- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരുടേയും മാദ്ധ്യമങ്ങളുടേയും കൈയടി വാങ്ങി മുന്നേറിയ ഡിജിപി സെൻകുമാറിന് ജേക്കബ് തോമസ് വിഷയത്തിൽ കൈപൊള്ളി; ജേക്കബ് തോമസിനെ പരോക്ഷമായി വിമർശിച്ച പോസ്റ്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയായ ജേക്കബ് തോമസിന് മറുപടിയെന്നോണം അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടം (1968) ഡിജിപി: ടി.പി. സെൻകുമാർ ഔദ്യോഗിക ഫേസ്‌ബുക്കിലിട്ടത് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായി. സോഷ്യൽ മീഡിയിയലെ ജേക്കബ് തോമസ് ഫാൻസിന്റെ പൊങ്കാലയിടലായിരുന്നു പിന്നീട് കണ്ടത്. പരസ്യ പ്രസ്താവനയുടെ പേരിൽ ഉന്നത പൊ
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയായ ജേക്കബ് തോമസിന് മറുപടിയെന്നോണം അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടം (1968) ഡിജിപി: ടി.പി. സെൻകുമാർ ഔദ്യോഗിക ഫേസ്‌ബുക്കിലിട്ടത് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായി. സോഷ്യൽ മീഡിയിയലെ ജേക്കബ് തോമസ് ഫാൻസിന്റെ പൊങ്കാലയിടലായിരുന്നു പിന്നീട് കണ്ടത്. പരസ്യ പ്രസ്താവനയുടെ പേരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തമ്മിലെ പോരു മൂർച്ഛിക്കുന്ന പശ്ചാത്തലത്തിലെ പോസ്റ്റ് കേരളാ പൊലീസ് മേധാവിക്ക് എല്ലാ അർത്ഥത്തിലും തിരിച്ചടിയായി.
സ്റ്റേറ്റ് പൊലീസ് ചീഫ് എന്ന പേരിലെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇതു പോസ്റ്റ് ചെയ്തതിനു പിന്നാലെ പെരുമഴ പോലെ ഡിജിപി: ജേക്കബ് തോമസിനെ അനുകൂലിച്ചും സെൻകുമാറിനെ വിമർശിച്ചും പ്രതികരണങ്ങളായി. ഇതിലൂടെ ജേക്കബ് തോമസിനെ പരോക്ഷമായി വിമർശിക്കാനാണു സെൻകുമാർ ശ്രമിച്ചതെന്നായിരുന്നു വിമർശനത്തിലേറെയും. എന്നാൽ സെൻകുമാർ പോസ്റ്റുകൾക്കു മറുപടി നൽകിയിട്ടില്ല. ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നിലപാടുകളേയും പരിഹസിക്കുന്നു. കമന്റുകളിൽ ഏറെയും ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്നതാണ്.
സർവീസ് ചട്ടങ്ങളെക്കുറിച്ച് ബോധമില്ലാഞ്ഞിട്ടിയിരുന്നോ ചീഫ് സെക്രട്ടറി പത്രസമ്മേളനം വിളിച്ചു കൂട്ടി നാഷണൽ ഗെയിംസ് അഴിമതിയെക്കുറിച്ച് പ്രതികരിച്ചത്.പറയാനുള്ള കാര്യം പറയണമെന്ന് സത്യസന്ധനായ ഒരുദ്യോഗസ്ഥന് തോന്നിയൽ അത് പറയുകതന്നെ വേണം.സത്യം വിജയിച്ചു എന്നൊരുദ്യോഗസ്ഥൻ പറഞ്ഞത് കടുത്ത അപരാധമാണെന്ന് കണ്ടെത്തിയ ആ 'നീതി' ബോധത്തെ ഏത് വാക്കു കൊണ്ട് വിശേഷിപ്പിക്കണം എന്നറിയാതെ കേരള ജനത ഉഴറുകയാണ്.ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ എന്ന കവി വാക്യം മാത്രം ഓർമ്മിപ്പിക്കുന്നു...സർ....-എന്നാണ് സെൻകുമാറിന്റെ പൊസ്റ്റിനുള്ള ഒരു കമന്റ്.
ആൾ ഇന്ത്യ സർവീസ് റൂൾസ് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യമെന്ത്?അവരാണോ ലംഘനത്തിന് നടപടി എടുക്കേണ്ടത്? പിന്നെ എന്തിനാണ് ഇത് പ്രസിദ്ധീകരിച്ചത്? അപ്പോൾ ഒരുദ്ദേശം മാത്രമേ ഉള്ളൂ. ജേക്കബ് തോമസ് ചട്ട ലംഘനം നടത്തി എന്ന് പരോക്ഷമായി ജനങ്ങളെ അറിയിക്കുക. എത്ര മോശമായ പ്രവൃത്തി. നിങ്ങളുടെ സേനയിൽ നടക്കുന്ന ഈ അധികാരത്തിനു വേണ്ടിയുള്ള നാണം കേട്ട തമ്മിൽ തല്ലു എന്തിന് നാട്ടുകാരെ അറിയിച്ചു സ്വയം നാണം കെടണം? പല്ലിട കുത്തി മണപ്പിക്കുന്നു. കിടന്നിട്ടു മേലോട്ട് തുപ്പുന്നു.-എന്നും അഭിപ്രായം ഉയർന്നു. അതായത് സർക്കാർ അഴിമതി കാണിച്ചാൽ ഒന്നും മിണ്ടാതെ അതിനു കൂട്ടുനിന്ന് ഉള്ളപങ്ക് പറ്റുക, നടക്കട്ടെ, നല്ല ഓഫീസർമാർ ഇനിയും ഈ വഴി വരും. അന്നും സാറിവിടെതന്നെ കാണുമല്ലോ അല്ലെ ?-ഇതു മറ്റൊരു പ്രതികരണം.
നിലവിൽ സർക്കാരിൽനിന്നു രണ്ടു കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി നിൽക്കുന്ന വ്യക്തിയാണു പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയായ ജേക്കബ് തോമസ്. മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിലെ വിജിലൻസ് കോടതി വിധിയെ സ്വാഗതം ചെയ്തതിനും അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്നു മാറ്റിയപ്പോൾ നടത്തിയ പ്രതികരണത്തിനുമായിരുന്നു നോട്ടീസ്. എന്തടിസ്ഥാനത്തിലാണു നോട്ടീസ് അയച്ചതെന്നും താൻ തെറ്റുചെയ്തതിനു തെളിവെന്തെന്നും മറുപടി കത്തിലൂടെ ജേക്കബ് തോമസ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയോടു ചോദിച്ചിരുന്നു. അന്നു രാത്രി ഒൻപതിനാണ് അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടത്തിന്റെ ഉത്തരവ് സെൻകുമാർ പോസ്റ്റ് ചെയ്തത്. ഇതാണ് സാമൂഹിക മാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നത്.
സർക്കാർ നയത്തെയോ സർക്കാർ നടപടിയെയോ വിമർശിക്കാൻ പാടില്ല, കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന പരാമർശം അരുത്, കേന്ദ്ര സർക്കാരും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പരാമർശം അരുത് എന്നിവയാണ് ഉത്തരവിൽ പറയുന്നത്. താങ്കൾക്കില്ലാത്ത ഏതു ചട്ടമാണു ജേക്കബ് തോമസിനു ബാധകമാകുന്നത്, ജേക്കബ് തോമസ് ലംഘിച്ച ചട്ടമേത്, യൂണിഫോമിനു ജനം നൽകിയ വില ഇല്ലാതാക്കരുത്, കോടതിവിധി അംഗീകരിക്കുന്നതു ചട്ടലംഘനമാകുന്നത് എങ്ങനെ, അഴിമതി കണ്ടാൽ മിണ്ടരുതെന്ന് ഏതു സർവീസ് ചട്ടത്തിൽ പറയുന്നു എന്നിങ്ങനെയാണു മറുപടികളിൽ ഏറെയും. ചിലർ കോടതിവിധികൾ ഉദ്ധരിച്ചും ജേക്കബ് തോമസിനെ പിന്തുണച്ചു. അതേസമയം ചുരുക്കം ചിലർ ജേക്കബ് തോമസും ചട്ടം പാലിക്കാൻ ബാധ്യസ്ഥനാണെന്നു ചൂണ്ടിക്കാട്ടി.