ക്രിസ്മസ് ആഘോഷിക്കാൻ വീടുപൂട്ടിയിറങ്ങുമ്പോൾ, ഫേസ്‌ബുക്കിൽ എന്തൊക്കെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചും ഓർമവേണം. അല്ലെങ്കിൽ തിരിച്ചുവരുമ്പോൾ വീ്ട്ടിലുള്ള വിലപിടിച്ച വസ്തുക്കളൊന്നു അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല. ക്രിസ്മസ് കാലത്ത് നിർബന്ധമായും ഉപേക്ഷിക്കേണ്ട അഞ്ചുപോസ്റ്റുകൾ ഇവയാണ്.

വീട്ടിൽനിന്ന് അകലെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ക്രിസ്മസ് ആഘോഷിക്കുന്നത് നല്ലതുതന്നെ. പക്ഷേ, വീടുവിട്ട് പോവുകയാണെന്ന കാര്യം ഫേസ്‌ബുക്കിൽ പങ്കുവെക്കാതിരിക്കുക. വീട്ടിലാരുമില്ല, വന്നു കൊള്ളയടിച്ചോളൂ എന്ന് പരസ്യം ചെയ്യുന്നതുപോലെയാകും അതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത സുഹൃത്തുക്കളോടല്ലാതെ ഇത്തരം കാര്യങ്ങൾ പങ്കുവെക്കരുത്.

ഫേസ്‌ബുക്കിൽ ചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ലൊക്കേഷൻ അതിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ വീട്ടിൽനിന്നും അകലെയാണ് എന്ന് മോഷ്ടാക്കൾക്ക് മനസ്സിലാക്കാൻ അതുമതിയാകും. ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ അതിൽ ലൊക്കേഷൻ ഉൾപ്പെടുത്താതിരിക്കുകയാണ് വേണ്ടത്.

വീട്ടിലെ വിലപിടിച്ച വസ്തുക്കളുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഇടുന്നതും മോഷ്ടാക്കളെ ആകർഷിക്കുന്ന പരസ്യങ്ങളായിമാറും. നമ്മുടെ വീടിനുള്ളിലെ ചിത്രങ്ങളിൽനിന്നും മറ്റുള്ളവർക്ക് പലതും മനസ്സിലാക്കാനാവുമെന്ന് പൊലീസ് പറയുന്നു.വിലപിടിച്ച വസ്തുക്കളും കാറിന്റെ താക്കോലും മറ്റും എവിടെയാണ് സൂക്ഷിക്കുന്നതെന്ന മനസ്സലാക്കുന്ന തരം ചിത്രങ്ങൾ ഒഴിവാക്കണം.

ഓരോ മണിക്കൂറിലും സംഭവിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരുണ്ട്. വീട്ടിൽ തനിച്ചിരുന്ന് ബോറടിച്ചുവെന്നും ബെഡ്‌റൂമിന്റെ പൂട്ട് ശരിയാക്കാൻ പറഞ്ഞിട്ട് വീട്ടുടമസ്ഥൻ തയ്യാറായില്ലെന്നുമൊക്കെയുള്ള സ്റ്റാറ്റസുകൾ നമ്മുടെ വീടിനെക്കുറിച്ചുള്ള ചിത്രമാണ് മോഷ്ടാക്കൾക്ക് നൽകുന്നത്. ഇത്തരം സൂചനകളും സോഷ്യൽ മീഡിയയിൽനിന്ന് ഒഴിവാക്കണം.
മറ്റുള്ളവരെ ടാഗ് ചെയ്യുമ്പോൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോർന്നുപോകാതെയും നോക്കണം. നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റിൽനിന്ന് മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും മോഷ്ടാക്കൾക്കാകും. ടാഗ് ചെയ്യപ്പെടുന്നതിൽ കുഴപ്പമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ ടാഗ് ചെയ്യാവൂ. കുട്ടികളെ ടാഗ് ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും പൊലീസ് പറയുന്നു.