വാഷിങ്ടൺ: എഫ് - 1 വിസയ്ക്കു കീഴിൽ യുഎസിൽ എത്തുന്ന അമേരിക്കയിൽ തന്നെ മൂന്നു വർഷത്തേക്ക് ജോലിയിൽ തുടരാമെന്ന് പ്രഖ്യാപനമായി. എഫ്-1 വിസയിൽ എത്തുന്ന സ്റ്റെം (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്സ്- STEM) വിദ്യാർത്ഥികൾക്കാണ് മൂന്നു വർഷം കൂടി ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിന്റെ ഭാഗമായി യുഎസിൽ തന്നെ തുടരാൻ സാധിക്കുന്നത്. ഇതു സംബന്ധിച്ച മാർഗരേഖകൾ മെയ്‌ പത്തു മുതൽ നിലവിൽ വന്നിട്ടുണ്ട്.

പുതിയ പ്രഖ്യാപനം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. അമേരിക്കയിലേക്ക് പഠിക്കാൻ പോകുന്ന ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും സ്‌റ്റെം പ്രോഗ്രമുകളാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. മാത്രമല്ല, ഈ മേഖലയിൽ നിലനിൽക്കുന്ന ചൂഷണത്തിനും വ്യാജ റിക്രൂട്ട്‌മെന്റുകൾക്കും തടയിടാൻ ഇതുമൂലം സാധിക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യുരിറ്റി ഓഫീസ് പുറത്തിറക്കുകയും യുഎസ് ഫെഡറൽ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


പുതിയ നിയമം യാഥാർത്ഥ്യമാകുന്നതോടെ അംഗീകരിക്കപ്പെട്ട ഒരു വർഷത്തെ ഒപിടിക്ക് പകരം ചില വിദ്യാർത്ഥികൾക്ക് രണ്ടു വർഷം കൂടി അധിക ഒപിടി ലഭിക്കുന്നതാണ്. ഇതിലൂടെ യുഎസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജ്വേഷൻ നേടിയ വിദ്യാർത്ഥികൾക്ക് യാതൊരു പരിമിതികളുമില്ലാതെ മൂന്ന് വർഷം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതാണ്.