തിരുവനന്തപുരം: 'കൊച്ചുസുന്ദരികൾ' എന്ന ഫേസ്‌ബുക്ക് പേജിനു പിന്നാലെ കുട്ടികളുടെ ചിത്രവും അശ്ലീല കമന്റുകളുമായി വീണ്ടും ഫേസ്‌ബുക്ക് പേജുകൾ സജീവം. ഓൺലൈൻ പെൺവാണിഭ റാക്കറ്റുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പ്രചാരത്തിലുണ്ടായിരുന്ന കൊച്ചുസുന്ദരികൾക്കെതിരെ നടപടി വന്നെങ്കിലും വീണ്ടും ഇത്തരം പേജുകൾ സജീവമായിരിക്കുകയാണ്.

ഓൺലൈൻ പെൺവാണിഭ റാക്കറ്റിൽ നിന്നുള്ള കണ്ണികളെ പിടികൂടിയതോടെ കൊച്ചുസുന്ദരികൾ എന്ന പേജ് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അതിനു ശേഷം 'കൊച്ചുവെടികൾ' എന്ന പേരിലുള്ള പേജാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്.

കൊച്ചുകുട്ടികളുടെയും സിനിമയിലെ ബാലതാരങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് അതിനു താഴെ അശ്ലീല കമന്റുകൾ പോസ്റ്റു ചെയ്താണ് ഈ പേജുകൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രതിഷേധ സ്വരവും ഉയർന്നിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങളാണ് പേജിൽ നിറയെ. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. പേജ് നീക്കം ചെയ്യണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു. സൈബർ പൊലീസിനും ഫേസ്‌ബുക്ക് ഉപയോക്താക്കൾ പരാതി നൽകിയിട്ടുണ്ട്. മുൻപ് ബ്ലോക്ക് ചെയ്തിരുന്ന പേജാണിതെന്നും വീണ്ടും ഇത് പ്രവർത്തനം സജീവമാക്കിയതാണെന്നുമാണു റിപ്പോർട്ട്.

'കൊച്ചു സുന്ദരികൾ' എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിന്റെ പിന്നിൽ പ്രവർത്തിച്ചവരെയുൾപ്പെടെ ഓൺലൈൻ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചുകുട്ടികളുടെ ചിത്രങ്ങളുൾപ്പെടുത്തിയ പുതിയ ഫേസ്‌ബുക്ക് പേജ് പ്രവർത്തനം സജീവമാക്കിയത്. കൊച്ചു സുന്ദരി എന്ന പേരിൽ മറ്റൊരു പേജും ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പെൺകുട്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് അപമാനിക്കുന്ന വിധത്തിലെ കമന്റുകളും പരാമർശങ്ങളും നടത്തുന്ന പേജുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവ റിപ്പോർട്ട് ചെയ്തു പൂട്ടിക്കണമെന്നും അഡ്‌മിന്മാർക്കെതിരേ നടപടിയെടുക്കണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ ആഹ്വാനമുയരുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുകയും സ്ത്രീത്വത്തെ ചെളിവാരിയെറിയുകയും ചെയ്യുന്ന ശ്രമങ്ങളാണ് ഇത്തരം പേജുകളിലുടെ നടക്കുന്നത്.

ഓൺലൈൻ പെൺവാണിഭക്കേസിന്റെ കാര്യത്തിലുള്ള ചൂടു കുറഞ്ഞു വന്നതോടെയാണ് ഇത്തരം പേജുകൾ വീണ്ടും സജീവമായത്. നവംബർ മാസത്തിന് മുൻപേയുള്ള ഈ പേജുകളിൽ കൊച്ചുകുട്ടികളുടെയും സിനിമാ താരങ്ങളുടെയും ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീലകമന്റുകളും ഫോട്ടോകൾക്ക് കീഴിൽ കാണാം. കൊച്ചി ഓൺലൈൻ ലൈംഗികവ്യാപാരക്കേസ് പ്രതികൾ ഇടപാടുകാരെ കണ്ടെത്താൻ ശ്രമിച്ചത് ഇത്തരം പേജുകളിലൂടെയായിരുന്നു.

അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിലും മതപുരോഹിതന്റെ ലൈംഗികചേഷ്ടകൾക്കെതിരെ പ്രതികരിച്ചവരുടെ പേജുകൾ പൂട്ടിക്കാൻ ആവേശം കാണിച്ചവർ ഇത്തരം പേജുകൾക്കെതിരെ മിണ്ടാതിരിക്കുകയാണെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നു.

കൊച്ചുവെടികൾ, പെൺതീട്ടം റസ്റ്റൊറന്റ് തുടങ്ങിയ പേരുകളിലാണ് പേജുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവംബർ അവസാനമാണ് കൊച്ചുവെടികൾ എന്ന പേജ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ലൈംഗികവ്യാപാരത്തിന് ഈ പേജ് ഉപയോഗിച്ചതായും പോസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. സ്വന്തം മൊബൈൽഫോൺ, വാട്‌സ് ആപ്പ് നമ്പരുകൾ നൽകിയാണ് ഈ പേജുകളിൽ ഇടപാടു നടക്കുന്നതെന്നും പോസ്റ്റുകളിൽനിന്നു വ്യക്തം.

പല സ്ത്രീകളുടെയും പെൺകുട്ടികളുടെയും അക്കൗണ്ടുകളിൽനിന്നു ചിത്രങ്ങൾ കോപ്പി ചെയ്തു പേസ്റ്റ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. പല പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങൾക്കു മോഡലാകുന്നവരുടെ ചിത്രങ്ങളും അതേപടി നൽകിയിട്ടുണ്ട്. സ്ത്രീകളെ അങ്ങേയറ്റം ശാരീരികമായും ലൈംഗികമായും അപമാനിക്കുന്ന വിധമാണ് പോസ്റ്റുകളും കമന്റുകളും. ഫേക്ക് ഐഡികളിൽനിന്നാണ് കമന്റുകൾ.

സ്ത്രീകളെ അപമാനിക്കുന്നവിധത്തിലുള്ള വാട്‌സ് ആപ് ഗ്രൂപ്പ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഒരു പേജിൽ പറയുന്നു. ഈ പോസ്റ്റിന് അമ്പതിലേറെപ്പേരാണ് സ്വന്തം നമ്പരുകൾ മറുപടിയായി ഇട്ടിരിക്കുന്നത്. നേരത്തേ, വെടിപ്പുര എന്ന പേരിൽ ഒരു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടായിരുന്നു.