ബംഗളൂരു: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ വിശ്വാസ്യത നഷ്ടപ്പെട്ട ഫേസ്‌ബുക്കിന് വീണ്ടും മുട്ടൻ പണി കിട്ടി. സോഷ്യൽ മീഡിയ ഭീമന്റെ സുരക്ഷാ സംവിധാനം തകർത്ത ഹാക്കർമാർ അഞ്ചുകോടി ആളുകളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി. ഫെയസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെയും സിഇഒ. ഷെറിൽ സാൻഡ്‌ബെർഗിന്റെയും അക്കൗണ്ടുകളും ഹാക്കർമാർ സ്വന്തമാക്കിയവയിൽപ്പെടുന്നു. സൈറ്റിന്റെ 'വ്യൂ ആസ്' എന്ന ഓപ്ഷനാണ് ഹാക്കർമാർ ദുരുപയോഗം ചെയ്തതെന്ന് ഹാക്കിങ് വിവരം പുറത്തുവിട്ടുകൊണ്ട് ഫേസ്‌ബുക്ക് വ്യക്തമാക്കി.

ഈ ഓപ്ഷനിൽ പ്രവേശിച്ചതോടെ ഹാക്കർമാർക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ഇപ്പോൾ വ്യക്തമല്ല. അക്കൗണ്ട് ഉടമകളുടെ സ്വകാര്യ സന്ദേശങ്ങളിലേക്കും ഫോട്ടോകളിലേക്കും പോസ്റ്റുകളിലേക്കും പ്രവേശിക്കാൻ അവസരം ലഭിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാൽ, ഇങ്ങനെ സംഭവിച്ചതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് ഫേസ്‌ബുക്ക് അധികൃതർ പറഞ്ഞു. അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ ചോർത്തുകയായിരുന്നു ഹാക്കർമാരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

ചോർത്തപ്പെട്ട വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും ഫേസ്‌ബുക്കിന് വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേണത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഫേസ്‌ബുക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളുടെ പോലും പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് മാർക്ക് സുക്കർബർഗ് ഉറപ്പുപറയുന്നു. കൂടുതൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ, ഒമ്പതുകോടി അക്കൗണ്ടുകളോളം ഫേസ്‌ബുക്ക് ലോഗൗട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ ലോഗിൻ ചെയ്തുകിടന്ന നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ വീണ്ടും ലോഗിൻ ചെയ്യേണ്ടിവന്നാൽ, അത് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കാം. അങ്ങനെയുള്ളവർക്ക് ഫേസ്‌ബുക്ക് ആറക്ക സുരക്ഷാ കോഡ് ഇമെയിലൂടെ അയച്ചിട്ടുണ്ടാവും.. അതിൽ പറഞ്ഞിട്ടുള്ള വിവരങ്ങളിലൂടെ വീണ്ടും ലോഗിൻ ചെയ്താൽ മതി. ലോഗിൻ ചെയ്തുകഴിഞ്ഞാൽ മാ്ത്രമേ നിങ്ങളുടെ ന്യൂസ്ഫീഡിന് എന്തുസംഭവിച്ചുവെന്ന് കണ്ടെത്താനാകൂ. 'വ്യൂ ആസ്' എന്ന ഓപ്ഷൻ തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നും ഫെയ്്‌സ്ബുക്ക് അറയിച്ചിട്ടുണ്ട്.

അതിനിടെ, സുക്കർബർഗിന്റെ തന്നെ അക്കൗണ്ട് പൂട്ടിക്കുമെന്ന ഭീഷണിയുമായി ഹാക്കർമാർ രംഗത്തെത്തിയിട്ടുണ്ട്. എഫ്.ബി.യിലൂടെ നടത്തിയ തത്സമയ വീഡിയോയിലൂടെയാണ് തായ്‌വാനീസ് ഹാക്കർ ചാങ് ചി-യുന്നിന്റെ ഭീഷണി. ഇല്ലെങ്കിൽ തനിക്ക് പണം നൽകണമെന്നും ചാങ്-ചി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തന്റെ ആവശ്യം ഫെയസ്ബുക്ക് പരിഗണിക്കുമെന്ന് കരുതുന്നില്ലെന്നും ഞായറാഴ്ച സുക്കർബർഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് ഇയാളുടെ ഭീഷണി.