മലപ്പുറം: വേങ്ങര മണ്ഡലത്തിലെ സീറ്റ് മോഹികൾക്കെതിരെ ഒളിയമ്പെയ്ത് എം.എസ്.എഫ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കറുത്ത അധ്യായം സമ്മാനിച്ചവരെ വേങ്ങരയിൽ മത്സരിപ്പിക്കരുതെന്ന് തുറന്നടിച്ചാണ് എംഎസ് എഫ് ദേശീയ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 11 ന് നടക്കാനിരിക്കുന്ന വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന ചർച്ച മുസ്ലിം ലീഗിൽ സജീവമായിരിക്കെയാണ് എം.എസ്.എഫ് നേതാവ് എൻ.എ കരീം ഫേസ്‌ബുക്കിലൂടെ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ, പാർട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ ഇനിയും മത്സരിപ്പിക്കരുതെന്നാണ് എംഎസ്എഫ് ദേശീയ സെക്രട്ടറി എൻഎ കരീം പറഞ്ഞു വെക്കുന്നത്. വോട്ടർമാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തിൽ മത്സരിച്ചിട്ടും വിജയിക്കാനാകാത്തവരെ വീണ്ടും മത്സരിപ്പിക്കരുതെന്നും കരീം ഫേസ്‌ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. വോട്ടർമാരിലും പാർട്ടി പ്രവർത്തകരിലും ശതമാനക്കണക്കിൽ കൂടുതലുള്ള യുവജന-വിദ്യാർത്ഥി പ്രതിനിധികളിൽ ഒരാൾ നിയമസഭയിൽ ഉണ്ടാകുന്നത് ലീഗ് പുതിയ കാലത്തോട് ചെയ്യുന്ന മികച്ച സംവേദനമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

കെ.പി.എ മജീദ്, പി.കെ ഫിറോസ്, കെ.എൻ.എ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, യു.സി രാമൻ തുടങ്ങിയ പേരുകളാണ് വേങ്ങരയിലേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ. പ്രവാസി സംഘടനയായ കെ.എം.സി.സിയും പ്രദേശിക വാദമുയർത്തി മണ്ഡലത്തിലെ നേതാക്കളും സ്ഥാനാർത്ഥിത്വത്തിനായി പിടിമുറുക്കുന്നുണ്ട്. വേങ്ങരയിൽ ആരെ മത്സരിപ്പിക്കണമെന്ന് നേതാക്കൾക്കിടയിൽ ചർച്ച ശക്തമാകുമ്പോഴാണ് യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെയാണ് വേങ്ങരയിൽ ലീഗ് മത്സര രംഗത്ത് ഇറക്കാൻ ഉദ്ദേശിക്കുന്നതെന്ന വാർത്തകൾക്കിടെയാണ് കരീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 2004ൽ ലീഗിന്റെ ഉറച്ച സീറ്റായിരുന്ന മഞ്ചേരി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചിട്ടും പരാജയപ്പെട്ട മജീദിനെതിരെ ലീഗിനകത്ത് എതിർവികാരം ഉയരുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ പോസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു. കെ.പി.എ മജീദിനെ വേങ്ങരയിലിറക്കിയാൽ കൂടുതൽ പൊട്ടിത്തെറ്റിക്കുള്ള സാധ്യതയും ഇതോടെ ഏറിയിരിക്കുകയാണ്. 18എംഎ‍ൽഎ മാരിൽ ഒരു യുവാവിനെങ്കിലും അവസരം നൽകണമെന്നാണ് കരീം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

അതേസമയം, ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല താൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതെന്നും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ചെയ്തതതെന്നും എൻ എ കരീം പറഞ്ഞു. പാർട്ടി വേദികളിൽ നിരന്തരം പങ്കുവെക്കുന്ന അഭിപ്രായമാണ് ഫേസ്‌ബുക്കിലും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രണ്ട് മണിയോടെയാണ് കരീം പോസ്റ്റിട്ടത്. പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും കരീമിന്റെ അഭിപ്രായത്തിന് പാർട്ടിക്കുള്ളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.