- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് കേരളബാങ്കിൽ ജീവനക്കാർ അധിക ശമ്പളം കൈപ്പറ്റിയ സംഭവം; മുഴുവൻ തുകയും തിരിച്ചുപിടിക്കാൻ ഉത്തരവുമായി സഹകരണ വകുപ്പ് സെക്രട്ടറി; വിവാദത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യപിപ്പിക്കും; അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും നിർദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള ബാങ്ക് ജീവനക്കാർ അധിക ശമ്പളം കൈപ്പറ്റിയ സംഭവത്തിൽ മുഴുവൻ തുകയും തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് സെക്രട്ടറി രജിസ്റ്റ്രാർക്ക് ഉത്തരവ് നൽകി.സഹകരണ ബാങ്കുകളിലെ മുൻ ജീവനക്കാർക്കു കേരള ബാങ്ക് നിയമനങ്ങളിൽ 50% സംവരണമുണ്ട്. ഇവർക്കു സഹകരണ ബാങ്കിലെ ജോലി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇൻക്രിമെന്റ് ലഭിക്കും. 3-10 വർഷത്തെ പരിചയമുള്ളവർക്ക് ഒരു ഇൻക്രിമെന്റും 10 വർഷത്തിൽ കൂടുതലുള്ളവർക്കു 2 ഇൻക്രിമെന്റുമാണു ലഭിക്കുന്നത്.എന്നാൽ, ഇൻക്രിമെന്റ് കണക്കാക്കുമ്പോൾ ക്ഷാമബത്ത ഉൾപ്പെടുത്തരുതെന്നും മേൽ ഇൻക്രിമെന്റ് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് ശമ്പള നിർണയം നടത്തരുതെന്നും സർക്കാർ ഉത്തരവുണ്ടായിരുന്നു.
ഇതു മറികടന്നു തിരുവനന്തപുരത്ത് റിട്ടയർ ചെയ്തവരുൾപ്പെടെ ചില ജീവനക്കാർ ശമ്പളം കൈപ്പറ്റിയെന്നു പരാതി ഉയർന്നിരുന്നു. പരിശോധനയിൽ ഇതിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു അധികമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ സെക്രട്ടറി ഉത്തരവിട്ടത്. 2015 ഏപ്രിൽ മുതൽ അധികമായി കൈപ്പറ്റിയ തുകയാണു തിരിച്ചുപിടിക്കുന്നത്.
ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചപ്പോൾ അംഗ സംഘങ്ങളിലെ ജീവനക്കാർക്കു സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. മലബാറിലെ സിപിഎം നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് തീരുമാനമെന്നു നേരത്തേ ആരോപണമുയർന്നതാണ്. ഇതിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ചില ജീവനക്കാരും നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇൻക്രിമെന്റ് നൽകുന്നതിനെതിരെ കേസ് നിലനിൽക്കെ, ക്ഷാമ ബത്ത കൂടി ഉൾപ്പെടുത്തി ഇൻക്രിമെന്റ് കൈപ്പറ്റിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റു ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.ആനുകൂല്യങ്ങൾ ജീവനക്കാർ അനധികൃതമായി കൈപ്പറ്റുന്നുണ്ടോയെന്നറിയാൻ സർവീസ് ബുക്ക് പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.മറ്റു ജില്ലാ ബാങ്കുകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണമുള്ളതിനാലാണ് സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടത്.
ഇൻക്രിമെന്റ് ലഭിക്കുന്നതിനായി ഒട്ടേറെ പേർ ക്രമക്കേട് നടത്തിയെന്ന ആരോപണം നിലനിൽക്കുന്നതിനാലാണു സർവീസ് ബുക്ക് പരിശോധിക്കാൻ നിർദ്ദേശിച്ചത്. അംഗ സംഘങ്ങളിലെ ജോലി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇൻക്രിമെന്റ് നൽകുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കെയാണു തിരക്കിട്ടു വിതരണം ചെയ്തത്. കോടതി ഉത്തരവ് പ്രതികൂലമായാൽ ഇൻക്രിമെന്റ് തുക പൂർണമായി തിരിച്ചുപിടിക്കേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ