- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണ്; ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്'; തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട്: സർക്കാർ ഓഫീസുകളിലും ആശുപത്രികളിലുമടക്കം സാധാരണക്കാർ സേവന ദാതാക്കളായ ഉദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾക്ക് പരിധിയില്ല. ദാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പരസ്യമായ അപമാനിക്കലും നേരിട്ടാണ് പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സേവനങ്ങൾ ലഭിക്കാറുള്ളത്. ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പോലും സമാനമായ ദുരനുഭവങ്ങൾ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പോലും അർഹിക്കുന്ന പരിഗണന നൽകാതെയുള്ള സർക്കാർ ജീവനക്കാരുടെ മോശം പെരുമാറ്റം തുറന്നു പറയേണ്ടി വരുക എന്നത് കേരളത്തിലെ സർക്കാർ ഓഫീസുകൾ എത്രത്തോളം പരിതാപകരമാണ് എന്നതിന്റെ നേർസാക്ഷ്യമാണ്.
അർബുദ ബാധിതയായ യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയുകയാണ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന് എന്ന വരികളോടെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയുന്നത്.
തന്റെ വാർഡിലെ അർബുദം ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട ചാമപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് വേണ്ടി മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയത്.
ഓഫീസിൽ നേരിട്ടെത്താൻ ബുദ്ധിമുട്ട് ഉള്ളതിനാൽ ഡ്രൈവറുടെ കൈവശം പേപ്പറുകൾ കൊടുത്തുവിട്ടു. 3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഒരു എ ഫോർ ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.
എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിന്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയയ്ക്കാൻ ശ്രമിച്ചു. താൻ ഒരു സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല.
പേപ്പർ ലഭിക്കാത്തതല്ല പ്രശ്നം, മറിച്ച് 40 ശതമാനത്തിന്് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി എത്തുന്നത്. തനിക്ക് നേരിടേണ്ടി വന്നത് ഈ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കെ പി എം സലീം ചോദിക്കുന്നു.
'തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.ജനാധിപത്യത്തിന്റെ മധുരം പാവങ്ങൾക്ക് എന്നാണ് അനുഭവിക്കാൻ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല;കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല' കെ പി എം സലീം പറയുന്നു.
ഒരു ബണ്ടിൽ എ4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിന്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും, പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മറുപടി നൽകിയാണ് കെ പി എം സലീം അവിടെ നിന്നും മടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഞാൻ കെ പി എം സലീം
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എന്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രൈൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എന്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.നിർഭാഗ്യവശാൽ ഒരു A4 ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിന്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല.(എന്റെ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.
തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.ജനാധിപത്യത്തിന്റെ മധുരം പാവങ്ങൾക്ക് എന്നാണനുഭവിക്കാൻ കഴിയുക.
ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല;കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല.
ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിന്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.
ന്യൂസ് ഡെസ്ക്