തിരുവനന്തപുരം: കേരളത്തിൽ സമകാലീനമായി നടന്ന സംഭവങ്ങളിലും സ്ത്രീവിരുദ്ധ പരാമർശങ്ങളിലും സർക്കാരിനെതിരെ വിമർശനവുമായി എഴുത്ത്കാരി ഡോ.എസ് ശാരദക്കുട്ടി. ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റും, പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണവും, പി.സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ടിട്ടാണ് ശാരദക്കുട്ടി ഫെ്.‌സ്ബുക്ക് കുറിപ്പ്.

2019 ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കിൽ, ഒന്നോർക്കണം മതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകൾ ഇനി പറയരുത്. ആയിരം തേൻ തുള്ളികളുണ്ടാകാം അവകാശപ്പെടാൻ. പക്ഷേ അതിലേക്ക് ഒരു തുള്ളി വിഷം വീണാൽ മുഴുവൻ കമിഴ്‌ത്തിക്കളയേണ്ടി വരും. ഈ മൂന്നു തുള്ളി കൊടുംവിഷം നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കിക്കളയുമെന്നും ശാരദക്കുട്ടി പറയുന്നു.

നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കി കളയുന്ന മൂന്നു തുള്ളി കൊടുംവിഷമാണ് ബിഷപ്പ് ഫ്രാങ്കോ, പി.കെ.ശശി, പി.സി.ജോർജ്ജ് എന്നിവരെന്നും, അവരുടെയൊക്കെ വലിയ വോട്ടിനോളം വില എന്നെപ്പോലുള്ളവരുടെ ചെറിയ വോട്ടിനും അവകാശപ്പെട്ടതാണെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ബിഷപ്പ് ഫ്രാങ്കോ, പി.കെ.ശശി, പി.സി.ജോർജ്ജ് മൂന്നു പേരും ഫലത്തിൽ ചെയ്യുന്നത് ഒരേ കാര്യം. മൂന്നു പേരെയും ആ കസേരകളിൽ നിന്നിറക്കി വിടണം. ശിക്ഷിക്കണം. അതല്ലാതെ വെറുതെ മതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകൾ പറയരുത്.

2019 ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കിൽ, ഒന്നോർക്കണം. ആയിരം തേൻ തുള്ളികളുണ്ടാകാം അവകാശപ്പെടാൻ. പക്ഷേ അതിലേക്ക് ഒരു തുള്ളി വിഷം വീണാൽ മുഴുവൻ കമിഴ്‌ത്തിക്കളയേണ്ടി വരും. ഈ മൂന്നു തുള്ളി കൊടുംവിഷം നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കിക്കളയും. അവരുടെയൊക്കെ വലിയ വോട്ടിനോളം വില എന്നെപ്പോലുള്ളവരുടെ ചെറിയ വോട്ടിനും അവകാശപ്പെട്ടതാണ്. ഒരധികാരവും പദവിയുമില്ലാതെ, ഭാഷ മാത്രം കയ്യിലുള്ള ഒരാൾക്ക് ഇതിങ്ങനെ നിരന്തരം പറയാനേ കഴിയൂ