തിരുവനന്തപുരം: വിദേശത്തെ വിവിധ ഡേറ്റിങ് സൈറ്റുകളിൽ ഇപ്പോൾ പ്രിയം മലയാളി പെൺകുട്ടികളുടെ ചൂടൻ ചിത്രങ്ങൾക്കാണ്. എന്നാൽ, ഈ ചിത്രങ്ങളിലുള്ള പെൺകുട്ടികളാരും ഇക്കാര്യം അറിയുന്നു പോലുമില്ല എന്നതാണ് യാഥാർഥ്യം.

ഫേസ്‌ബുക്കിലും അത് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും സ്വന്തം ചിത്രങ്ങൾ പോസ്റ്റു ചെയ്യുന്ന പെൺകുട്ടികൾക്കാണ് സൈബർ ലോകത്തെ വില്ലന്മാർ പണികൊടുക്കുന്നത്. ഫേസ്‌ബുക്കിൽ നിന്നും ചിത്രങ്ങൾ എടുത്ത് തല അശ്ലീല ചിത്രങ്ങളിൽ ഒട്ടിച്ച് വാട്‌സ്ആപ്പിലും മറ്റ് വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുന്ന പ്രവണത ഇപ്പോൾ വർധിച്ചിരിക്കുകയാണ്.

വാട്‌സ്ആപ്പിലെ അശ്ലീല ഫോട്ടോകളിൽ, ഫേസ്‌ബുക്കിൽ നിന്നും എടുത്ത മലയാളി പെൺകുട്ടികളുടെ തലകൾ എഡിറ്റ് ചെയ്ത് പ്രചരിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയായ യുവതിയാണ് ഈ സൈബർ ആക്രമണത്തിലെ ഏറ്റവും പുതിയ ഇര. വിദേശത്തെ ഡേറ്റിങ് വെബ്‌സൈറ്റിലാണ് യുവതിയുടെ ചിത്രവും പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലെ പ്രൊഫൈൽ ഫോട്ടോയിലെ തലയാണ് സൈറ്റിലും കാണുന്നത്.

സൈറ്റിൽ ചിത്രം കണ്ട പരിചയക്കാർ വഴിയാണ് യുവതിയും ബന്ധുക്കളും വിവരം അറിഞ്ഞത്. ഉടൻ സൈബർ സെല്ലിൽ പരാതി നൽകി. സൈബർ സെൽ വിശദാംശങ്ങൾ അറിയാൻ വേണ്ടി വെബ്‌സൈറ്റ് അധികൃതർക്ക് ഇ മെയിൽ അയച്ചു. ഇതോടെ ചിത്രങ്ങൾ സൈറ്റിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ഈ വെബ്‌സൈറ്റിൽ വേറെയും മലയാളി പെൺകുട്ടികളുടെ ചിത്രങ്ങളുണ്ട് എന്നാണ് സൈബർ സെല്ലിൽ നിന്നുള്ള വിവരം.

ഇത്തരം സൈറ്റുകളുടെ ഓപ്പറേഷൻ വിദേശത്തു നിന്നായതിനാൽ പൊലീസിനും ഇക്കാര്യത്തിൽ അധികമൊന്നും ചെയ്യാനുണ്ടാകില്ല. കഴിഞ്ഞ ദിവസം മലയാളം സീരിയൽ നടി ഗായത്രി അരുണിന്റെതെന്ന പേരിൽ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഗായത്രി സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച വെഞ്ഞാറമൂട്ടിലെ ഒരു കൗമാരക്കാരൻ അറസ്റ്റിലാകുകയും ചെയ്തു. എന്നാൽ വീഡിയോയുടെയും ഫോട്ടോയുടെയും ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞിരുന്നില്ല.