തിരുവനന്തപുരം: കുറച്ചു മാസങ്ങൾക്കു മുമ്പ് രാജ്യം ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണ് നെറ്റ് ന്യൂട്രാലിറ്റിയും ഇന്റർനെറ്റ് ഡോട്ട് ഓർഗുമൊക്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കാനെത്തിയപ്പോൾ ഇന്ത്യക്കു പിന്തുണയെന്ന വണ്ണം പ്രൊഫൈൽ പിക്ചർ ത്രിവർണമാക്കിയുള്ള മാർക്ക് സുക്കർബർഗിന്റെ പരീക്ഷണവും അധികമാരും മറന്നിരിക്കാനിടയില്ല.

ഇന്റർനെറ്റ് ഡോട്ട് ഓർഗ് അടിച്ചേൽപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണു സുക്കർബർഗിന്റെ നീക്കമെന്ന നിലയിൽ സോഷ്യൽ മീഡിയ ഇക്കാര്യം ഏറെ ചർച്ച ചെയ്തതാണ്. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി വാദങ്ങളാണ് ഉയർന്നതും.

ഇപ്പോഴിതാ, പഴയ ആ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സുക്കർബർഗ് വീണ്ടുമെത്തിയിരിക്കുകയാണ്. ഐ സപ്പോർട്ട് ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിന്റെ പേരിൽ ഇന്റർനെറ്റ് ഡോട്ട് ഓർഗിനു പിന്തുണ നേടാനുള്ള സുക്കർബർഗ് തന്ത്രം ഇപ്പോൾ ഫ്രീബേസിക്‌സിന്റെ രൂപത്തിലാണ് വന്നിരിക്കുന്നത്.

''നിങ്ങളുടെ കൂടുകാരൻ freebasics നെ സപ്പോർട്ട് ചെയ്യുന്നു ..നിങ്ങളും അറിയിക്കു'' എന്നതാണു പുതിയ തന്ത്രം. ഇത്തരമൊരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ വെറുതെ ഇരിക്കാൻ പറ്റുമോ? കൂട്ടുകാരൻ ചെയ്തില്ലേ, പിന്നെ ഞാനെങ്ങനെ ചെയ്യാതിരിക്കും എന്ന ചിന്തയാകും ആദ്യം പലരുടെയും മനസിൽ വരിക.

അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നു വായിക്കാൻ പോലും മെനക്കെടാതെ പലരും ഒരു ക്ലിക്ക് കൊടുക്കും. അതായത് ഫ്രീബേസിക്‌സിനു വേണ്ടി ട്രായിക്ക് സ്വന്തം മനഃസാക്ഷിയുടെ അംഗീകാരതോടെ ഒരു ശുപാർശക്കത്ത്!

'ഫ്രീ എന്നുകേട്ടാൽ ചാടിവീഴുന്ന ഇന്ത്യക്കാരന്റെ പ്രത്യേകിച്ചു മലയാളിയുടെ, എടുത്ത് ചാടുന്ന സ്വഭാവം മനസിലാക്കിയാകും സുക്കർ അണ്ണനും അംബാനി അളിയനും കൂടി ഫ്രീബേസിക്‌സ് എന്ന പേരിട്ടതെന്ന് തോന്നുന്നു'വെന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

സാംബിയ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ മാത്രം ഫേസ്‌ബുക്ക് ഈ സന്നദ്ധ സേവനം നടത്തുന്നത് സുക്കർ അണ്ണന്റെ വലിയ മനസ് എന്നാണെങ്കിൽ തെറ്റിയെന്നും സോഷ്യൽ മീഡിയ പറയുന്നു. ഹാർവാർഡിൽ പഠിക്കുമ്പോൾ തൊട്ട് ആശാൻ ഇതിലും വല്യ കളികൾ കളിച്ചാണ് ഇവടെ വരെ എത്തിയത്. അതുകൊണ്ട് നമ്മളാരും പുള്ളിയെ കച്ചവടം പഠിപ്പിക്കേണ്ട എന്നും സൈബർ ലോകം ഓർമിപ്പിക്കുന്നു.

ഇനി ഇതും പോരാഞ്ഞു ഇന്ത്യയിലെ പട്ടിണി പാവങ്ങളെ എല്ലാം ഇന്റർനെറ്റ് കുടിപ്പിച്ചു കിടത്തിയെ അടങ്ങു എന്നാണെങ്കിൽ ഇങ്ങേർക്ക് ഒരു പുതിയ ഇന്റർനെറ്റ് സർവീസ് പ്രോവൈഡർ ആയാൽ പോരെയെന്നും ചോദ്യമുയരുന്നു. അത് അർഹതപ്പെട്ടവർക്ക് എത്തിക്കാൻ ആണെങ്കിൽ നമുക്ക് ലോകത്തൊരിടത്തും ഇല്ലാത്ത സിസ്റ്റംസ് ഉണ്ടെന്നും സൈബർ ലോകം ഓർമിപ്പിക്കുന്നു.

ജനറൽ 100 എംബി, ഒബിസി 10 ജിബി, എസ്‌സി-എസ് ടി 20 ജിബി അൺ ലിമിറ്റഡ് എന്നൊക്കെ ആക്കിയാൽ പോരേ എന്നു പരിഹസിക്കുകയും ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയ.

നെറ്റ ന്യൂട്രാലിറ്റിയെ തകർക്കാനും സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഫേസ്‌ബുക്കിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധമുയർത്താനും സൈബർ ലോകം ആവശ്യപ്പെടുന്നുണ്ട്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ