ജിദ്ദ :സൗദിയിലെ അനധികൃത താമസക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പ് ആനുകൂല്യം ഒരു മാസത്തേക്ക് കൂടെ ലഭിക്കും എന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറിയിച്ചു.നേരത്തെ മൂന്നു മാസത്തെ പൊതുമാപ്പ് വീണ്ടും ഒരു മാസം കൂടെ നീട്ടി നൽകിയതിനു പുറമെയാണിത്.

അടുത്ത ശനിയാഴ്ച മുതൽ പൊതുമാപ്പ് ആനുകൂല്യങ്ങൾ വിനിയോഗിക്കാൻ സാധിക്കും. ഇതിനായി എംബസികളിലും കോൺസുലേറ്റുകളിലും വി എഫ് എസ് സെന്ററുകളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.പല കാരണങ്ങളാൽ പൊതുമാപ്പ് ആനുകൂല്യം വിനിയോഗിക്കാൻ സാധിക്കാത്തവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും. പൊതുമാപ്പ് ആനുകൂല്യം നീട്ടി നൽകണമെന്ന ഇന്ത്യൻ അംബാസഡറുടെ അഭ്യർത്ഥന പ്രകാരമാണു സഊദി അധികൃതർ ആനുകൂല്യം നൽകിയിരിക്കുന്നത്.

ഈ വർഷം മാർച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ച്ത?. ജൂൺ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു. നാലുമാസത്തെ പൊതുമാപ്പ് കാലയളവിൽ ഏഴ് ലക്ഷത്തോളം ആളുകൾ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. അതിൽ ഏതാണ്ട് അരലക്ഷം ഇന്ത്യാക്കാരും അവസരം
പ്രയോജനപ്പെടുത്തി.