- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനി ലോറിയിൽ ഒളിപ്പിച്ച് കടത്തിയത് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററും; കണ്ടെത്തിയത് ഉഗ്ര സ്ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തുക്കൾ; പാറമടയ്ക്ക് വേണ്ടിയുള്ളത് എന്ന വിലയിരുത്തലിൽ പ്രാഥമിക അന്വേഷണം; വാളയാറിലെ സ്ഫോടക വസ്തുവിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; തക്കാളിയുടെ മറവിൽ എത്തിയത് അട്ടിമറിക്കുള്ള സ്ഫോടക വസ്തുവോ?
വാളയാർ: കേരളത്തിലേക്ക് വൻ സ്ഫോടക ശേഖരങ്ങൾ കൊണ്ടു വരാനുള്ള ശ്രമം പൊളിച്ച് പൊലീസ്. തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്കു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടി. 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്.
തമിഴ്നാട് ധർമപുരി ജില്ലയിലെ അരൂർ താലൂക്കിൽ തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ജില്ലയിലെ ചെങ്കം താലൂക്കിൽ കോട്ടാവൂർ സ്വദേശി പ്രഭു (30) എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറികളിൽ ഉപയോഗിക്കുന്ന ഈ സ്ഫോടക വസ്തുക്കൾ സേലത്ത് നിന്ന് അങ്കമാലിയിലേക്കാണ് കൊണ്ടുപോയിരുന്നത്.
പാറമടകളിലേക്ക് കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സർക്കാർ ഉറപ്പിച്ചിട്ടില്ല. അങ്കമാലിയിലേക്കാണ് ഇതെത്തുന്നത്. അതുകൊണ്ട് തന്നെ അട്ടിമറിക്കാണോ സ്ഫോടക വസ്തുക്കൾ എത്തിയതെന്ന സംശയം സജീവമാണ്. ഈയിടെ ഈ മേഖലയിൽ നിന്ന് ഐസിസ് തീവ്രവാദികളെ ദേശീയ സുരക്ഷാ ഏജൻസി പിടികൂടിയിരുന്നു.
ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് വച്ചിരുന്നത്. തക്കാളിപ്പെട്ടികൾക്കിടയിൽ വച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയത്തിലാണ് പ്രധാനമായും ഈ ഘട്ടത്തിൽ അന്വേഷണം നീളുന്നത്.
അനധികൃത ക്വാറി ഖനനത്തിന് തെളിവാണ് ഇതെന്ന വാദവും സജീവമാണ്. ക്വാറികളിൽ ഉപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ എന്നാണ് പൊലീസ് നൽകുന്ന സൂചന. ആർക്കുവേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ കൂടുതൽപ്പേർ ഉണ്ടാേ എന്ന് സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസിന്റെ പരിശോധനകളിൽ അസ്വാഭാവികത കണ്ടാൽ കേന്ദ്ര ഏജൻസികൾ കൂടുതൽ ഇടപെടൽ നടത്തും. അറസ്റ്റിലായവരുടെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ