ന്യൂഡൽഹി: പുതിയതായി ചേരുന്നവർക്കായി ആധാർ കാർഡിലെ പോലെ പേരുകൾ ചേർക്കാൻ പ്രോൽസാഹിപ്പിച്ച് ഫേസ്‌ബുക്ക്.ഈ പുതിയ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിച്ചുവരികയാണെന്ന് ഫേസ്‌ബുക്ക് ്‌സഥിരീകരിച്ചു.സോഷ്യൽ നെറ്റ്‌വർക്കിൽ യഥാർഥ പേരുകൾ ചേർക്കാൻ ആളുകളെ പ്രോൽസാഹിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ചെറിയ ഒരു ജനസംഖ്യയിൽ മാത്രമാണ് ഇത് പരീക്ഷിക്കുന്നത്. എല്ലാ ഉപയോക്താക്കൽക്കും ഈ ഫീച്ചർ കാണാൻ കഴിയണമെന്നില്ല.ആധാർ അടിസ്ഥാനമാക്കിയുള്ള സൈനിംങ് അപ്പ് നിർബന്ധമാക്കിയിട്ടുമില്ല.

ഏതായാലും ഭാവിയിൽ ആധാർ കാർഡ് ഫേസ്‌ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന നൽകുന്നതാണ് പുതിയ നീക്കം. വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം.നിലവിൽ ഫേസ്‌ബുക്കിൽ ധാരാളം വ്യാജ അക്കൗണ്ടുകൾ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികൾ ഫേസ്‌ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു.

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്‌ബുക്ക് പുതിയ ഫീച്ചർ ആരംഭിക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം എളുപ്പത്തിൽ കണ്ടെത്തുന്നതിന് പുതിയ നീക്കം സഹായകമാകും എന്നാണ് ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം.

'ആധാർ കാർഡിലേത് പോലെ പേര് നൽകിയാൽ സുഹൃത്തുക്കൾക്ക് നിങ്ങളെ കണ്ടെത്താൻ സഹായമാവും' എന്ന സന്ദേശമാണ് ഫേസ്‌ബുക്ക് പേജിലുണ്ടാവുക.അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

വ്യാജഅക്കൗണ്ടുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണമെന്നാണ് ഫേസ് ബുക്ക് പറയുന്നത്. ഇന്റർനെറ്റിലൂടെ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന ആശങ്ക നിലനിൽക്കെ ഫേസ് ബുക്കിന്റെ നീക്കത്തിനെതിരായ വിമർശവും ഉയരുന്നുണ്ട്.