽ വച്ച് നടത്തിയിരുന്നു അന്നത്തെ അയാളുടെ അസഹ്യമായ അംഗീകരിക്കുവാൻകഴിയാത്ത ആവശ്യങ്ങളും അവകാശവാദവും ധാർഷ്ട്യവും ഒക്കെ കണ്ടറിഞ്ഞ ശേഷം എനിക്ക് അയാളോട് തുറന്നു പറയേണ്ടിവന്നു ആ ഡീലിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്ന്, പറഞ്ഞുകേട്ടാൽ ബോധ്യമാകില്ല അയാളുടെ ധാർഷ്ട്യങ്ങൾ. അത്തരം ഒരു കോച്ചിന്റെ കീഴിൽ കിരാതമായ ഇടപെടലുകളിൽ എന്ത് മെഡലിന്റെ പേരിലായാലും ജെയ്ഷ ആക്കമുള്ളവർ എങ്ങിനെ പരിശീലിക്കുന്ന എന്നത് ചിന്തക്കും ഭാവനയ്ക്കും അപ്പുറമുള്ള കാര്യങ്ങളാണ്. അയാളുടെ വാക്കുകൾ കേട്ടുകൊണ്ടുതന്നെയാകണം ജെയ്ഷ ഇത്തരം വിവരക്കേടുകൾ വിളമ്പുന്നതും.

ഇതിനേക്കാൾ അപഹാസ്യമാണ് മാരത്തോണിൽ പങ്കെടുത്ത ജെയ്ഷ ആയിരത്തി അഞ്ഞൂറ് മീറ്ററിൽ തനിക്കു മത്സരിക്കുവാൻ അവസരം നൽകിയില്ല എന്ന് പരാതി പറഞ്ഞതായി കേട്ട വാർത്തകൾ. പണ്ട് എമിൽ സാറ്റോപിക്ക്, 5000, 10000, മാരത്തോൺ ഒന്നിച്ചോടി സ്വർണ മെഡൽ നേടിയിട്ടുണ്ട് അതിനു ശേഷം 10000 മീറ്ററിൽ പങ്കെടുക്കുന്നവർ പോലും മാരത്തോണിൽ പങ്കെടുക്കാത്ത സാഹചര്യവും മാരത്തോൺ ഒരു സ്വതന്ത്ര ഇനമായി മാറുകയും ചെയ്തിട്ടുണ്ട്. 1500, മാരത്തോൺ എന്നീ ഇനങ്ങൾ ഒരു കോമ്പിനേഷനു മല്ല. പിന്നെ ഒളിമ്പിക്‌സ് എന്നൊക്കെ പറഞ്ഞാൽ പൈക്കാ പഞ്ചായത്തു മീറ്റുകൾ അല്ലെന്നും ജെയ്ഷ ഓർക്കണം. സംഘാടകരുടെ ഇഷ്ട്ടം ഒപോലെ സമയാസമയങ്ങളിൽ ഇനങ്ങൾ മാറി മാറി എൻട്രി നൽകുവാൻ... ജെയ്ഷ യോഗ്യത നേടിയത് മാരത്തോണിൽ മാത്രമായിരുന്നു, അതിൽ മാത്രമേ അവർക്കു പങ്കെടുക്കുവാനും കഴിയൂ, അത് തന്നെയാണ് ഫെഡറേഷൻ ചെയ്തതും.

ചുരുക്കത്തിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ചവച്ചു എൺപത്തി ഒൻപതാം സ്ഥാനത്തു വന്നു ഒരു രാജ്യത്തെയും ജനങ്ങളെയും പരിഹസിച്ച ശേഷം വിവരക്കേട് വിളിച്ചുപറയുകയും നാട്ടാരെ മുഴുവൻ മണ്ടന്മാരായി ചിത്രീകരിക്കുകയും ആണ് ജെയ്ഷ ഇവിടെ ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായും സാങ്കേതികമായും ഒരു തരത്തിലുള്ള പിന്തുണയും ഇല്ലാത്തതാണ് ഈ ആരോപണങ്ങൾ ഒക്കെയും. ഒന്നുകൂടി, ജെയ്ഷക്കു, ഇണങ്ങിയതല്ല മാരത്തോൺ, 5000 മീറ്ററിൽ താഴെയുള്ള ഇനങ്ങൾ പരിശീലിച്ചാൽ തുടർന്നും ഭാരത ഏഷ്യൻ തലങ്ങളിൽ മികവ് തെളിയിക്കാൻ കഴിഞ്ഞേക്കും. അതിനു ആദ്യം അവരും ഫെഡറേഷനും ചെയ്യേണ്ടത് നിക്കോളായി എന്ന വിവര ദോഷിയായ പരിശീലകനെ പുറത്താക്കുക എന്നതാണ്.

(ജർമ്മൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ഫെഡറേഷനിലെ ജീവനക്കാരനായ ലേഖകൻ കേരള സ്പോർട്സ് കൗൺസിലിന്റെ മുൻ സെക്രട്ടറിയും, മുൻ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറും, മുൻ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റ് തലവനുമാണ്.)