- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെംബ്ലിയിൽ പുതുചരിത്രമെഴുതി ലെസ്റ്റർ സിറ്റി; ചെൽസിയെ തോൽപ്പിച്ച് എഫ്എ കപ്പ് കിരീടത്തിൽ മുത്തമിട്ട് കുറുനരികൾ; അട്ടിമറി ജയം എതിരില്ലാത്ത ഒരു ഗോളിന്
ലണ്ടൻ: ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എഫ് എ കപ്പിൽ മുത്തമിട്ട് ലെസ്റ്റർ സിറ്റി. വെംബ്ലി സ്റ്റേഡിയത്തിൽ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കിയാണ് എഫ് എ കപ്പിൽ കുറുനരികൾ കന്നി കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ലെസ്റ്റർ സിറ്റി എഫ്എ കപ്പ് കിരീടം നേടുന്നത്.
ആദ്യ പകുതിയിൽ ചെൽസിയാണ് മികച്ച കളി പുറത്തെടുത്തത്. നല്ല അവസരങ്ങൾ സൃഷ്ടിച്ചതും പന്ത് കൈയിൽവെച്ചതും ലെസ്റ്റർ സിറ്റി ആയിരുന്നു. കൗണ്ടറുകളിലൂടെ ലെസ്റ്റർ സിറ്റിയും പ്രത്യാക്രമണം നടത്താൻ ശ്രമിച്ചു. എന്നാൽ ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്നു നിന്നു.
63-ാം മിനിറ്റിലായിരുന്നു ലെസ്റ്റർ സിറ്റിയുടെ കിരീടം നിർണയിച്ച ഗോൾ പിറന്നത്. യൂറി ടൈലമൻസ് 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോൾവലയുടെ ടോപ് കോർണറിൽ പതിച്ചു. പിന്നീട് ചെൽസി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.
ഹവേർട്സിനേയും പുലിസിചിനേയും ജിറൗഡിനേയും ഇറക്കി ചെൽസി അറ്റാക്കിലേക്ക് തിരിഞ്ഞു. ഹവേർഡ്സിന്റെ ഹെഡ്ഡർ ലെസ്റ്റർ ഗോൾകീപ്പർ കാസ്പർ ഷിമൈക്കിൾ രക്ഷിച്ചെടുത്തു. 86-ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ ഷോട്ടും ഷിമൈക്കിൾ മനോഹരമായൊരു സേവിലൂടെ ഗോൾവലയിൽ നിന്ന് അകറ്റി. 90-ാം മിനിറ്റിൽ ചെൽസിയുടെ ഷോട്ട് വലയിലെത്തിയെങ്കിലും ഓഫ്സൈഡ് ആയിരുന്നു.
ഒടുവിൽ ലെസ്റ്റർ സിറ്റി കിരീടമുയർത്തി. 2016-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിന് ശേഷം ലെസ്റ്ററിന്റെ ആദ്യ കിരീടമാണിത്. അതേസമയം തുടർച്ചയായ രണ്ടാം തവണയാണ് ചെൽസി എഫ്എ കപ്പ് ഫൈനലിൽ തോൽക്കുന്നത്.
സ്പോർട്സ് ഡെസ്ക്