സാൻഫ്രാൻസിസ്‌കോ: ഫെയ്‌സ് ബുക്ക് നിങ്ങളോട് ഇനി സെൽഫി ആവശ്യപ്പെടാം. ഒരു റോബോർട്ട് അല്ല പ്രവർത്തിക്കുന്നതെന്ന് ഉറപ്പിക്കാനാണ് ഇത്. എന്നാൽ അതിന് അപ്പുറമൊരു ലക്ഷ്യം ഇതിനുണ്ട്. വ്യാജന്മാർ സോഷ്യൽ മീഡിയയിൽ എഫ് ബിയിലൂടെ കളിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫെയ്‌സ് ബുക്കിനെ സുതാര്യവൽക്കരിക്കാനുള്ള നിർണ്ണായക നീക്കം.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫേസ്‌ബുക്ക് ഉപയോക്താക്കളോട് ഇനി അവരുടെ ഫോട്ടോ ആവശ്യപ്പെട്ടേക്കും. ഇതുകൊടുക്കാത്ത പക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കും. അതായത് സെൽഫി കൊടുത്തില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ മുന്നോട്ട് പോക്ക് അസാധ്യമാകും. എല്ലാവരോടും അത് ആവശ്യപ്പെടില്ല. സംശയമുള്ളവരോട് മാത്രം. ഫെയ്‌സ് ബുക്കിലെ അനാവശ്യ ഇടപെടലുകൾക്ക് ഫെയ്ക് ഐഡി ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഉപയോക്താക്കളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രമാണ് അക്കൗണ്ടുകൾ ബോട്ടുകളല്ലെന്നും വ്യാജമല്ലെന്നും തിരിച്ചറിയുന്നതിനായി ഫേസ്‌ബുക്ക് ആവശ്യപ്പെടുക.

അക്കൗണ്ട് ഉടമകൾ മനുഷ്യരാണോ അതോ ബോട്ടുകളാണോ എന്നറിയാൻ 'കാപ്ച' പോലുള്ള ചലഞ്ച് റെസ്പോൺസ് ടെസ്റ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടും പരാതി തീരുന്നില്ല. ഫെയ്ക് ഐഡികളുപയോഗിച്ച് അസത്യ പ്രചരണവും തീവ്രവാദ ഇടപെടലും പോലും നടത്തുന്നവരുണ്ട്. ഇത്തരക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം. സെൽഫി കൊടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചാൽ പിന്നെ അതോടെ എഫ് ബി അക്കൗണ്ട് ക്ലോസാകും.

' നിങ്ങളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രം അപ്ലോഡ് ചെയ്യുക, അത് പരിശോധിച്ച ശേഷം ഞങ്ങളുടെ സെർവറുകളിൽ നിന്നും പൂർണമായും നീക്കം ചെയ്യപ്പെടും' എന്നാണ് ട്വിറ്ററിൽ പ്രചരിച്ച ഫേസ്‌ബുക്കിന്റെ ഐഡന്റിറ്റി ടെസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടിൽ ഉള്ളത്. ഇക്കാര്യം സ്ഥിരീകരിച്ച ഫേസ്‌ബുക്ക്. അക്കൗണ്ട് ഉണ്ടാക്കുക, ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുക പരസ്യങ്ങൾക്ക് പണമടയ്ക്കുക തുടങ്ങിയ വെബ്സൈറ്റിലെ വിവിധ മേഖലകളിലെ സംശയാസ്പദമായ ഇടപെടലുകൾ കണ്ടെത്തുന്നതിനും വേണ്ടിയാണെന്നും വ്യക്തമാക്കുന്നു.

ഫോട്ടോ ടെസ്റ്റ് ഇത്തരം ഐഡന്റിറ്റി ടെസ്റ്റുകളിൽ ഒന്നു മാത്രമാണെന്നും ഫേസ്‌ബുക്ക് അധികൃതർ പറഞ്ഞു. ഫോട്ടോ വെരിഫിക്കേഷൻ നടക്കുന്ന സമയത്ത് അക്കൗണ്ടുകൾ ലോക്ക് ചെയ്യപ്പെടും. എന്തെങ്കിലും കൃത്രിമത്വം കണ്ടെത്തുകയാണെങ്കിൽ ആ അക്കൗണ്ടുകൾ ഫേസ്‌ബുക്കിന്റെ നിയന്ത്രണത്തിലായിമാറും.