- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; മലയാളി അദ്ധ്യാപികയെ ഖത്തറിലെ സ്കൂളിൽ നിന്നു പുറത്താക്കി
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ഖത്തറിലെ മലയാളി അദ്ധ്യാപികയെ പുറത്താക്കി. ഖത്തർ എംഇഎസ് ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക വി സി ബിജയെയാണ് പുറത്താക്കിയത്. വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവരിൽ നിന്ന് നിർബന്ധിച്ചു രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസ
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ഖത്തറിലെ മലയാളി അദ്ധ്യാപികയെ പുറത്താക്കി. ഖത്തർ എംഇഎസ് ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക വി സി ബിജയെയാണ് പുറത്താക്കിയത്.
വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവരിൽ നിന്ന് നിർബന്ധിച്ചു രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാരിക്കേച്ചർ താൻ ഡൗൺലോഡ് ചെയ്തശേഷം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണെന്നാണ് അദ്ധ്യാപിക സ്‌കൂൾ അധികൃതർക്ക് നൽകിയ വിശദീകരണം.
ഇതു തയ്യാറാക്കിയതു താനല്ലെന്നും പ്രധാനമന്ത്രിയെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ അല്ല അതു ചെയ്തതെന്നുമാണ് അദ്ധ്യാപിക സ്‌കൂൾ അധികൃതരോടു പറഞ്ഞത്. ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്ന് ബിജയെ മൂന്നു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീടാണ് രാജിവയ്‌പ്പിച്ചത്.
മോദിക്കെതിരായ പോസ്റ്റിനൊപ്പം സ്‌കൂളിന്റെ പേരും ലോഗോയും ഉപയോഗിച്ചതാണ് നടപടിയെടുക്കാൻ കാരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്‌കൂളിലേക്കു നിരവധി ഫോൺകോളുകൾ വന്നു. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് പറഞ്ഞു.
ദോഹയിലെ സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന അദ്ധ്യാപിക ഒരാഴ്ച മുമ്പാണ് ഫേസ്‌ബുക് വാളിൽ മോദിയെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിട്ടത്. ഫേസ്‌ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിയിൽ പരാതി ലഭിക്കുകയും ചെയ്തു. ഇ മെയിലിൽ വന്ന പരാതി എംബസി, സ്‌കൂളിന് ഫോർവേർഡ് ചെയ്യുകയായിരുന്നു. ഇതേതുടർന്നാണ് അദ്ധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. തുടർന്ന് അദ്ധ്യാപികയെ ജോലിയിൽ തിരികെ കയറാൻ മാനേജ്‌മെന്റ് അനുവദിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് ഇവരെ പുറത്താക്കാൻ സ്‌കൂൾ അധികൃതർക്കു മേൽ സമ്മർദം ഉണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് പുറത്താക്കിയതെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പോസ്റ്റായതിനാലും അദ്ധ്യാപികയുടെ ഫേസ്‌ബുക് അകൗണ്ടിൽ അവർ ജോലിചെയ്യുന്ന സ്‌കൂളിന്റെ പേരും ലോഗോയുമുള്ളതിനാലുമാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്നും മറ്റു സമ്മർദങ്ങളൊന്നും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
രാഷ്ട്രീയ വിമർശനം എന്ന രീതിയിൽ മാത്രമാണ് പോസ്റ്റ് ഷെയർ ചെയ്തതെന്നും തുടർന്ന് ഫേസ്‌ബുക്കിൽ ഭീഷണി കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയെന്നും പുറത്താക്കപ്പെട്ട അദ്ധ്യാപിക പറഞ്ഞു. ജോലി തെറിപ്പിക്കുമെന്നും ഖത്തറിൽ നിന്ന് നാടുകടത്തുമെന്നുമടക്കമുള്ള കമന്റുകളായിരുന്നു തനിക്കു ലഭിച്ചതെന്നും ഇവർ പറഞ്ഞു.