കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകത്തിൽ ശ്രീജിത്തിനെ എസ്‌ഐ ദീപക്ക് അതിക്രൂരമായി മർദ്ദിച്ചുവെന്ന് കൂടെ കസ്റ്റഡിയിലെടുത്തവർ. ശ്രീജിത്തിനെ വയറുവേദനയുമായി കിടന്നപ്പോൾ എസ് ഐ ദീപക് ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശ്രീജിത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വിനു, സുധി, സജിത്ത്, ശരത് എന്നിവർ ലോക്കപ്പിൽ ഉണ്ടായ സംഭവങ്ങൾ വിവരിച്ചത്.

എസ്‌ഐയിൽ നിന്നും മറ്റു പൊലീസുകാരിൽ നിന്നും ക്രൂരമായ മൂന്നാംമുറയാണ് നേരിടേണ്ടി വന്നതെന്നാണ് ഇവർ പറയുന്നത്. 12 പേരെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവർക്കും മർദ്ദനമേറ്റു. ആർടിഎഫുകാരിൽ നിന്നും മർദ്ദനമേറ്റെന്നും ഇവർ പറയുന്നു. മൂന്നു തവണയായാണ് മർദ്ദിച്ചത്. ശ്രീജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുമ്പോൾ തന്നെ മർദ്ദിച്ചിരുന്നു.

സെല്ലിൽ കിടക്കുന്നസമയത്ത് താൻ അവശനാണെന്നും വയറുവേദനിക്കുന്നെന്നും ഛർദ്ദിച്ചെന്നുമെല്ലാം ശ്രീജിത്ത് പറഞ്ഞു. പക്ഷേ അത് കേൾക്കാൻ പൊലീസുകാർ തയ്യാറായില്ല. അന്ന് രാത്രി ഒന്നരയോടെയാണ് എസ്‌ഐ ദീപക്ക് എത്തുന്നത്. ഓരോരുത്തരെയായി എസ്‌ഐ സെല്ലിൽ നിന്ന് വിളിച്ചിറക്കി. പിന്നീടായിരുന്നു മർദ്ദനം. വയറുവേദനയാണെന്നും അടിക്കരുതേ എന്നും പറഞ്ഞപ്പോൾ ശ്രീജിത്തിനെ അടിവയറ്റിൽ കാലുകൊണ്ട് തൊഴിച്ചു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം. ശ്രീജിത്ത് വീണപ്പോൾ വീണ്ടും എസ് ഐ കാലുകൊണ്ട് ചവിട്ടി.

എണീക്കാൻ ആവശ്യപ്പെട്ടായിരുന്നു തൊഴിച്ചതും മർദ്ദിച്ചതും. പിറ്റേന്ന് വയറുവേദന കലശലായി. ഭക്ഷണം കഴിക്കാനോ വെള്ളംകുടിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. വയ്യെന്ന് പലപ്പോഴും പറഞ്ഞിട്ടും പൊലീസുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. - ഇവർ പറയുന്നു.

മെഡിക്കൽ എടുത്ത സമയത്ത് ശ്രീജിത്തിനെ മാത്രം വേറെ മുറിയിലാണ് കൊണ്ടുപോയത്. ശ്രീജിത്ത് വയറുവേദനയെന്ന് ആദ്യം മുതലെ പറഞ്ഞിരുന്നു. രാത്രി വരെ ഭക്ഷണം തന്നില്ല. ശ്രീജിത്ത് ബുദ്ധിമുട്ടുള്ള കാര്യം പറഞ്ഞപ്പോൾ അത് കേൾക്കാൻപോലും പൊലീസുകാർ തയ്യാറായില്ല. പിന്നീട് ഭക്ഷണം തന്നപ്പോഴും വയറുവേദന കാരണം ശ്രീജിത്തിന് കഴിക്കാൻ പറ്റിയില്ല. വെള്ളിയാഴ്ച രാത്രി എസ്‌ഐ എത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മർദ്ദനം.

ഇതിന് പിന്നാലെ ആശുപത്രിയിൽ കൊണ്ടുപോയ പൊലീസുകാരും മർദ്ദിച്ചു. അതിന് ശേഷമാണ് മുഖത്ത് പാടുകൾ കണ്ടത്. അതുവരെ മർദ്ദനമേറ്റപ്പോഴും ശ്രീജിത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് മെഡിക്കലിന് കൊണ്ടുപോയപ്പോൾ മർദ്ദനമേറ്റെന്ന് മനസ്സിലായതെന്നും ഇവർ പറയുന്നു.