ഫേസ്ബുക്കിൽ ഓരോരുത്തരും അവരവരുടേതായ ഇടം കണ്ടെത്താറുണ്ട്. ഫേസ്‌ബുക്കിലൂടെ വിവാഹ പരസ്യം നൽകി വിവാഹം കഴിക്കുന്നത് ഒരു ട്രെൻഡായി മാറുകയും ചെയ്തു. രഞ്ജിഷ് മഞ്ചേരി എന്ന യുവാവാണ് ഫേസ്‌ബുക്കിലൂടെ വിവാഹാഭ്യർത്ഥന നടത്തി ആദ്യമായി ഇത്തരത്തിൽ ഒരു മാറ്റത്തിന് കേരളത്തിൽ തുടക്കം കുറിച്ചത്.

വിവാഹാലോചനയിലൂടെ വൈറലായ രഞ്ജിഷിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. വിവാഹിതനാവുന്ന വാർത്തയും രഞ്ജിഷ് ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നു. പിന്നീട് നിരവധി പേർ ഫേസ്‌ബുക്ക് ഉത്തമ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള മാർഗമായി ഉപയോഗിച്ചെങ്കിലും രഞ്ജിത്തിന്റെ വിവാഹാലാചോനയ്ക്ക് ശേഷം മറ്റൊരാളുടേയും വിവാഹ പരസ്യം ഫേസ്‌ബുക്കിൽ വൈറലായിരിക്കുകയാണ്.

മലപ്പുറംകാരി ജ്യോതി എന്ന പെൺകുട്ടിയുടെ വിവാഹ പരസ്യമാണ് ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു പെൺകുട്ടി ഫേസ്‌ബുക്കിൽ വിവാഹ പരസ്യം നൽകുന്നെന്ന പ്രത്യേകതയുണ്ട്. ഇന്നലെയാണ് ജ്യോതി തന്റെ പ്രൊഫൈലിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. 'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക.ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാൻ ഫാഷൻ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരൻ മുബൈയിൽ സീനിയർ ആർട്ട് ഡയറക്ടർ ആണ് അനിയത്തി സിവിൽ എഞ്ചിനീയറിങ് പഠിക്കുന്നു. ഫേസ്‌ബുക്ക് മാട്രിമോണി എല്ലാവർക്കും ഉപകാരപ്പെടട്ടെ'. ജ്യോതി ഈ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ഫാഷൻ ഡിസൈനിങ് ബിരുദധാരിയായ ജ്യോതി രഞ്ജിഷിന്റെ പരസ്യം കണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് നിരവധി കോളുകൾ വരുന്നുണ്ടെന്ന് ജ്യോതി പറയുന്നു. എന്തായാലും ജയോതിയുടെ വിവാഹ പരസ്യം ഫേസ്‌ബുക്കിൽ ഹിറ്റായിരിക്കുകയാണ്.