കൊച്ചി: ഫേസ്‌ബുക്കിൽ ഭീതിപടർത്ത് ഇതിവേഗം വൈറസ് പടരുന്നു. സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ ഫേസ്‌ബുക്ക് പാസ്‌വേഡ് അടക്കം നഷ്ടമായേക്കും. ഫേസ്‌ബുക്ക് മെസേജ് ബോക്‌സിൽ ചാറ്റായി അശ്ലീല വീഡിയോ വരുന്നത് വ്യാപകമായി പടരുകയാണ്. മെസേജ് ബോക്‌സിൽ വരുന്ന ഈ വീഡിയോ ക്ലിക്് ചെയ്യുമ്പോഴാണ് വൈറൽ അതിന്റെ തനിസ്വരൂപം പുറത്തെടുക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും അടിച്ചു പോകാൻ വരെ സാധ്യതയുണ്ട്.

ഫേസ്‌ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു. ചില സുഹൃത്തുക്കളെ ടാഗ് ചെയ്തു വീഡിയോ എത്താം. മിക്കപ്പോഴും വീഡിയോ എന്ന ഫയൽ നെയിമിലുള്ള മെസേജൊ, നഗ്‌നയായ യുവതിയുടെ ചിത്രം പൂർണമായി ലോഡായിട്ടില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റായോ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇതു കാണുന്ന യൂസർ സ്വാഭാവികമായും അടുത്ത പടിയായി ചിത്രത്തിൽ ക്ലിക്കു ചെയ്ത് തുറക്കാൻ ശ്രമിക്കും. ഇങ്ങനെ ശ്രമിക്കുമ്പോഴാണ് വൈറൽ പടരുന്നതും മറ്റുള്ളവരിലേക്ക് ടാഗ് ചെയ്തു ചാറ്റ് രൂപത്തിലും വീഡിയോ പടരുന്നത്.

വീഡിയോയ്ക്ക് പിന്നാലെയെത്തുന്ന ഫ് ളാഷ് പ്ലെയർ അപ്‌ഡേറ്റ് വഴിയാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്നത്. ബാധിച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തുന്നതിനൊപ്പം, ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് അശ്ലീല വീഡിയോ അയക്കുകയും ചെയ്യുകയാണ് വൈറസിന്റെ പ്രവർത്തനം. ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗ് ഔട്ട് ബട്ടൺ വരെ ഹൈഡ് ചെയ്യാൻ പ്രാപ്തിയുള്ള വൈറസ് ആക്രമണമാണ് വ്യാപിക്കുന്നത്.

അതിവേഗം പടർന്നു പിടിക്കുന്ന ട്രോജൻ വിഭാഗത്തിൽ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സാധാരണ നിലയിൽ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫേസ്‌ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടർന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ ആന്റിവൈറസ് അപ്‌ഡേറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ലിങ്കിൽ ക്ലിക്ക് ചെയ്‌തെന്നു ബോധ്യപ്പെട്ടാൽ ഉടൻ ബ്രൗസർ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയർ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്‌കാൻ നൽകുകയും വേണം.

നേരത്തെയും ഇത്തരത്തിലുള്ള വൈറസുകൾ വ്യാപകമായിരുന്നു. എന്നാൽ പിന്നീടത് ഫേസ്‌ബുക്ക് അധികൃതർ തന്നെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എന്നാൽ മുമ്പുള്ളതിനേക്കാൾ മാകരമായ വൈറസ് ആണ് ഇപ്പോൾ വ്യാപിക്കുന്നത്.