തിരുവനന്തപുരം: പട്ടാളത്തിൽ പോകുന്നത് നാൽപ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞവർക്ക് മറുപടി നൽകി മലയാളിയായ ജവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ് പട്ടാളക്കാരനായ സജിത് വാസുദേവൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലായത് .

നാൽപ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങൾ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാൻ പരലരും തയാറാകില്ലെന്ന് സജിത് പറയുന്നു. ഒരു രാത്രി കിടക്ക പങ്കിട്ടാൽ നാൽപ്പതിനായിരത്തിൽ കൂടുതൽ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളൂ... നിങ്ങളുടെ അഭിപ്രായത്തിൽ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കിൽ ശമ്പളം ഇല്ലാതെ ഞങ്ങൾ സേവിക്കാൻ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്.. അവരേ നോക്കേണ്ട ചുമതല നിങ്ങൾ ഏറ്റെടുക്കണം.സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താൻ നടക്കുന്നവരെ.... പറയാൻ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തിൽ കുറച്ചു രാജ്യസ്‌നേഹവും. സജിത് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണമായി താഴെ വായിക്കാം:

'ഞാൻ ഈ വെള്ളം കുടിക്കില്ല....ഇതിന് ബ്ലീച്ചിങ് പൗഡറിന്റെ ചുവയുണ്ട്..
സർ ഞാൻ ഒന്ന് പുറത്തു പൊയ്‌ക്കോട്ടെ എനിക്ക് ഒരു മിനറൽ വാട്ടർ വാങ്ങണം... എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല....' അയാൾ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാൻ പറഞ്ഞു..

എന്റെ ആദ്യ റിക്രൂട്ട്‌മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്‌നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാർത്ഥമായ ഇഷ്ടവും കൂടി ആയപ്പോൾ പട്ടാളക്കാരനാകാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആർമി സിനിമകൾ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തിൽ ആ സിനിമയിലെ ഹീറോയെ പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്...

ആദ്യ റിക്രൂട്ട്‌മെന്റിൽ തന്നേ ആ ആഗ്രഹം പൂർത്തീകരിച്ചു.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ വീട് വിട്ടത്...പത്തൊൻപത് വയസ്സാണ് അന്നെനിക്ക്...ഒരുപാട് സന്തോഷത്തോടെയാണ് പോയത്..

വീട്ടിൽ അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങൾക്ക് രുചി പിടിക്കാത്തവരാണ് നമ്മളിൽ പലരും ..അങ്ങനെയുള്ള ഒരാൾക്ക് ഒരിക്കലും പട്ടാളക്യാമ്പിലെ ഭക്ഷണം പിടിക്കില്ല.. ദാൽ ഫ്രൈ ആണ് എന്നും.. അമ്മ രണ്ടു ദിവസം സാമ്പാർ വച്ചാൽ പറയുമായിരുന്നു 'എന്നും ഈ സാമ്പാർ മാത്രമേ ഉള്ളു..വേറൊന്നും വയ്ക്കില്ലേ.. എനിക്ക് ഇന്ന് ചോറ് വേണ്ട...എന്നൊക്കെ.. 'അന്ന് പിന്നേ ഭക്ഷണം കഴിക്കില്ല... അത് നമ്മളുടെ ഒരു വാശി ആണ്..

ആദ്യമൊക്കെ ക്യാമ്പിലെ ഭക്ഷണം കഴിക്കാതെ തള്ളി നീക്കി.. കുറേ നാളെടുത്തു ശരിയാകാൻ... ട്രൈയിനിങ് ജമ്മു കാശ്മീരിൽ ആയിരുന്നു.... ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ ടൈഫോയ്ഡ് പിടിച്ചു.. ആറ് ദിവസമേ ഹോസ്പിറ്റൽ ചികിത്സയിൽ കഴിഞ്ഞുള്ളു... അതിൽ കൂടുതൽ ആയാൽ ട്രെയിനിങ് ചെയ്യാൻ കഴിയില്ല.. അങ്ങനെ ഏഴാം ദിവസം മുതൽ ഞാനും പോയി ട്രെയിനിങ് ഗ്രൗണ്ടിൽ... അത്യാവശ്യം നല്ല ഫിസിക്കൽ ഉണ്ടായിരുന്നെങ്കിലും എനിക്ക് 5 km റണ്ണിങ് ഒക്കെ ബാലികേറാമല ആയി..ഒരു വശത്തു ട്രെയിനിങ് ബുദ്ധിമുട്ടുകൾ.. കൂടെ ചേച്ചിയുടെ കല്യാണം..
കല്യാണം ഒരു ഞായറാഴ്‌ച്ചയായിരുന്നു.. വീട്ടിൽ പോകാൻ കഴിയില്ല.. തലേ ദിവസം വിളിച്ചപ്പോൾ അമ്മ കരയുന്നത് കേട്ടതാണ്.....വീട്ടിൽ വിളിക്കണമെന്ന് പലവട്ടം തോന്നിയെങ്കിലും.. വിളിച്ചില്ല... ഒരു നല്ല ദിവസമായി കരയിക്കേണ്ടല്ലോ... ഉച്ചക്ക് ഉണ്ണാൻ ചോറ് എടുത്തെങ്കിലും കഴിക്കാൻ കഴിഞ്ഞില്ല... അന്ന് വൈകുന്നേരം വീട്ടിൽ വിളിച്ചു.. സംസാരം കരച്ചിലിന്റെ വക്കിൽ എത്തും എന്ന് കണ്ടപ്പോൾ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു...

അങ്ങനെ ട്രെയിനിങ് കഴിഞ്ഞു ... ആദ്യ പോസ്റ്റിങ് ചത്തീസ്ഗഡിലെ ബിജാപ്പൂർ എന്ന ജില്ലയിൽ.. പോസ്റ്റിങ് ആയി പോകുമ്പോൾ അവിടെ ഉള്ളവർ എല്ലാം ഞങ്ങളെ ഇനി കാണുമോ ആവോ എന്ന രീതിയിൽ ആണ് നോക്കിയത്.. ഇടയ്ക്കിടക്ക് ബിജാപുരിൽ നടക്കുന്ന ഏറ്റുമുട്ടലുകളിൽ മരിച്ചുവീഴുന്ന ജവാന്മാരുടെ ശവശരീരങ്ങൾ അവിടെയാണ് വരുക.. നാട്ടിൽ ഒരു നെറ്റ് വർക്ക് പ്രോവൈടർ ശരിയല്ലെങ്കിൽ അന്ന് തന്നെ വേറേ പ്രോവൈടറിലേക്ക് മാറുന്ന നമുക്ക് അറിയുമോ ബി എസ് എൻ എൽ ഒഴികേ ഒരു നെറ്റ് വർക്കും കിട്ടാത്ത സ്ഥലങ്ങളെക്കുറിച്ച്.. ഒരു ജില്ലയുടെ മൂന്ന് കിലോ മീറ്റർ വിസ്തീര്ണത്തിൽ മാത്രമേ അതും ലഭിക്കുള്ളുവെങ്കിലോ.... രണ്ടാഴ്ച കൂടുമ്പോൾ മൂന്നും നാലും ദിവസം നെറ്റ് വർക്ക് കാണില്ല.. ഒരു കേരളീയൻ ആയ എനിക്ക് ഇതെല്ലാം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..

ബിജാപ്പുർ ജില്ലയിൽ നിന്നും മൂന്നു കിലോ മീറ്റർ മുതൽ നെറ്റ് വർക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു.. എങ്കിലും അറുപത് എഴുപത് കിലോ മീറ്റർ വരേ ഓരോ ബെറ്റാലിയന്റെയും കമ്പനികൾ ഉണ്ട്.. . ഒരു കമ്പനിയിൽ ആകെ ഉള്ളത് ഒരു ഉടആഠ(അതിന്റെ നെറ്റ് വർക്കും പോകാറുണ്ട്) ഫോണാണ് അതിൽ തന്നെ ഓഫീസ് ആവശ്യങ്ങളും നടക്കണം.. നൂറ്റിമുപ്പത്തഞ്ചു പേരടങ്ങുന്ന ഒരു കമ്പനിയിൽ ലീവിനുപോയവരെയും പുറത്തു ഡ്യൂട്ടിക്ക് പോയവരേയും ഒഴിച്ചാൽ എൺപത് പേര് കാണും കുറഞ്ഞത്.... ഫോൺ വിളിക്കാൻ ക്യുവിൽ നിന്നാൽ തന്നെ നമ്പർ ആകുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്ക് പോകേണ്ട സമയമാകും... ആഴ്‌ച്ചയിൽ ഒരിക്കൽ വീട്ടിൽ വിളിച്ചു വിശേഷം അറിയാൻ കഴിഞ്ഞാൽ ഭാഗ്യം.. ഇനി വീട്ടിൽ എന്തെങ്കിലും അത്യാവശ്യമായി ലീവിന് പോകണമെങ്കിലോ... അറിഞ്ഞ ഉടനേ അറുപത് കിലോമീറ്റർ ചാടി കയറി വരാൻ കഴിയില്ല.. റോഡിൽ എവിടെയാണ് മൈൻ ഉള്ളതെന്ന് അറിയില്ല.. ഈ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മൈൻ പൊട്ടിയാണ് മരിക്കാറുള്ളത്.. അതുകൊണ്ട് തന്നേ ഈ പറഞ്ഞ അറുപത് കിലോമീറ്റർ വരെ ആളുകളെ വിന്യസിപ്പിച്ചു(ROP) മാത്രമേ ഒരു മൂവ്‌മെന്റ് ഉണ്ടാകുള്ളൂ...

കാലത്തു പുറപ്പെട്ട് ബിജാപ്പൂർ എത്തിയാലും ഉച്ച കഴിഞ്ഞാൽ അവിടെ നിന്നും ലീവിനു വിടുകയുമില്ല.. പത്തുപേർ അടങ്ങുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ മാത്രമേ വിടുള്ളു.. ഒരാളെ ഒറ്റക്ക് വിടില്ല.. എത്ര അത്യാവശ്യം ആയാലും മൂന്നോ നാലോ ദിവസം എടുക്കും വീട്ടിൽ എത്താൻ..

ഇനി ഡ്യൂട്ടി.. ഇരുപത് മുപ്പത് നാല്പത് എൺപത്.... അല്ല നൂറ്റെൺപത് കിലോ മീറ്റർ വരെ നടന്നിട്ടുണ്ട്.. ഒന്നും രണ്ടും മൂന്നും അല്ല ..ഏഴു ദിവസം വരേ കാട്ടിൽ കഴിഞ്ഞിട്ടുണ്ട്.. ഈ നടക്കുന്നത് കയ്യും വീശിയല്ല റൈഫിളും ഭക്ഷണവും വെള്ളവും എല്ലാം ചുമന്നാണ് ... വെള്ളവും ഭക്ഷണവും കുറയ്ക്കാം പക്ഷേ റൈഫിളും അതിന്റെ അമിനേഷനും കുറയ്ക്കാൻ കഴിയില്ല.. കട്ടിലിൽ കിടക്കാതെ.. പുതപ്പില്ലാതെ ...ഉറങ്ങാത്ത എനിക്ക് മണ്ണിൽ പോളിത്തീൻ ഷീറ്റ് വിരിച്ചു ഉറങ്ങിയാലും നല്ല ഉറക്കം വന്നു തുടങ്ങി... തണുപ്പ് കൂടിയാൽ ചുരുണ്ടുകൂടി എട്ട് പോലെ കിടക്കും.. കുറച്ചൊരാശ്വാസം കിട്ടുമല്ലോ.. റിക്രൂട്ട്മെന്റിന് പോയപ്പോൾ മിനറൽ വാട്ടറില്ലാതെ വെള്ളം കുടിക്കില്ല എന്ന് പറഞ്ഞ എനിക്ക് നെല്ല് വിളയുന്ന പാടത്തു കെട്ടിക്കിടക്കുന്ന വെള്ളവും ഇഷ്ടമാകാൻ തുടങ്ങി(ഇതിന്റെ കൂടെ ചേർത്തിട്ടുള്ള ഫോട്ടോ നോക്കിയാൽ മതി)... രണ്ടു മൂന്നു ദിവസം പഴകിയ റൊട്ടിക്ക് ചിക്കൻ ചില്ലിയും പൊറാട്ടയും കഴിക്കുമ്പോൾ കിട്ടുന്ന രുചിയേക്കാളും കൂടുതൽ രുചി തോന്നാൻ തുടങ്ങി.. വെടിയൊച്ചകളും രക്തത്തിന്റെ മണവും പരിചിതമായി... ഇന്നലെ കണ്ടവരെ ഇന്ന് കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്... മുന്നിൽ വെറും കൈയകലത്തിൽ മരണം വന്നു നിന്നിട്ടുണ്ട്.. ഒന്നല്ല പല തവണ... തോറ്റു കൊടുക്കാൻ മനസ്സിലായിരുന്നു.. അത് ഒരു വാശിയാണ്.. ധൈര്യമാണ്..നാട്ടിൽ അടിയും പിടിയും നടത്തുന്ന ഒരുത്തനോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി കുത്താനും കൊല്ലാനും പോകുന്നവനോ കിട്ടുന്ന ധൈര്യമല്ല.. സ്വന്തം രാജ്യത്തിനു വേണ്ടിയാണ് പൊരുതുന്നതെന്ന ധൈര്യം... എന്നും എന്റെ പുഞ്ചിരിക്കുന്ന മുഖം കാണാനും എന്നെ കാത്തിരിക്കാനും വീട്ടിൽ ഒത്തിരി പേരും കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ട്..ചലനമറ്റ എന്റെ ശരീരത്തിൽ നോക്കി വാവിട്ടുകരയേണ്ട അവസ്ഥയിൽ അവരെ എത്തിക്കരുത് എന്ന ബോധം തരുന്ന ധൈര്യം ...

ഈ ബുദ്ധിമുട്ടുകൾ ഒന്നും പോരാതെ അഞ്ചു വർഷത്തിൽ നാല് തവണ മലേറിയ വന്നു... ഒരു തവണ മലേറിയ വന്നാൽ എല്ലാം കൂടി പന്ത്രണ്ട് ഇഞ്ചക്ഷൻ ശരീത്തിൽ കയറും.. ആറ് ദിവസം റെസ്റ്റും.. അത് കഴിഞ്ഞാൽ പിന്നെയും ഡ്യൂട്ടി തന്നെയാണ്... മാസത്തിൽ ചിലപ്പോൾ ഇരുപത് ദിവസം വരെ കാട്ടിലാകും..ഡ്യൂട്ടി കഴിഞ്ഞു വന്നാൽ കാലിൽ ലേശം പോലും തോലി കാണില്ല ..നനഞ്ഞ ഷൂവിലേക്ക് മണൽത്തരികൾ കയറി ഉരഞ്ഞു തൊലി എല്ലാം അഴുകി പോയിട്ടുണ്ടാകും...
ആദ്യം എല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു പിന്നീട് അതൊക്കെ ശീലമായി.. എന്റെ നെഞ്ചോട് ചേർന്നുകിടക്കുന്ന മെഡലുകൾ ആരും വെറുതെ തന്നതല്ല ..കഷ്ടപ്പാടിന്റെ... അധ്വാനത്തിന്റെ ഫലമാണ്.. ഞാൻ അതിൽ അഭിമാനിക്കുന്നു..

ഒരുപാട് ഇന്നേവരെ ഒരാളോടും പരാതി പറഞ്ഞിട്ടില്ല.. ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല... സുഖമാണ് എന്ന് മാത്രമേ ആരോടും പറഞ്ഞിട്ടുള്ളൂ.. ഒരു പനി വന്നാൽ പോലും വീട്ടിൽ അറിയിക്കാറില്ല.. നമ്മൾ കാരണം അവർ വിഷമിക്കരുത് എന്ന് കരുതി.. സ്വന്തം ജീവിതം എഴുതാൻ പറഞ്ഞു.. പലരും... എഴുതിയിട്ടില്ല ഇതുവരെ.. ആദ്യമായാണ് ഈ തുറന്നെഴുത്ത്.. ഇത് എന്റെ മാത്രം കഥ അല്ല.. പല പട്ടാളക്കാരുടെയും കഥയാണ്..(ഇതിനോട് കൂടെ ചേർത്തിരിക്കുന്ന ഫൊട്ടോയിൽ ഉള്ളത് ഞാൻ ആണ്, തിരിച്ചറിയാൻ ബുദ്ധിമുട്ട് കാണും കണ്ണ് കുഴിഞ്ഞു കവിളോട്ടി..ഒരു ഡ്യൂട്ടിക്കിടയിൽ എടുത്തതാണ്)

പട്ടാളത്തിൽ പോകുന്നത് നാൽപ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞു പല കമന്റുകളും കാണാൻ ഇടയായി.. സേവനമല്ല ജോലിയാണിതെന്നും കേട്ടു.. നാൽപ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങൾ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാൻ തയ്യാറാകില്ല പലരും...
ഒരു രാത്രി കിടക്ക പങ്കിട്ടാൽ നാൽപ്പതിനായിരത്തിൽ കൂടുതൽ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളു... നിങ്ങളുടെ അഭിപ്രായത്തിൽ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കിൽ ശമ്പളം ഇല്ലാതെ ഞങ്ങൾ സേവിക്കാൻ തയ്യാറാണ് ...ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്..അവരേ നോക്കേണ്ട ചുമതല നിങ്ങൾ ഏറ്റെടുക്കണം..
സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താൻ നടക്കുന്നവരെ.... പറയാൻ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തിൽ കുറച്ചു രാജ്യസ്‌നേഹവും...
ജയ് ഹിന്ദ്
Sajith_Vasudevan(ഉണ്ണി....)