- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂളിൽ സൈനിക ആശുപത്രിയിൽ വെടിവെപ്പ്; പിന്നാലെ ഇരട്ട സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു; അമ്പതിലേറെ പേർക്ക് പരുക്ക്; ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ദൃക്സാക്ഷികൾ
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിയിൽ വെടിവെപ്പും ഇരട്ട സ്ഫോടനവും. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെൻട്രൽ കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്ഫോടനങ്ങൾ നടന്നത്. ആശുപത്രിക്കുള്ളിൽ വെടിവയ്പ് ഉണ്ടായതായും ദൃക്‌സാക്ഷികളും താലിബാനും പറഞ്ഞു. നാനൂറ് കിടക്കകളുള്ള ആശുപത്രിയാണിത്. പ്രദേശത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ക്വാരി സയീദ് പറഞ്ഞു.
19 പേർ മരിച്ചെന്നും പരുക്കേറ്റ 50 പേരെ കാബൂളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോടു പറഞ്ഞു.
കുറഞ്ഞത് ഇരുപത് പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായുമാണ് പേര് വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത താലിബാൻ സുരക്ഷാ ഉദ്യേഗസ്ഥൻ പറഞ്ഞത്. ആശുപത്രിയിൽനിന്നു വെടിയൊച്ചകൾ തുടർച്ചയായി കേട്ടെന്നും അക്രമികൾ എല്ലാ മുറികളിലും കയറി ഇറങ്ങിയതായി സംശയിക്കുന്നെന്നും കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലെ ഡോക്ടർ പ്രതികരിച്ചു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഒരു കൂട്ടം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിയിലേക്ക് കടക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബഖ്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിന് മിനുട്ടുകൾക്കു ശേഷം വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ജീവനക്കാരിൽ ഒരാൾ പറഞ്ഞു. ആദ്യത്തെ സ്ഫോടനം നടന്ന് പത്തുമിനിട്ടിനു ശേഷമാണ് രണ്ടാമത്തെ സ്ഫോടനം നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരുക്കേറ്റ അഫ്ഗാൻ സുരക്ഷാ ഭടന്മാരെയും താലിബാൻ സേനയിലെ അംഗങ്ങളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. മുൻപു 2017ൽ ഇതേ ആശുപത്രിയിൽ ഉണ്ടായ അക്രമത്തിൽ 30 പേർ മരിച്ചിരുന്നു. താലിബാൻ ഭീകരർ ബലമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഫോടനങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ സ്ഫോടനത്തിനിടെ മുന്നൂറിലേറെ പേരാണ് മരിച്ചത്.
ന്യൂസ് ഡെസ്ക്