തിരുവനന്തപുരം: വയസ് 34 കഴിഞ്ഞിട്ടും വിവാഹം നടക്കാതിരുന്ന മഞ്ചേരിക്കാരൻ രഞ്ജിഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മലയാളം സോഷ്യൽ മീഡിയ ഏറെ ശ്രദ്ധിച്ചിരുന്നു. വധുവിനെ തേടിയായിരുന്നു യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്തായാലും ഫേസ്‌ബുക്ക് മാട്രിമോണയുടെ തുണ കൊണ്ട് ആ കല്ല്യാണം കഴിഞ്ഞു. വിവാഹം കഴിഞ്ഞതോടെ സുക്കർബർഗിന് സോഷ്യൽമീഡിയ സുഹൃത്തുകൾക്കും നന്ദി പറഞ്ഞ് യുവാവ്. മാസങ്ങൾക്കു മുമ്പ് ഫേസ്‌ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ രഞ്ജിഷിന്റെ വിവാഹം നടക്കാന് തുണച്ചത്.

രഞ്ജിഷിന്റെ വിവാഹ പരസ്യം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിരവധി ആലോചനകൾ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയരുന്നു. രഞ്ജിഷ് വിവാഹം ചെയ്തത് ഒരു അദ്ധ്യാപികയെയാണ്. ഇതര ജാതിയിൽ പെട്ട ആളാണെന്നും യുവാവ് പറഞ്ഞു. മഞ്ചേരിക്കാരനായ യുവാവിന്റെ ജീവിതസഖിയായത് ചേർത്തലക്കാരിയായ സരിഗമയാണ്.

രഞ്ജിഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നതായും യുവതി പറയുന്നു. ഒറ്റനോട്ടത്തിൽ ഒരു പ്രത്യേകത തോന്നി ആ യുവാവിനോട്. എന്റെ ഒരു സുഹൃത്തിനു വേണ്ടി ഞാൻ പോസ്റ്റ് അയച്ചുകൊടുത്തു. എന്നാൽ ജാതക പ്രകാരം അത് ചേർന്നില്ല. എങ്കിലും വിവാഹ ആലോചന മുന്നോട്ടു പോയി. പിന്നീട് രഞ്ജിഷിനെ തന്നെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ചേർത്തല എസ്എൻകോളജിൽ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്യുകയാണ് സരിഗമ. ഇനി മലപ്പുറത്ത് ജോലി നോക്കണമെന്നാണ് യുവതി പറയുന്നത്. ഏപ്രിൽ 18 ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കല്ല്യാണം നടന്നതിന് പിന്നാലെ രഞ്ജിഷ് മാധ്യമങ്ങൾക്കും ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനും നന്ദി പറഞ്ഞ് പോസ്റ്റിട്ടു.

മുമ്പ് വധുവിനെ തേടികൊണ്ട് രഞ്ജിഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കണം. എന്റെ നമ്പർ: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. FacebookMtarimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം.