തിരുവനന്തപുരം: ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയോടെ ഏറെ വിമർശനം നേരിടുന്ന പാമ്പാടിയിലെ നെഹ്‌റു കോളേജിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തി നടി പാർവതി. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പാർവതി താൻ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോളേജിൽ എത്തിയപ്പോഴത്തെ അനുഭവങ്ങളാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

ഒരുപാട് കുട്ടികൾ പഠിച്ചിട്ടും ഭയംനിറഞ്ഞ അന്തരീക്ഷമാണ് അവിടെ തളംകെട്ടി നിന്നിരുന്നതെന്നും അത് തന്നെ അന്നുതന്നെ അസ്വസ്ഥമാക്കിയിരുന്നുവെന്നും പാർവതി പറയുന്നു. അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ പീഡിപ്പിക്കുന്ന പല കോളേജുകളിലേയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും മുറുകാമെന്നും കുട്ടികൾ പഠിച്ച് മടങ്ങിയെത്തുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ് ആകാതിരിക്കട്ടെയെന്നും നടി പറയുന്നു.

അന്നത്തെ ദിവസം ഷേവ് ചെയ്തില്ലെന്ന കാരണത്താൽ ഗേറ്റിന് പുറത്ത് കാവൽക്കാരൻ തടഞ്ഞുനിർത്തിയ കുട്ടിയെ നേരിൽ കാണാനിടയായ സന്ദർഭം ചൂണ്ടിക്കാട്ടിയാണ് പാർവതിയുടെ കുറിപ്പ്. സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് യാത്രയ്ക്കിടെയാണ് ഈ ദുരനുഭവം പാർവതി നേരിട്ട് കാണുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാജേഷ് നായർ സംവിധാനം ചെയ്ത 'സാൾട്ട് മാംഗോ ട്രീ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് പാലക്കാട് ലക്കിടിക്കുത്തുള്ള നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിംഗിൽ പോയത്. ബിജു മേനോനെ ഇന്റർവ്യൂ ചെയ്യുന്ന പ്രശസ്തമായ രംഗം അവിടെ വച്ചാണ് ചിത്രീകരിച്ചത്.
ആ ഷൂട്ടിംഗിന് പോയപ്പോൾ ഡ്രസ് മാറാനുള്ള റൂം കിട്ടുന്നത് വരെ പുറത്ത് കാറിൽ കാത്തിരുന സമയത്ത് എന്റെ കണ്ണിൽ പെട്ട ഒരു രംഗമുണ്ട്'.

ഒരു വിദ്യാർത്ഥി, 19 20 വയസ്സ് പ്രായം തോന്നിക്കും. ഗേറ്റിലെ സെക്യുരിറ്റി ഗാർഡിനോട് കെഞ്ചുകയാണ് അകത്തേക്ക് കയറ്റി വിടാ. അയാൾ നിഷ്‌കരുണം 'ഇല്ല' എന്ന് പറയുന്നു. ഞാൻ കാര്യമറിയാൻ അവരുടെ അടുത്തേക്ക് നടന്നു. കേട്ടതിതാണ് ....' ചേട്ടാ ചേട്ടാ പ്ലീസ് ചേട്ടാ.. ഞാൻ ഇന്നലെയും കൂടി താടി വടിച്ചതാണ്. ഇന്ന് അസൈന്മെന്റ് വച്ചില്ലെങ്കിൽ ഫൈൻ ഉണ്ട് പ്ലീസ് ചേട്ടാ പ്ലീസ്.' മുഖത്ത് താടി ഉണ്ടെങ്കിൽ കയറ്റി വിടാൻ നിവൃത്തിയില്ല എന്ന് അയാൾ . അവസാനം നിവർത്തിയില്ലാതെ കുറേ നേരം നിന്ന് ആ വിദ്യാർത്ഥി മടങ്ങി.

പിന്നീട് അദ്ധ്യാപകർ വിസിറ്റേഴ്‌സ് ബുക്കിൽ എഴുതാൻ പറഞ്ഞപ്പോൾ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തിലെ ബുക്കിൽ ഞാൻ എഴുതില്ല എന്ന് പറഞ്ഞു അല്ലെങ്കിൽ മേൽ വിവരിച്ചത് എഴുതാം എന്നും പറഞ്ഞു, 'അയ്യോ, അതു വേണ്ട എന്നായി അവർ ! അദ്ധ്യാപകന്റെ മുഖത്ത് താടി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ 'ഓരോ നിയമങ്ങൾ അല്ലേ' എന്നായിരുന്നു മറുപടി.
ഷൂട്ടിംഗിന് പോയ നെഹ്‌റു കോളജ്, ജിഷ്ണു പഠിച്ചിരുന്ന, വിവാദം നടക്കുന്ന അതേ കോളജ് മാനേജ്‌മെന്റിൻേറത് ആണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പാമ്പാടിയിൽ അല്ല,ലക്കിടിയിൽ ആണ് ആ കോളജ്.

ഒരു പാട് കുട്ടികൾ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാംപസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു... ഡിസിപ്ലിന്റെ പേരിൽ ശ്വാസം മുട്ടിക്കുന്ന പല കോളേജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും വീണ്ടും മുറുകാം. ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ !