റിയോ ഡി ജനീറോ:: സുരക്ഷാ ആശങ്കയുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനു പിന്നാലെ അധികൃതരെ നടുക്കി ഒളിമ്പിക് വേദിക്കടുത്ത് ബോംബ് സ്‌ഫോടനം. സൈക്‌ളിങ് മത്സരത്തിന്റെ ഫിനിഷിങ് പോയന്റിനടുത്താണ് സ്‌ഫോടനമുണ്ടായത്. ചെറു സ്‌ഫോടനമായിരുന്നെന്നും ആളപായമില്ലായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു.

തീവ്രവാദഭീഷണിയും മയക്കുമരുന്ന് മാഫിയയിൽ നിന്നുള്ള ആക്രമണങ്ങൾക്കും സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് അധികൃതർ ഒളിമ്പിക് വേദികളിൽ ഒരുക്കിയിട്ടുള്ളത്. -

ഇതിനിടെയുണ്ടായ സ്‌ഫോടനം കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 70 കിലോമീറ്റർ സൈക്ലിങ്ങിന്റെ ഫിനിഷിങ് പോയന്റിനു സമീപമാണ് ബാഗ് പൊട്ടിത്തെറിച്ചത്. എന്നാൽ സ്ഫോടനം മത്സരത്തെ ബാധിച്ചില്ല. മിലിട്ടറി പൊലീസും ബോംബ് സ്‌ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

സ്ഫോടനത്തിനു പിന്നിൽ അട്ടിമറി ശ്രമമാണോ എന്ന കാര്യം വ്യക്തമല്ല. ഭീകരസംഘടനകൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഒളിമ്പിക്‌സിന്റെ ആദ്യദിനംതന്നെ ഇത്തരമൊരു സംഭവമുണ്ടായത് അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്.

മറ്റൊരു സംഭവത്തിൽ, ഒളിമ്പിക്സിന്റെ പ്രധാന വേദിയായ മാരക്കാന സ്റ്റേഡിയത്തിനു സമീപം രണ്ടു പേർ വെടിയേറ്റു മരിച്ചതായും റിപ്പോർട്ടുണ്ട്. ഒരു സ്ത്രീയും ഒരു മോഷ്ടാവുമാണ് കൊല്ലപ്പെട്ടത്.ഇതിന് ഭീകരതയുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിയിട്ടുണ്ട്.

കവർച്ചക്കാരെ തടയാൻ ശ്രമിക്കവെ സ്ത്രീയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് കവർച്ചാ സംഘത്തിലെ ഒരാളും കൊല്ലപ്പെടുകയായിരുന്നു. ഒളിമ്പിക്‌സിനെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് മാഫിയാ സംഘങ്ങൾ കവർച്ച നടത്തിയേക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു.