വൈക്കം: മതംമാറ്റത്തെ ചൊല്ലി ഹൈക്കോടതി വിവാഹം അസാധുവാക്കിയതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം കഴിയുന്ന വൈക്കം സ്വദേശിയായ ഹാദിയയെ കാണാനാണ് ഫേസ്‌ബുക്ക് കൂട്ടായ്മയിൽ പെട്ട അഞ്ച് സ്ത്രീകൾ എത്തിയത്. ഇവരുടെ വിശദീകരണം ഇങ്ങനെയാണ്: 'പൂക്കളും, വർണക്കടലാസിൽ പൊതിഞ്ഞ സമ്മാനപ്പൊതികളും നൽകുകയായിരുന്നു ലക്ഷ്യം. ഞങ്ങൾ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്ന് പിതാവ് അശോകൻ പറഞ്ഞു.അതേസമയം, എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം എന്ന് ജനലിലൂടെ പറയുന്ന ഹാദിയയെയാണ് കണ്ടത്' പ്രതിഷേധത്തിൽ പങ്കെടുത്ത യുവതി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ഹാദിയയെ കാണണമെന്ന് പോലും ആവശ്യപ്പെട്ടില്ല. തങ്ങളുടെ സമ്മാനങ്ങൾ അവൾക്ക് നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.അല്ലാതെ തോക്കോ വെടിയുണ്ടകളോ മാരകായുധങ്ങളോ അല്ല..!! യാതൊരുവിധ പ്രകോപനവും സൃഷ്ടിക്കാതെ തീർത്തും സമാധാനപരമായി അഞ്ച് സ്ത്രീകൾ നടത്തിയ ഒരു സന്ദർശനത്തിന് പൊലീസ് ഇപ്പോൾ അവിടെ കൊണ്ടുചെന്നാക്കാൻ പോയ സ്ത്രീയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്‌തെന്നും ഇവർ പരാതിപ്പെടുന്നു.

ഹാദിയയ്‌ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കുക. അഞ്ച് സ്ത്രീകൾ ഹാദിയയക്ക് നൽകാൻ പുസ്തകങ്ങളും ചിത്രങ്ങളും സമ്മാനങ്ങളും ആയി സന്ദർശിക്കാൻ വൈക്കത്ത് നിൽക്കുകയാണ്. അവരെ കടത്തി വിടുന്നില്ല എന്നു മാത്രമല്ല, ഹാദിയ ജനലിൽ നിന്ന് 'എന്നെ രക്ഷിക്കൂ, ഇവരെന്നെ തല്ലുകയാണ്' എന്ന് വിളിച്ച് പറയുന്നു...!!
ഹാദിയയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധം ! എന്നിങ്ങനെയാണ് ഫേസ്‌ബുക്ക് ലൈവിൽ ഇഞ്ചിപ്പെണ്ണ് എന്ന യുവതി പറയുന്നത്.

അതേസമയം, ഹാദിയ കേസ് അന്വേഷണം സുപ്രീംകോടതി നിർദ്ദേശപ്രകാരം എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്. മതം മാറ്റത്തിനെതിരേ പെൺകുട്ടിയുടെ അച്ഛൻ കെ.എം. അശോകൻ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അതിനിടെ ഷഫിൻ ജഹാൻ എന്നയാളുമായി നടന്ന വിവാഹം മെയ്‌ 24ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെയാണ് ഷഹീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത് കോടതി ഇരുഭാഗത്തെയും വാദം കേട്ട ശേഷമാണ് കേസ് എൻഐഎക്ക് വിട്ടത്.