സാൻഫ്രാൻസിസ്‌കോ: റോബോട്ടുകൾ മനുഷ്യബുദ്ധിയെ തോൽപ്പിക്കുന്ന കാലത്തെ കുറിച്ചുള്ള സിനിമികൾ ധാരാളം വന്നിട്ടുണ്ട്. എന്നാൽ, അക്കാലം വന്നു തുടങ്ങിയോ? സംശയത്തിന് കരുത്തു പകരുന്ന വിധം റോബോട്ടുകൾ പണി കൊടുത്തത് ഫേസ്‌ബുക്കിനാണ്. രണ്ട് യന്ത്രമനുഷ്യർ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പരസ്പ്പരം ചാറ്റ് ചെയ്തു സംസാരിച്ചത് ഫേസ്‌ബുക്കിനെ ശരിക്കും ഞെട്ടിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കൃത്രിമ ബുദ്ധി കയറ്റിയ രണ്ടു പ്രോഗ്രാമുകളിലൂടെ റോബോട്ടുകൾ സ്വന്തം ഭാഷയുണ്ടാക്കി സംസാരിച്ചു തുടങ്ങിയതോടെ 'ഫേസ്‌ബുക്' കമ്പനി പരീക്ഷണം തന്നെ നിർത്തിവച്ചു.

ഫോണിൽ കസ്റ്റമർമാർ വിളിക്കുമ്പോൾ മറുപടി പറയാൻ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന രണ്ടു 'ചാറ്റ്‌ബോട്ടുകളെ' പരസ്പരം ബന്ധിപ്പിക്കുകയാണ് 'ഫേസ്‌ബുക്' വിദഗ്ദ്ധർ ചെയ്തത്. ശേഷം ഇവയെ പരസ്പരം ചർച്ച ചെയ്ത് വിവരങ്ങളെ കൂട്ടിയോജിപ്പിച്ച് ഭാഷ മെച്ചപ്പെടുത്താൻ അനുവദിച്ചു.

എന്നാൽ 'അമിതസ്വാതന്ത്ര്യ'മെടുത്ത് ഇംഗ്ലിഷല്ലാത്ത ഒരു തരം ഷോർട്ട് ഹാൻഡ് ഭാഷ ഉണ്ടാക്കിയാണ് കംപ്യൂട്ടറുകൾ പരസ്പരം സംസാരിച്ചത്. അതേ സമയം, പേടിച്ചല്ല പരീക്ഷണം നിർത്തിയതെന്നും മനുഷ്യരോട് പെരുമാറേണ്ടതിനു പകരം പരസ്പരബന്ധമുണ്ടാക്കാൻ ശ്രമിച്ച് വഴിതെറ്റിപ്പോയതു കൊണ്ടാണെന്നും ഫേസ്‌ബുക്കിലെ വിദഗ്ദ്ധർ പറഞ്ഞു.