കൊച്ചി: നിറഞ്ഞ പ്രതീക്ഷകളോടെ നാടിന് സമർപ്പിച്ച എറണാകുളം ജില്ലയിലെ എഴാറ്റുമുഖം പ്രകൃതിഗ്രാമം നാശത്തിന്റെ വക്കിൽ. എഴാറ്റുമുഖത്തെ ഇത്തരത്തിൽ വികൃതവും വിരൂപവുമാക്കിയത് ആരാണ്? എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ചെയർമാനായ ജില്ലാ കലക്ടറോ ഈ ഗ്രാമത്തെ ദൈവത്തിന്റെ സ്വന്തം നാടിനു സമർപ്പിച്ച ഇടതുപക്ഷ സർക്കാരോ?

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ടു.കോടിയേരി തന്നെ നാടിനു സമർപ്പിച്ചു. ഇന്നത്തെ സ്ഥലം എംഎ‍ൽഎ. റോജിയും എംപി. ഇന്നസെന്റും എഴാറ്റുമുഖത്തേക്ക് തിരിഞ്ഞുനോക്കാറില്ല.തൃശൂർ ജില്ലയുടെ തുമ്പൂർമുഴിയോടു ചേർന്നൊഴുകുന്ന ചാലക്കുടി പുഴ എറണാകുളം ജില്ലക്ക് പകുത്തു കൊടുത്തതാണ് എഴാറ്റുമുഖം പ്രകൃതിഗ്രാമം.

തുമ്പൂർമുഴിയിൽ അഞ്ചുകോടി മുതൽമുടക്കി നിർമ്മിച്ച തൂക്കുപാലം കടന്നാൽ നമുക്ക് എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലെത്താം. കൂടാതെ കാലടി എസ്റ്റേറ്റ് പാതയിലൂടെയുംപ്രക്രുതിഗ്രാമത്തിൽ എത്താം, ആയുസ്സിന് ബലമുണ്ടെങ്കിൽ. അത്രയ്ക്ക്ഭീകരമാണ് ഈ മരണപാത. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടി പുഴ ഈ പ്രദേശത്ത്എത്തുമ്പോൾ ഏഴുകൈവഴികളായി ഒഴുകുന്നു. അങ്ങനെ കൈവന്ന പേരാണ് എഴാറ്റുമുഖം.

തുമ്പൂർമുഴിയിൽ അഞ്ചുകോടി മുതൽമുടക്കി സർക്കാർ തൂക്കുപാലം നിർമ്മിച്ചത് തുമ്പൂർമുഴി-അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളെഎഴാറ്റുമുഖം പ്രകൃതിഗ്രാമവുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു.ഇതിനിടെ കോടികൾ മുടക്കി സർക്കാർ എഴാറ്റുമുഖത്തെ മോടി പിടിപ്പിക്കാൻ ശ്രമിച്ചിട്ടും എഴാറ്റുമുഖം വികൃതവും വിരൂപവുമായിക്കൊണ്ടിരുന്നു.

എഴാറ്റുമുഖം മിനുക്കാൻ സർക്കാർ ആദ്യം അനുവദിച്ച അമ്പത് ലക്ഷം രൂപ കൊണ്ടുപോയത് പെരുമ്പാവൂർകാരൻ കരാറുകാരൻ അവറാച്ചനാണ്. ഏറ്റവും വിലക്കുറവിൽ ഒരു കമാനവും ഒരു കാന്റീനും നാല് എറുമാടവും നിർമ്മിച്ച് അവറാച്ചൻ സ്ഥലം വിട്ടു.പ്രകൃതിഗ്രാമമല്ലേ, സിമന്റും മണലും കമ്പിയുമില്ലാതെയാണ് നിർമ്മിതികൾ തീർത്തത്. എല്ലാ നിർമ്മിതിക്കും കൂടി ഒരു ഇരുപതു ലക്ഷംചെലവാക്കിയിട്ടുണ്ടാവുമെന്ന് എഴാറ്റുമുഖം പ്രകൃതിഗ്രാമവാസികൾ സാക്ഷ്യംപറയുന്നു. അവശേഷിച്ച മുപ്പതുലക്ഷവും കൊണ്ട് കരാറുകാരൻ സ്ഥലം വിട്ടതോടെ ദുർബല നിർമ്മിതികൾ നിലംപൊത്തി.

കരാറുകാരൻ കാണിച്ചുകൂട്ടിയ തോന്ന്യാസം മൂലം ഇറിഗേഷൻ വകുപ്പിന്റെ ഒന്നാംതരം ഗസ്റ്റ് ഹൗസ് മൂന്നാംതരം ശുചിമുറിയാക്കി മാറ്റി. ഇവിടെ ഉണ്ടായിരുന്ന കിണർ, സമീപത്ത് കക്കൂസിന്റെ സേഫ്ടി ടാങ്ക് നിർമ്മിച്ചുകൊണ്ട് അവറാച്ചൻ മലിനപ്പെടുത്തി.ഇതോടെ എഴാറ്റുമുഖം പ്രക്രുതിഗ്രാമത്തിന്റെ വെള്ളംകുടി മുട്ടി. ഇപ്പോൾ എഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലെത്തുന്നവർക്ക് ശുദ്ധജലമില്ല. സമീപത്ത്കൂത്താടികളും കൊതുകും മുട്ടയിട്ട മലിനജലത്തിലാണ് ഇവിടുത്തെ കാന്റീനിൽ ഭക്ഷണംപാകം ചെയ്യുന്നത്.

''എന്തുചെയ്യാം സാർ. വേറെ ഗത്യന്തരമില്ല. മാസം മുപ്പത്തയ്യായിരം രൂപയ്ക്കാണ് ഈ കാന്റീൻ ഞങ്ങൾ കരാർ എടുത്തിരിക്കുന്നത്. അധികൃതർ ശുദ്ധജലം തന്നില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് ഇതേ വഴിയുള്ളൂ സാർ.'' കാന്റീനിലെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിന് പിന്നാലെ പ്രകൃതിഗ്രാമത്തിനായി സർക്കാർ അമ്പത് ലക്ഷം കൂടി അനുവദിച്ചു. തുമ്പൂർമുഴി തൂക്കുപാലത്തിന്റെ നിർമ്മാതാക്കളായ സർക്കാർ കരാറുകാരന് തന്നെ കരാർ ഉറപ്പിച്ചു. കരാർ ഉറപ്പിച്ചുകൊടുത്ത ഉത്തരവ് ഇറങ്ങും മുമ്പുതന്നെ കരാറുകാരൻ മുപ്പത്തിമൂന്നു ലക്ഷത്തിന് കരാർ മറ്റൊരാൾക്ക് ഇരുപത്തേഴു ലക്ഷത്തിന്റെ ലാഭത്തിനു മറിച്ചുകൊടുത്തു.ഇപ്പോൾ നിർമ്മാണ ജോലികൾ ഇഴഞ്ഞും ഇരുന്നും നീങ്ങുന്നു. പൊട്ടിത്തകർന്ന ഏറുമാടങ്ങൾ വീണ്ടും തുന്നിക്കെട്ടുന്നുണ്ട്. ഒരു മൂത്രപ്പുര കൂടിപണിയുന്നുണ്ട്. നാലോ അഞ്ചോ ചാരുബഞ്ചുകളും മൂത്രപ്പുരക്ക് സമീപം പണിയുന്നുണ്ട്. ഇതോടെ 33 ലക്ഷത്തിന്റെ പണി കഴിഞ്ഞു.

വിനോദ സഞ്ചാരികൾക്കായി എഴാറ്റുമുഖം പ്രകൃതിഗ്രാമത്തിൽ ഒന്നുമില്ല. വിശ്രമിക്കാൻ ചാരുബഞ്ചുകളില്ല. മൂത്രപ്പുരക്ക് സമീപം പണിതീർത്തചാരുബഞ്ചുകളിൽ മൂക്കുപൊത്തിയല്ലാതെ ഇരിക്കാൻ ആർക്കും സാധ്യമല്ല. സഞ്ചാരികൾക്ക് കുടിക്കാൻ ശുദ്ധജലമില്ല. കഴിക്കാൻ ശുചിത്വമുള്ള ഭക്ഷണമില്ല.കുട്ടികൾക്ക് കളിക്കാൻപാർക്കില്ല.കളിപ്പാട്ടങ്ങളില്ല.

എഴാറ്റുമുഖം പൂർണ്ണമായും മലീമസമാണ്.അവിടവിടെ മാലിന്യക്കൂമ്പാരം കത്തിത്തീരാതെ കിടപ്പുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ അസ്ഥിക്കൂടങ്ങൾ അവിടവിടെ കിടക്കുന്നുണ്ട്. ആക്രി
സാധനങ്ങളുംസാമഗ്രികളുംകുന്നുകൂടിക്കിടക്കുന്നുണ്ട്.എഴാറ്റുമുഖംപ്രകൃതിഗ്രാമമല്ല,പ്രകൃതിയുടെ ശവപ്പറമ്പാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവിടെ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണം നടന്നു.സൗകര്യങ്ങളില്ലാതെ സിനിമാപ്രവർത്തകർ വീർപ്പുമുട്ടി. അവരുടെ കാര്യങ്ങളെല്ലാം അവർ കൊണ്ടുവന്ന കാരവനിൽ തന്നെ സാധിച്ചു. കാശുവാങ്ങിയ അധികൃതർ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. സിനിമാപ്രവർത്തകർ കൂടൊഴിഞ്ഞ് നിമിഷങ്ങൾക്കകം ഒരു തെങ്ങ് കടപുഴങ്ങി വീണു. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ആ തെങ്ങിൻതടി ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു.

അധികൃതർ ആരുംതന്നെ എഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽവരാറില്ല. ടൂറിസം പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ഈ പ്രദേശം സന്ദർശിച്ചിട്ട് രണ്ടുവർഷമായി. മറ്റു കൗൺസിൽ അംഗങ്ങളും ഇവിടെ വരാറില്ല. സ്ഥലം എംഎ‍ൽഎ. റോജിയും, ഇന്നസെൻര് എംപിയും ഈ വഴിക്കില്ല. മൂക്കന്നൂർ-അയ്യമ്പുഴ പഞ്ചായത്തംഗങ്ങളും ഈ വഴിക്ക് വരാറില്ല.

എഴാറ്റുമുഖം പ്രകൃതിഗ്രാമ വിനോദസഞ്ചാരം കരാർ എടുത്തയാൾ ഒരുസെക്യുരിറ്റി ജീവനക്കാരനെ വച്ച് ടിക്കറ്റ് വിൽപ്പന നടത്തുന്നുണ്ട്.പ്രതിമാസം ഒരു ലക്ഷത്തി ഇരുപത്തേഴായിരം രൂപയ്ക്കാണ് കരാർ. കരാർ തീരാൻ ഇനിമാസങ്ങൾമാത്രം. പിന്നെ അവശേഷിക്കുന്നവർ കാന്റീൻ നടത്തിപ്പുകാരും പലവ്യഞ്ജനം വില്പന നടത്തുന്ന കുടംബശ്രീക്കാരും. ഇവരൊക്കെ കൂടിയതാണ് ഇപ്പോഴത്തെ എഴാറ്റുമുഖം പ്രകൃതിഗ്രാമം.