എല്ലാ ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും ഒരു പാഠമാണ് ഈ ആസ്‌ട്രേലിയക്കാരിയായ യുവതിക്ക് സംഭവിച്ചത്. അടുത്ത തവണയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുമ്പോൾ സുഹൃത്തിനെ വിശദമായി മനസിലാക്കണമെന്ന് സന്ദേശവും ഇതിലൂടെ നൽകുന്നു.

ആസ്‌ട്രേലിയൻ സ്വദേശിനിയായ യുവതിക്ക് പറ്റിയ ചതി മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. പരിയചമില്ലാത്ത ഒരാളുടെ ഫേസ്‌ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിലൂടെയായിരുന്നു തുടക്കം. അതിലൂടെ നഷ്ടമായത് യുവതിയുടെ മൂന്നര കോടി രുപയും.

ഡോ ഫ്രാങ്ക് ഹാരിസൺ എന്ന അമേരിക്കക്കാരനായ അസ്ഥിരോഗ വിദഗ്ദനെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുമായി ഇയാൾ ചങ്ങാത്തത്തിലെത്തിയത്. ഇയാൾ ഒരോ ദിവസവും യുവതിയുമായി സംസാരിച്ച് കൂടുതൽ പരിചയത്തിലായി. ഡോ ഗാർത്ത് ഡേവിസ് എന്ന യഥാർഥ ഡോക്ടറിന്റെ ചിത്രമാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചത്. ഈ തട്ടിപ്പ് മനസിലാക്കാൻ യുവതിക്ക് സാധിച്ചതുമില്ല.

കഴിഞ്ഞ വർഷം നവംബർ ആദ്യത്തോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ബിസിനസ് ആവശ്യത്തിനായി താൻ ആസ്‌ട്രേലിയയിലേക്ക് പോവുകയാണെന്നും അതിന് മുമ്പായി കാണാൻ താൽപര്യമുണ്ടെന്നും ഈ വ്യാജ ഡോക്ടർ പറഞ്ഞു. എന്നാൽ അത് കഴിഞ്ഞ് കാണാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു.

എന്നാൽ കുറച്ച് ദിവസത്തിന് ശേഷം ഇയാൾ വീണ്ടും വിളിക്കുകയും താൻ ആസ്‌ട്രേലിയയിലേക്ക് പോകാനായി എയർപ്പോർട്ടിൽ നിൽക്കുകയാണെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ കൈയിൽ 15 ലക്ഷം ഡോളർ തുകയുണ്ടെന്നും, പരിധിയിൽ കൂടുതൽ കാശ് കൈവശം വെച്ചതിന് കസ്റ്റംസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു.

തനിക്ക് രക്ഷപെടണമെങ്കിൽ 3000 ഡോളർ തുക പിഴയായി കെട്ടിവെക്കണമെന്നും അങ്ങനെ ചെയ്താൽ മുഴുവൻ തുകയും ഒരുമിച്ച് ലഭിക്കുമെന്നും ഇയാൾ പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കാനായി ഇയാൾ കുറച്ച് നേരം കഴിഞ്ഞ് മറ്റൊരു യുവതിയെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഇതും കൂടെയായപ്പോൾ യുവതി തട്ടിപ്പിൽ വിണ് കഴിഞ്ഞിരുന്നു.

എന്നാൽ ഇവിടെ ഒന്നും തട്ടിപ്പ് അവസാനിച്ചില്ല. പിഴ അടയ്ക്കുന്നതിനും മറ്റ് കാരണങ്ങൾ പറഞ്ഞും ഇയാൾ നിരവധി തവണ യുവതിയുടെ കൈയിൽ നിന്നും പണം വാങ്ങിയിരുന്നു. ഇങ്ങനെ ആറ് മാസത്തിനിടയിലായി 33 തവണ യുവതി പല തവണയായി പണം കൈമാറി. ഇങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് മൂന്നര കോടിയോളം രുപ ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കി.

തട്ടിപ്പെന്ന് യുവതി മനസ്സിലാക്കിയപ്പോഴേക്കും ഇയാൾ പണവുമായി മുങ്ങിയിരുന്നു. ഇങ്ങനെ നിരവധി തട്ടിപ്പുകാർ സോഷ്യൽ മീഡിയയിൽ വല വിരിച്ച് കാത്തിരിക്കുന്നെന്നും അവർ തെരഞ്ഞെടുക്കുന്ന ഇരകളുടെ വികാരം മനസ്സിലാക്കി വിവിധ രീതിയിൽ തട്ടിപ്പ് നടത്തുന്നുമുണ്ട്. അത് മനസിലാക്കി ഉപയോക്താൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.