ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഇനി മനോഹരമായ പ്രൊഫൈൽ ചിത്രം തേടി അലയേണ്ട. ആനിമേഷൻ വീഡിയോകൾ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ഥാനത്ത് ഉൾപ്പെടുത്താനുള്ള സംവിധാനം ഫേസ്‌ബുക്കില് നിലവിൽവന്നു. ലോകത്ത് ഏറ്റവും കൂടുതൽ തവണ സന്ദർശിക്കപ്പെടുന്ന ഇടമായി ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറിക്കഴിഞ്ഞു. ദിവസവും നാന്നൂറ് കോടിയിലേറെ തവണയാണ് ഉപഭോക്താക്കൾ പ്രൊഫൈൽ ചിത്രങ്ങളിലൂടെ കയറിയിറങ്ങുന്നത്.

ഫേസ്‌ബുക്കിൽ പ്രൊഫൈൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയത് 2004 മുതൽക്കാണ്. അതോടെ ലോകം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. പ്രൊഫൈൽ ചിത്രങ്ങൾ ആകർഷകവും മറ്റുള്ളവരുടെ മനസ്സിൽ തങ്ങിനിർത്തുന്നതും ആക്കുന്നതിനുള്ള ശ്രമങ്ങളിലായി ഏവരും. അതുകൊണ്ടാണ് കൂടുതൽ വ്യത്യസ്തമായ മാർഗങ്ങളിലേക്ക് അന്വേഷണം തിരിച്ചുവിടാൻ ഫേസ്‌ബുക്ക് അധികൃതരെയും പ്രേരിപ്പിച്ചത്.

ഫേസ്‌ബുക്കിലെ ന്യൂസ്ഫീഡിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോകൾ ഷൂട്ട്‌ചെയ്യുന്നതും പുതിയ പുതിയ ചിത്രങ്ങളെടുക്കുന്നതും ജീവിത ചര്യയുടെ ഭാഗമായി. ഇപ്പോഴിതാ പ്രൊഫൈൽ ചിത്രത്തിന് പകരം ചെറിയ വീഡിയോ ക്ലിപ്പുകൾ ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് വരുന്നത്. സെലിബ്രേറ്റ് പ്രൈഡ് ഫിൽറ്ററിന് ലഭിച്ച ജനസമ്മിതിയാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ ഫേസ്‌ബുക്കിനെ പ്രേരിപ്പിച്ചത്.

രണ്ടരക്കോടിയിലേറെപ്പേരാണ് സെലിബ്രേറ്റ് പ്രൈഡ് ഫിൽറ്റർ ഉപയോഗിച്ചത്. പിറന്നാളോ അവധിയോ ഈഘോഷിക്കുന്ന വേളയിൽ പുതിയ പ്രൊഫൈൽ ചിത്രത്തിൽനിന്ന് നേരത്തെയുണ്ടായിരുന്ന പ്രൊഫൈൽ ചിത്രത്തിലേക്ക് തനിയേ പോകുന്ന തരത്തിലുള്ള ആനിമേഷൻ സംവിധാനവും നിലവിൽ വരുന്നുണ്ട്. നിങ്ങളുടെ ഈ ദിവസമെന്തെന്ന് സുഹൃത്തുക്കളെ പ്രൊഫൈൽ ചിത്രത്തിലൂടെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമാകും ഇത്.