- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നപോസ്റ്റുകൾക്ക് മൂക്കുകയർ; റിവഞ്ച് പോൺ പടിക്ക് പുറത്ത്; 2500 വാക്കുകളുള്ള പുതിയ ഫേസ്‌ബുക്ക് നയം ഇങ്ങനെ
ആരോടെങ്കിലും വ്യക്തിപരമായി വിരോധമുണ്ടെങ്കിൽ അയാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പോസ്റ്റ് ഫേസ്‌ബുക്കിലിടുന്നത് ഇന്ന് ചിലരുടെയെല്ലാം ശീലമാണ്. അൽപം ഫോട്ടോഷോപ്പിൽ അവഗാഹം കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ശത്രുവിന്റെ ഫോട്ടോ ഏത് രീതിയിലും മോർഫ് ചെയ്ത് ഫേസ്‌ബുക്കിലിട്ട് അയാളെ താറടിച്ച് കാണിക്കാനായിരിക്കും ഇത്തരക
ആരോടെങ്കിലും വ്യക്തിപരമായി വിരോധമുണ്ടെങ്കിൽ അയാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പോസ്റ്റ് ഫേസ്‌ബുക്കിലിടുന്നത് ഇന്ന് ചിലരുടെയെല്ലാം ശീലമാണ്. അൽപം ഫോട്ടോഷോപ്പിൽ അവഗാഹം കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ശത്രുവിന്റെ ഫോട്ടോ ഏത് രീതിയിലും മോർഫ് ചെയ്ത് ഫേസ്‌ബുക്കിലിട്ട് അയാളെ താറടിച്ച് കാണിക്കാനായിരിക്കും ഇത്തരക്കാരുടെ ശ്രമം.
ചുരുക്കത്തിൽ ഏത് പോസ്റ്റും ഫേസ്‌ബുക്കിലിടാമെന്ന സ്ഥിതിയായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. ഇതിനൊരു നിയന്ത്രണമൊക്കെ വേണ്ടേയെന്ന് പലരും ഇത്തരുണത്തിൽ ചിന്തിച്ചിരുന്നുമിരിക്കാം. ഇക്കാര്യങ്ങളിൽ ഫേസ്‌ബുക്കിന് വ്യക്തവും കർക്കശവുമായ നിയമങ്ങൾ ഉണ്ടാക്കിക്കൂടെയെന്ന് നമ്മിൽ പലരും പരസ്പരം ചർച്ച ചെയ്ത വിഷയവുമാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ ഫേസ്‌ബുക്ക് നിർണായകമായ തീരുമാനമെടുത്തിരിക്കുകയാണ്. അതായത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ പോസ്റ്റുകളെ സംബന്ധിച്ച നിയമങ്ങളിലെ അവ്യക്തത ഫേസ്‌ബുക്ക് ഇപ്പോൾ നീക്കിയിരിക്കുകയാണ്. പോസ്റ്റ് ചെയ്യുന്ന ഫോട്ടോയിൽ എത്രത്തോളം നഗ്‌നതയാകാമെന്നും ഏത് തരത്തിലുള്ള നഗ്‌നതയാകാമെന്നതിനെക്കുറിച്ച് പോലും ഫേസ്‌ബുക്ക് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പുതിയൊരു നയവും ഫേസ്‌ബുക്ക് റിലീസ് ചെയ്തിട്ടുണ്ട്. ഇത് ചില്ലറ നയമൊന്നുമല്ല കേട്ടോ 2500 വാക്കുകളുള്ളതാണ് പുതിയ ഫേസ്‌ബുക്ക് നയം. നഗ്‌നതാ പ്രദർശനം പോലുള്ള ചൂടൻ വിഷയങ്ങളെപ്പറ്റിയുള്ള ഫേസ്‌ബുക്കിന്റെ നയമാണ് ഇതിലൂടെ അനാവൃതമാകുന്നത്. പ്രസ്തുത നയത്തിലൂടെ കമ്പ്യൂട്ടർഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള നഗ്‌ന പോസ്റ്റുകളും ഫേസ്‌ബുക്ക് വിലക്കിയിരിക്കുകയാണ്.
ഒരാളെ മാനസികമായി തളർത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് അതാളുടെ ധാർമികതകയെ ചോദ്യം ചെയ്യുകയെന്നത്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കാനുള്ള ശക്തമായ മാദ്ധ്യമമായി ഇന്ന് പലരും ഫേസ്‌ബുക്കിനെ ദുരുപയോഗിക്കുന്നുണ്ട്. മറ്റൊരു പെണ്ണിന്റെ കൂടെ തന്റെ ഭർത്താവ് ഇഴുകിച്ചേർന്ന് നിൽക്കുന്ന ഒരു ചിത്രം ഫേസ്‌ബുക്കിൽ കണ്ടാൽ ശരാശരിക്കാരിയായ സ്ത്രീകളെല്ലാം പൊട്ടിത്തെറിക്കുമെന്നുറപ്പാണ്. അതുപോലെ സ്വന്തം ഭാര്യയെ ഈ വിധത്തിൽ കണ്ടാലും മോർഫിംഗാണോ അല്ലയോ എന്ന് നോക്കാനുള്ള സംയമനമൊന്നും ഭൂരിഭാഗം പുരുഷന്മാരും പ്രദർശിപ്പിച്ചെന്ന് വരികയുമില്ല. മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങൾ അവരുടെ അനുമതിയില്ലാതെ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നതും ചിലരുടെ വൈകൃതമാണ്. ഇത്തരത്തിലുള്ള ഫോട്ടോകൾ റിവഞ്ച് പോൺ എന്നാണറിയപ്പെടുന്നത്. ചിത്രീകരിക്കപ്പെടുന്നയാളുടെ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്ന അശഌല ചിത്രങ്ങളും ഈ ഗണത്തിലാണുൾപ്പെടുന്നത്. ഇത്തരത്തിലുള്ള പോസ്റ്റുകളെയും ചിത്രങ്ങളെയും ഫേസ്‌ബുക്കിന്റെ പുതിയ നയം കർശനമായി വിലക്കുന്നുണ്ട്.
മുലയൂട്ടുകയെന്നത് മനുഷ്യജന്മത്തിലെ മഹനീയമായ ഒരു കാര്യമായതിനാൽ അതു സംബന്ധിച്ച പോസ്റ്റുകളെ അശ്ലീലചിത്രങ്ങളായല്ല ഫേസ്‌ബുക്ക് പരിഗണിക്കുന്നത്. അതിനാൽ അത്തരം പോസ്റ്റുകൾ അനുവദനീയമാണ്. ഇതിന് പുറമെ നഗ്‌നത ചിത്രീകരിക്കുന്ന ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവയെ ഉദാത്ത കലാമാതൃകകളായി പരിഗണിക്കുന്നതിനാൽ അത്തരം പോസ്റ്റുകളെയും പുതിയ നയം വിലക്കുന്നില്ല. എന്നാൽ സമൂഹത്തിൽ അരാജകത്വം വിതയ്ക്കുന്ന അക്രമാസക്തമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ പുതിയ നയത്തിലും ഫേസ്‌ബുക്കിന് സാധിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ കൃത്യമായ സെൻസർ നിയമങ്ങൾ പുതിയ നയത്തിലും ഫേസ്‌ബുക്ക് പുലർത്തിയിട്ടില്ല. ഗ്രാഫിക് വയലൻസുകൾ അടക്കമുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അവയെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന വെറും വ്യവസ്ഥമാത്രമാണ് പുതിയ ഫേസ്‌ബുക്ക് നയവും മുന്നോട്ട് വയ്ക്കുന്നത്.