തിരുവനന്തപുരം: ദൈവമൊരു സത്യമാണോ.. അതോ മിഥ്യയാണോ? കാലങ്ങളായി ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇനിയും ഇതിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മലയാളം ഫേസ്‌ബുക്കിലെ രണ്ട് ഗ്രൂപ്പുകാർ തമ്മിൽ സംവാദം നടത്തുന്നത്. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പും ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പും തമ്മിൽ ഫേസ്‌ബുക്കിൽ ചർച്ചകൾ അതിശക്തമായി തന്നെ നടക്കാറുണ്ട്. ഈ ചർച്ചകളാണ് ഒരു തുറന്ന വേദിയിലെക്ക് എത്തിയത്.

ദൈവാസ്തിത്വം; ഇസ്ലാമിക, നാസ്തിക കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തിലാണ് റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പും സ്വതന്ത്ര ചിന്തകരെന്ന് വിശേഷിപ്പിക്കുന്ന ഫ്രീതിങ്കേഴ്‌സും തമ്മിൽ പരസ്പരം സംവദിച്ത്. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് ഹാളിലാണ് സംവാദം നടന്നത്. റൈറ്റ് തിങ്കേഴ്‌സിന് വേണ്ടി ആർടി ഇസ്ലാമിക് വിങ് പ്രതിനിധി നവാസ് ജാനെയും ഫ്രീ തിങ്കേഴ്‌സിന് വേണ്ടി രവിചന്ദ്രൻ സിയുമാണ് ചർച്ചയിൽ പങ്കെടുത്തു. ദൈവത്തിന്റെ അസ്തിത്വം, ജീവജാലങ്ങളുടെ ഉൽപത്തി തുടങ്ങിയവ സംബന്ധിച്ചാണ് ഇരു വിഭാഗവും സംവദിക്കുന്നത്. കൈരളി ചാനൽ അവതാരകൻ അജിംഷാദാണ് മോഡറേറ്റർ.

യഥാർത്ഥ ചിന്തകർ എന്ന പേരിലറിയപ്പെടുന്ന റൈറ്റ് തിങ്കേഴ്‌സിൽ തൊണ്ണൂറായിരത്തിലധികം അംഗങ്ങളുണ്ട്. ക്രിയാത്മക ചിന്തകൾക്ക് ഒരിടം എന്നാണ് ഗ്രൂപ്പ് സ്വയം വിശേഷിപ്പിക്കുന്നത്. യുക്തിവാദ ചിന്തകൾക്കും നിരീശ്വരവാദത്തിനും മുൻതൂക്കം നൽകുന്ന ഫ്രീ തിങ്കേഴ്‌സിലും കാൽ ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഇരു ഗ്രൂപ്പുകളും മലയാളികൾക്കിടയിലെ ശ്രദ്ധേയമായവാണ്. കിസ് ഓഫ് ലവ് അടക്കമുള്ള സമരങ്ങൾക്ക് പിന്തുണ നൽകിയത് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പാണ്.