തിരുവനന്തപുരം: ജീവനുള്ള ആനകളെ ഒഴിവാക്കി പകരം മുള കൊണ്ടോ കടലാസു കൊണ്ടോ നിർമ്മിച്ച ആനകളെ തൃശൂർ പൂരത്തിന് ഉപയോഗിക്കണം എന്ന് നിർദ്ദേശിച്ച ഹോളിവുഡ് നടി പമേല ആൻഡേഴ്‌സണ് മലയാളികളുടെ ഫേസ്‌ബുക്ക് തെറിപ്പൂരം.

പമേലയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് മലയാളത്തിൽ ഉൾപ്പെടെ കമന്റുകൾ നിറഞ്ഞത്. ചില വിരുതന്മാർ 'ആന' എന്ന് ഏറെ പ്രാവശ്യം എഴുതിയും ചിലർ ആനയുടെ ചിത്രം കമന്റു ചെയ്തുമാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

അതിശക്തമായ ആക്രമണമാണു മലയാളികൾ നടിയുടെ പേജിലെ പോസ്റ്റുകൾക്കു താഴെ കൂട്ടമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൂരത്തിനു 30 കൃത്രിമ ആനകളെ ഉപയോഗിച്ചാൽ അതിനുള്ള മുഴുവൻ ചെലവും വഹിക്കാമെന്നു പമേല ആൻഡേഴ്‌സൺ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അയച്ച കത്തിൽ വാഗ്ദാനം ചെയ്തിരുന്നു. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരി കൂടിയാണ് ഇവർ.

കേരളം പ്രധാന വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും, ചങ്ങലയിൽ പൂട്ടി ബലം പ്രയോഗിച്ചു പണിയെടുപ്പിക്കപ്പെടുന്ന ആനകൾ വിനോദ സഞ്ചാരികൾക്കു വേദനയാകുമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ പമേല ചൂണ്ടിക്കാട്ടുന്നു. 15 വർഷത്തിനിടെ ആനകൾ കാരണം കേരളത്തിൽ മരിച്ചത് 500 പേരാണ്. ഈ സാഹചര്യത്തിൽ ഒരു മാറ്റം വേണമെന്നതിനോടു താങ്കൾ യോജിക്കുമെന്നു കരുതുന്നു എന്നും ഇ മെയിൽ സന്ദേശത്തിൽ അവർ ചൂണ്ടിക്കാട്ടി.

ഇതെത്തുടർന്നാണ് ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ സൈബർ ആക്രമണം. ഇംഗ്ലീഷിലും മലയാളത്തിലും എന്താണ് ആനയെന്നും എന്താണു പൂരമെന്നും എന്താണ് കേരളത്തിന്റെ ഉത്സവ സംസ്‌കാരമെന്നുമൊക്കെ പമേലയെ പഠിപ്പിക്കുകയാണ് നിരവധി പേർ. പച്ചത്തെറി വിളിക്കുന്നവരും കൂട്ടത്തിലുണ്ട്.

'നിങ്ങ പോയി ആദ്യം ജുറാസിക് പാർക്കിൽ അടച്ചിട്ടിരിക്കുന്ന പാവം ദിനോസറുകളുടെ കാര്യത്തിൽ ഓരു തീരുമാനം ഉണ്ടാക്ക്. പിന്നെ ചേച്ചി പറഞ്ഞല്ലോ, കൃത്രിമ ആനകളെ സ്‌പോൺസർ ചെയ്യാമെന്ന്. സ്വന്തമായി ഇത്തിരി തുണി വാങ്ങാൻ വകയില്ലാത്ത ചേച്ചി എങ്ങനെ ഇത് നടപ്പിലാക്കും ??? സോളാർ കേസ് പോലെയാവുംട്ടാ !!! വെറുതെ വേലിമെ കെടക്കണ പാമ്പിനെ തൊടാൻ നിക്കണ്ട...' എന്നാണ് ഒരു വിരുതൻ കുറിച്ചിരിക്കുന്നത്.

'മുഖ്യമന്ത്രിക്കു സരിത അയച്ച കത്തിന്റെ പുകിൽ ഇതുവരെ തീർന്നിട്ടില്ല. അപ്പൊഴാ വേറൊരെണ്ണം. ഏത് ആനകളെ എഴുന്നെള്ളിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചോളാം. ചേച്ചി ആദ്യം വീട്ടിൽ കെട്ടിയിട്ടിരിക്കുന്ന പട്ടിയെ അഴിച്ചുവിട്' എന്നും കമന്റുണ്ട്. ഡ്യൂപ്പ് ആനകളെ വച്ച് പൂരം നടത്താൻ ഇത് അമേരിക്കൻ കെട്ടുകാഴ്ചയല്ലെന്നും തൃശൂർ ഗഡികളുടെ പൂരമാണെന്നും ഒരു പൂരപ്രേമി പമേലയെ ഓർമിപ്പിക്കുന്നു. നേരിട്ടു വന്നു പൂരം കണ്ടശേഷം അഭിപ്രായം പറയാനാണ് ഒരാൾ നിർദ്ദേശിച്ചത്. ഇത്തരത്തിൽ ആയിരക്കണക്കിന് കമന്റുകളാണ് പമേലയുടെ ഫേസ്‌ബുക്ക് പേജിൽ നിറയുന്നത്.

സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ ടെന്നീസ് താരം മറിയ ഷറപ്പോവ, മംഗൾയാനെ കളിയാക്കിയ ന്യൂയോർക്ക് ടൈംസ്, ഇന്ത്യയെ കളിയാക്കിയ മിച്ചൽ ജോൺസൺ, മമ്മൂട്ടിയെക്കാൾ മികച്ച നടൻ മകൻ ദുൽഖർ ആണെന്നു പറഞ്ഞ പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ തുടങ്ങിയവരുടെ ഫേസ്‌ബുക്ക് പേജുകളിലും മലയാളികൾ മുൻപു കടുത്ത ഭാഷയിൽ ആക്രമണം നടത്തിയിരുന്നു.

തൃശൂർ പൂരത്തിന് ആനകളെ ഉപയോഗിക്കുന്നതു തടഞ്ഞുകൊണ്ടുള്ള മൃഗക്ഷേമ ബോർഡിന്റെ നിർദ്ദേശത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും പൂരത്തിന്റെയും ആനകളുടെയും അന്തഃസത്ത ബഹുമാനിക്കാൻ കൃത്രിമ ആനകളെ ഉപയോഗിക്കാമെന്നുമാണു പമേല മുഖ്യമന്ത്രിയോടും ദേവസ്വം കമ്മിഷണറോടും കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ചെന്നൈയിൽ കുറച്ചു വർഷങ്ങളായി ഒരു മലയാളി സംഘടന ഓണാഘോഷത്തിന് ഇത്തരം ആനകളെയാണ് ഉപയോഗിക്കുന്നത്. മുളയിലും കടലാസിലും തീർത്ത ഈ കരിവീര രൂപങ്ങൾ കണ്ണിനു വിരുന്നേകുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം കേരളം സന്ദർശിക്കാനും തനിക്കു താത്പര്യമുണ്ടെന്നും പമേല ആൻഡേഴ്‌സൺ പറഞ്ഞിരുന്നു.