ഫേസ്‌ബുക്കിൽ നമുക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകളുടെ നേർക്ക് ഇഷ്ടമല്ല എന്ന് സൂചിപ്പിക്കാൻ സഹായിക്കുന്ന ഡിസ്‌ലൈക്ക് ബട്ടണിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒടുവിൽ സഫലമാവുകയാണ്. ഡിസ്‌ലൈക്ക് ബട്ടൺ ഉൾപ്പെടുത്തുന്ന കാര്യം താൻ സജീവമായി പരിഗണിക്കുകയാണെന്ന് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. എന്നാൽ, ഡിസ്‌ലൈക്ക് എന്നാവില്ല ഈ ബട്ടണിന്റെ പേരെന്നും അതിനുള്ള ശരിയായ പേര് തിരയുകയാണെന്നു അദ്ദേഹം പറഞ്ഞു.

വെറുതെ അനിഷ്ടം കാണിക്കുക മാത്രമാകില്ല ഈ ബട്ടണിലൂടെ നിർവഹിക്കാനാവുക. പോസ്റ്റുകളോടുള്ള നമ്മുടെ വിവിധ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നതാകും ഈ ബട്ടൺ. ഉദാഹരണത്തിന്, മരണവാർത്തയോ അപകടവാർത്തയോ പോസ്റ്റ് ചെയ്യുമ്പോൾ, അതിന് യോജിച്ച തരത്തിലുള്ള ബട്ടൺ തിരഞ്ഞെടുക്കാനാകും.

അതുകൊണ്ടാണ് ഇതിനെ ഡിസ്‌ലൈക്ക് എന്ന് വിളിക്കാൻ സുക്കർബർഗിന് താത്പര്യമില്ലാത്തത്. പോസ്റ്റുകളോട് പോസിറ്റീവായി പ്രതികരിക്കുന്നതാവും ഈ ബട്ടണെന്നും അത്ഏതു രീതിയിൽ വേണമെന്ന കാര്യം പരിഗണിച്ചുവരികയാണെന്നും സുക്കർബർഗ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി ഇക്കാര്യം ഫേസ്‌ബുക്ക് വൃത്തങ്ങളിൽ സജീവമാണ്.

മരണവാർത്തയും ലൈക്ക് ചെയ്യേണ്ടിവരുന്ന പാവം ഉപഭോക്താക്കളെ രക്ഷിക്കണമെന്ന ആവശ്യം ഏറെക്കാലമായി സുക്കർബർഗിനും സഹജീവനക്കാർക്കും മുന്നിലുണ്ട്. ഇതിനിടെ, അനിഷ്ടം സൂചിപ്പിക്കുന്ന പലതരത്തിലുള്ള സ്റ്റിക്കറുകൾ മെസഞ്‌റിൽ ലഭ്യമായെങ്കിലും, ഫേസ്‌ബുക്കിൽ അതിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല.