തിരുവനന്തപുരം: 'അമ്മ മഴവില്ല്' മെഗാ ഷോയിൽ അടിമുടി നിറഞ്ഞു നിന്നത് മോഹൻലാലായിരുന്നു. ഡാൻസും പാട്ടും കോമഡി സ്‌കിറ്റും ഒക്കെയായി ഷോിൽ നിറഞ്ഞു നിന്നത് ലാലേട്ടനായിരുന്നു. താരസംഘടനയുടെ ഷോ ഒരു വിഭാഗം താരങ്ങളുടെ ബഹിഷ്‌ക്കരണം കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചപ്പോൾ മമ്മൂട്ടിക്കൊപ്പം ചേർന്ന് മോഹൻലാലിനും ശരിക്കും അധ്വാനിക്കേണ്ടി വന്നു. എന്തായാലും നടിമാരുമായി ആടിപ്പാടി ലാൽ എത്തിയപ്പോൾ ആരാധകർക്കും ആവേശമായി.

ഇതിൽ ഏറ്റവും ശ്രദ്ധ നേടിയത് മോഹൻലാലിന്റെ ഡാൻസ് ആണ്. സ്ഫടികം സിനിമയിൽ മോഹൻലാലും സിൽക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്ക്കൊപ്പം ലാലേട്ടൻ കളിച്ചു. സിൽക്കിനെ അനുമസ്മരിപ്പിച്ചു തന്നെ ഇനിയ ലാലേട്ടനൊപ്പം കത്തിക്കയറി. സിനിമയിൽ കണ്ട അതേ വസ്ത്രരീതിയാണ് സ്റ്റേജിലും. ആടുതോമയായി ലാലേട്ടൻ ഒരിക്കൽ കൂടി വേദിയിലെത്തി.

കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിൽനിന്നെന്നപോലെ താരങ്ങൾ ഇറങ്ങിവന്നപ്പോൾ ജനംഇളകിമറിഞ്ഞു. അലാവുദീനും 'അദ്ഭുത'ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. ഇതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു.

എന്നാൽ അതൊരു ഒന്നൊന്നരവരവായിരുന്നു. മമ്മൂട്ടി , മോഹൻലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാർക്കൊപ്പം മോഹൻലാൽ ഇരുവർ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമർത്തു.