ന്യൂയോർക്ക്: സ്വവർഗ വിവാഹത്തിന് അനുമതി നൽകിയ അമേരിക്കൻ കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് മേധാവി സുക്കർബർഗ് അടക്കമുള്ള പ്രമുഖർ കോടതി വിധിയെ പിന്തുണച്ച് രംഗത്തെത്തി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും മഴവിൽ സൗന്ദര്യം ആഘോഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. വിധിയുടെ പശ്ചാത്തലത്തിൽ പ്രൊഫൈൽ പിക്ചർ മഴവിൽ അഴകിൽ ഒരുക്കാനുള്ള സംവിധാനവും ഫേസ്‌ബുക്ക് ഒരുക്കി. ഇതിലൂടെ മലയാളികൾ അടക്കം നിരവധി പേരാണ് റെയിൻബോ ആപ്പ് ഉപയോഗിച്ച് പ്രൊഫൈൽ പിക്ചർ മാറ്റിയത്.

വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സൈറ്റിന്റേ കവർ ഫോട്ടോയും ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈൽ പിക്ചറും മഴവിൽ തീമാക്കിയിട്ടുണ്ട്.സ്‌നേഹം വിജയിച്ചുവെന്ന് കുറിച്ചു കൊണ്ടാണ് പ്രസിഡന്റ് ബരാക്ക് ഒബാമ വൈറ്റ് ഹൗസിന്റെ ഫേസ്‌ബുക്ക് പേജിൽ വിധിയിലുള്ള സന്തോഷം പങ്കുവച്ചത്.

ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സി ഇഒ സത്യനാഥൊല്ല തുടങ്ങിയവരും വിധിയെ അനുകൂലിച്ച് പ്രൊഫൈൽ പിക്ചർ പുതുക്കിയിട്ടുണ്ട്. പ്രമുഖ ഹോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ വിധിയെ അനുകൂലിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇന്റർനാഷണൽ ചളു യൂണിയന്റെ പ്രൊഫൈൽ പിക്ചറുൾപ്പെടെ മലയാളി മാദ്ധ്യമങ്ങളും വിധിയെ അനുകൂലിച്ച് മഴവിൽ വർണങ്ങൾ വാരി വിതറിയിട്ടുണ്ട്.