ന്യൂഡൽഹി: 2019 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന് വേണ്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ അഞ്ച് മാസത്തിനിടെ യാത്ര ചെയ്തത് 88,000 കിലോമീറ്റർ. ഇങ്ങനെയെങ്കിൽ അടുത്ത അഞ്ച് മാസത്തിനിടെ അമിത്ഷായ്ക്ക് 100,000 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുമെന്നാണ് ഒരു പാർട്ടി ആസ്ഥാനത്തെ ജീവനക്കാരൻ വെളിപ്പെടുത്തുന്നത്. അതായത് പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് 20,000 കിലോമീറ്റർ ഓരോ മാസവും യാത്ര ചെയ്യേണ്ടി വരുമെന്ന് സാരം. രണ്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങളും തെരഞ്ഞെടുപ്പ് തോൽവിയും കഴിഞ്ഞാൽ വിദേശത്ത് വിശ്രമത്തിന് പോകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇത് കണ്ടു പഠിക്കേണ്ടതാണ്.

പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷിയാകാൻ പോലും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ഡൽഹിയിലുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ ടൂർ ഡയറിയിൽ നിന്ന് വ്യക്തമാകുന്നത്. ജൂലൈ 25-ന് ആണ് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുക. എന്നാൽ 25 മുതൽ 27 വരെ അമിത്ഷാ കേരള പര്യടനത്തിലായിരിക്കും. എന്നാൽ ഉപരാഷ്ട്രപതിയുടെ സ്ഥാനാരോഹണച്ചടങ്ങിന് അമിത്ഷാ ഡൽഹിയിലുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഓഗസ്റ്റ് 11-ന് ആണ് ഉപരാഷ്ട്രപതി ചുമതലയേറ്റെടുക്കുന്നത്. നിലവിലെ പാർപാടികളുടെ ചാർട്ടനുസരിച്ച് അന്ന് അമിത്ഷാ ഡൽഹിയിൽത്തന്നെയുണ്ടാകും. എന്നാൽ ഇതിൽ ഏതു നിമിഷവും മാറ്റങ്ങളുണ്ടായേക്കാം.

അഞ്ചുമാസത്തെ യാത്രയ്ക്കിടെ മൂന്നുമാസവും അമിത് ഷാ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനാണ് നീക്കിവച്ചിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളെ എ,ബി,സി എന്നീ മൂന്ന് മേഖലകളായി പാർട്ടി തരം തിരിച്ചിരുന്നു. എ വിഭാഗത്തിൽ 19 സംസ്ഥാനങ്ങളും ബിയിലും സിയിലും ഏഴുവീതം സംസ്ഥാനങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ മാരത്തോൺ ഓട്ടത്തിനിടയിലും ഏപ്രിൽ 19-ന് പാർട്ടി കോർ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുകയും ചെയ്തു. പാർട്ടി അധ്യക്ഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻ ദേശീയ അധ്യക്ഷന്മാരായ വെങ്കയ്യ നായിഡു, നിതിൻ ഗഡ്ക്കരി, രാജ്‌നാഥ് സിങ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഏകോപനവും ബിജെപിയിലുണ്ട്. ഏതായാലും 2019 ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണം നിലനിർ
ത്തുന്നതിനൊപ്പം സംസ്ഥാന ഭരണങ്ങൾ പലതും പിടിച്ചെടുക്കുകയെന്ന അജണ്ടയും അമിത്ഷായുടെ യാത്രയ്ക്ക് പിന്നിലുണ്ട്.