റോം: മോശം കാലാവസ്ഥയെ തുടർന്ന് നോർത്തേൺ ഇറ്റലിയിൽ വൻ നാശ നഷ്ടങ്ങൾ. കനത്ത മഴയെ തുടർന്ന് മിക്കയിടങ്ങളും പ്രളയത്തിൽ മുങ്ങി. മഴയ്‌ക്കൊപ്പം ആലിപ്പഴവും പൊഴിയുന്നതിനാൽ പരക്കെ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. രണ്ടു കൗൺസിലുകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങളായി കനത്ത മഴയും ശക്തമായ കാറ്റും വീശിയിടിക്കുകയാണ്. മിക്കയിടങ്ങളിലും റോഡുകൾ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്. മിലാനിലും ബെർഗാമോയിലും കൊടുങ്കാറ്റ് വീശിയടിച്ചു. ചെറു പട്ടണങ്ങളായ എനിഗോ, വിട്ടോറിയോ വിനെറ്റോ എന്നിവിടങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

മിലാനിലെ അഡ്ഡ നദിയിൽ കനത്ത നീരൊഴുക്ക് ഉണ്ടായതിനെ തുടർന്ന് പതിമൂന്നുകാരനെ കാണാതായിട്ടുണ്ട്. ഇറ്റലിയിൽ ഏതാനും ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കനത്ത ചൂടിനെ തുടർന്നാണ് മഴയും പ്രളയവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞാഴ്ച മിക്കയിടങ്ങളിലും 38 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു. പിന്നീട് ഇവിടങ്ങളിൽ 64 മില്ലി മീറ്റർ വരെ മഴ തകർത്തു പെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം 120 എമർജൻസി കോളുകൾ ഫയർ സർവീസുകാർ അറ്റൻഡ് ചെയ്യേണ്ടി വന്നു.