ചരിത്രം തിരുത്തി കുറിച്ച് അർബൺ ഡിക്ഷണറിയിൽ കയറിക്കുടിയ 'കുമ്മനടിക്കും പിണുവടിക്കും' ശേഷം വീണ്ടും ചരിത്രമാകാൻ പുതിയ വിശേഷണവുമായി സോഷ്യൽ മീഡിയ. ഇത്തവണ എത്തുന്നത് 'ദീപയടി'യുമായാണ്.യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നത്. കോപ്പിയടിക്കെതിരേ വിമർശിച്ച് കമന്റിടുന്നവരെ ബ്ലോക് ചെയ്താണ് ദീപ പ്രതികരിക്കുന്നത്. അഡ്വക്കറ്റ് ജയശങ്കർ ഉൾപ്പെടെയുള്ളവർ ദീപയ്ക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തുണ്ട്. ഒരു അദ്ധ്യാപികയായ ദീപ എന്തു മാതൃകയാണ് കുട്ടികൾക്ക് നല്കുന്നതെന്നാണ് സോഷ്യൽമീഡിയയിൽ പലരും ചോദിക്കുന്നത്.

ബ്രണ്ണൻ കോളേജിലെ പഠനകാലത്തെ പറ്റി മുഖ്യമന്ത്രി നടത്തിയ അനുഭവ സാക്ഷ്യം പോലും ട്രോളർമാർക്ക് ചാകര ആയിരുന്നു. ഇതിനു ബദൽ ആയി ഇടതുപക്ഷ ആഭിമുഖ്യം ഉള്ള ട്രോളാർമാർ തങ്ങളുടെ പേജുകൾ വഴി ബിജെപി.സംസ്ഥാന അധ്യക്ഷനെ പറ്റി 'കുമ്മനടി' ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പറ്റി 'ഉമ്മനടി' എന്നീ പേരുകളിൽ വേറെയും ഹാഷ് ടാഗ് പ്രചാരണങ്ങൾ ഉണ്ടായെങ്കിലും സോഷ്യൽ മീഡിയയിൽ താരമായി 'പിണുവടി'യും വളരുകയായിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുകയാണ് 'ദീപയടി'യും. ഇപ്പോൾ ദീപയടി എന്ന പേരിലാണ് കോപ്പിയടിക്കുന്നതിനെ വിശേഷിപ്പിക്കുന്നത്.

മുമ്പ് പല വിവാദ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞ് സോഷ്യൽമീഡിയയിൽ താരമായ ദീപയ്ക്ക് പിന്തുണയുമായി ആരുമെത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ മറ്റു ചിലരും ദീപ തങ്ങളുടെ കൃതികൾ കോപ്പിയടിച്ച് സ്വന്തം പേരിലാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആർ. അജിത്ത്കുമാർ എന്നയാൾ എഴുതിയ ഒറ്റത്തുളലിപ്പെയ്ത്ത് എന്ന കൃതി ഒറ്റമരപ്പെയ്ത്ത് എന്നപേരിൽ ദീപ കോപ്പിയടിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ടീച്ചർക്കെതിരെ ട്രോളോട് ട്രോളാണ്.

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യലാണ് കുമ്മനടിയെങ്കിൽ, ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാൽ അതാണ് ഉമ്മനടി. കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് അണികളുടെ തിരക്ക് മൂലം, ടിക്കറ്റെടുത്തിട്ടും മെട്രോയിൽ യാത്ര ചെയ്യാൻ പറ്റാതെ വന്നത്. എതായാലും സൈബർ പോരാളികൾ ഉണ്ടാക്കിയ പുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ സാന്നിധ്യം സൃഷ്ടിച്ച വിവാദത്തോടെ രൂപം കൊണ്ട ' കുമ്മനടി' സാധാരണക്കാരുടെ നിഘണ്ടുവായ അർബൺ ഡിക്ഷണറിയിലും വന്നിരുന്നു. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കുക എന്നിവയാണ് നൽകിയിട്ടുള്ള നിർവചനങ്ങൾ.അമാനുഷികമായ കാര്യങ്ങൾ ചെയ്യുമെന്ന് സ്വയം പൊക്കിപ്പറയുക എന്നതാണ് 'പിണുവടി'ക്ക് നൽകിയിരിക്കുന്ന നിർവചനം. അതായത് സംഭവിക്കാൻ ഒരിക്കലും സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ തള്ളുന്നതെന്ന് അർഥം. ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് അവകാപ്പെടുന്നതാണ് 'പിണറായടി'.