കൊച്ചി: ആർത്തവരക്തത്തിന്റെ പേരിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ പ്രതിഷേധിക്കാൻ സോഷ്യൽ മീഡിയാ വെബ്‌സൈറ്റുകളിൽ ആഹ്വാനം. കൊച്ചി കാക്കനാടുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ സ്വകാര്യ കൈയുറ നിർമ്മാണ കമ്പനിയിലെ വനിതാ ജീവനക്കാരെ നാല് ദിവസം മുമ്പ് നാപ്കിൻ പരിശോധന നടത്തിയ വിവാദമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

രക്തക്കറ പുരണ്ട അടിത്തുണി ആരുടേതെന്ന് കണ്ടെത്താൻ സ്ത്രീ ജീവനക്കാരുടെ തുണിയുരിഞ്ഞു പരിശോധിച്ച കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബർ പ്രൊഡക്ട്‌സിനെ വെറുതെ വിടരുതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആഹ്വാനം. അവിടെ ദിവസം രണ്ടിൽ കൂടുതൽ തവണ സ്ത്രീകളെ മൂത്രം ഒഴിക്കാൻ അനുവദിക്കുകയില്ല എന്നതടക്കമുള്ള വിലക്കുകൾ ശ്രദ്ധയിൽപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധം. തപാലിലൂടെ നാപ്കിൻ അസ്മയുടെ എംഡി മിസ്റ്റർ സി. വൈ. എ റഹീമിന് അയച്ചു കൊടുക്കണമെന്നാണ് ആഹ്വാനം. നാപ്കിനിൽ പ്രതിഷേധമെന്ന് രേഖപ്പെടുത്തി അയയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ആസ്മയിലോട്ട് അയച്ച നാപ്കിന്നിന്റെ ചിത്രങ്ങളും പലരും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

സെയിൽസ് ഗേൾസുമാരടക്കം കേരളത്തിൽ സ്ത്രീ ജീവനക്കാർ കടുത്ത പീഡനങ്ങൾ നേരിടുകയാണെന്ന സാഹചര്യം കൂടിക്കണക്കിലെടുത്താണ് ഇതെന്നും ഫെയ്‌സ് ബുക്ക് കൂട്ടായ്മകൾ വിശദീകരിക്കുന്നു. ഉപയോഗിച്ച നാപ്കിൻ ശൗചാലയത്തിൽ കണ്ടതിന് വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയെന്ന പരാതിയുമായി കാക്കനാട്ട് പ്രത്യേക സാമ്പത്തിക മേഖലയിലെ(സെപ്‌സ്) സ്വകാര്യ കൈയുറ കമ്പനിയിലെ സ്ത്രീകളാണ് പൊലീസിനെ സമീപിച്ചത്. ഇതിനെ തുടർന്ന് രണ്ട് സൂപ്പർവൈസർമാർക്കെതിരെ പൊലീസ് കേസെടുത്തു.

ശൗചാലയത്തിൽ ഉപയോഗിച്ച നാപ്കിൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതു ഉപയോഗിച്ച സ്ത്രീയെ തിരിച്ചറിയുന്നതിനായിരുന്നു പരിശോധന. വസ്ത്രം മാറുന്ന മുറിയിൽ വിളിച്ചുവരുത്തി 30ഓളം സ്ഥിരം ജീവനക്കാരെയും മറ്റ് കരാർ ജീവനക്കാരെയുമാണ് വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. സംഭവം വനിതാ, തൊഴിലാളി സംഘടനകൾ ഏറ്റെടുത്തതോടെ വിവാദമായി. പരാതി നൽകിയെങ്കിലും സ്ത്രീകളെ സ്ത്രീകൾ പരിശോധന നടത്തിയതിൽ കേസ് എടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷൻ അംഗം ഡോ ലിസി ജോസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ സംഭവത്തിൽ കേസെടുക്കുവാൻ ഉത്തരവ് നൽകുകയായിരുന്നു. സ്ത്രീകളുടെ മാനത്തിന് മുറിവേൽക്കും വിധം പരിശോധന നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ചൂഷണത്തിന്റെ ഉദാഹരണമാണ് ഇതെന്ന് തൊഴിലാളി യൂണിയനുകൾ അഭിപ്രായപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതിഷേധത്തിന് ആഹ്വാനമെത്തിയത്.

നേരത്തെ ശബരിമലയിലേക്കുള്ള ബസിൽ നിന്ന് ആർത്തവ പ്രശ്‌നമുയർത്തി വനിതാ മാദ്ധ്യമ പ്രവർത്തകയെ ഇറക്കി വിട്ട സംഭവം സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയായിരുന്നു പ്രതിഷേധം. അതിന്റെ രണ്ടാം ഘട്ട സമര പ്രഖ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കമ്പനി എംഡിക്ക് നാപ്കിനുകൾ അയച്ചു കൊടുക്കുന്നത്.