പ്രേതങ്ങളുടെയും ആത്മാക്കളുടെയും അദൃശ്യരൂപങ്ങൾ ക്യാമറകളിൽ പതിഞ്ഞിട്ടുള്ളതായ ചില സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിശ്വസനീയമാണെങ്കിലും, അത്തരമൊരു ചിത്രം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. കാറപകടത്തിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും ജീവൻ ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് പോകുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ഹന്ന സിമൺസ് (23), അവരുടെ ഒമ്പതുമാസം പ്രായമുള്ള കുട്ടി അലന്ന, സുഹൃത്ത് ലോറൻ ബൂട്യൂ (28) എന്നിവരാണ് കാറപകടത്തിൽ മരിച്ചത്. ഏപ്രിൽ 25-നായിരുന്നു അപകടം. അപകടത്തെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുകയായിരുന്ന മറ്റൊരു കാറിലെ ഡ്രൈവർ അനീസ ഗാനോണാണ് ഈ ചിത്രം പകർത്തിയത്.

ഓഫീസിലെത്താൻ താൻ വൈകിയതിന് കാരണം അപകടമാണെന്ന് മേധാവിയെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി അപകടത്തിന്റെ ദൃശ്യം പതർത്തുകയായിരുന്നു അനീസ. അപ്പോഴാണ് വിചിത്രമായ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. അപകടമുണ്ടായ കാറിലേക്ക് മുകളിൽനിന്ന് ഒരു പ്രകാശം പതിക്കുന്നതും അതിലൂടെ രമ്ട് നേർത്തവരകൾ പോലെ പുറപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്.

അനീസയുടെ ബന്ധുവായ താര നോബിളാണ് ചിത്രത്തിലെ പ്രകാശധാര ജീവനുകൾ സ്വർഗത്തിലേക്ക് പോകുന്നതിന്റേതാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. ലെൻസിൽ പതിച്ച വെളിച്ചത്തിന്റെ പ്രതിഫലനമാണതെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും, ജീവൻ വേർപെടുന്ന നിമിഷമാണതെന്നവാദത്തിനാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം.

ഒരു വലിയ വെളിച്ചിനുള്ളിൽ രണ്ട് ചെറിയ വെളിച്ചങ്ങൾ കാണപ്പെടുന്നത് അപൂർവമാണെന്ന് താര നോബിൾ പറയുന്നു. താരയും അനീസയും ചേർന്ന് കാറപടത്തിൽ മരിച്ച ഹന്നയുടെ അമ്മ ജൂഡിയെ കണ്ടെത്തി ഫോട്ടോ കൈമാറുകയും ചെയ്തു. മകളെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ട കുടുംബത്തിന് ഈ ചിത്രം പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണിപ്പോൾ.