തിരുവനന്തപുരം: തൃത്താലയിലെ കൃഷി ഓഫീസർ വിപി സിന്ധുവിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് തൃത്താല എംഎൽഎ വി ടി ബൽറാമിനെതിരെ സിപിഐ(എം) നേതാവ് തോമസ് ഐസക് എംഎൽഎ ഫേസ്‌ബുക്കിൽ ഉന്നയിച്ച ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ കൊടുമ്പിരിക്കൊണ്ട് വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. വിഷയം എടുത്തിട്ട് ബൽറാമിനെതിരെ ആദ്യം ഐസക് പോസ്റ്റിടുകയും പിന്നീട്, ഇതിന് മറുപടിയുമായി ബൽറാം രംഗത്തെത്തുകയും ചെയ്തതോടയാണ് വിവാദത്തിൽ സൈബർ ലോകത്ത് വിവാദം കത്തിപ്പടർന്നത്. വിഷയം ഏറ്റുപിടിച്ച് സിപിഐ(എം) അണികൾ ബൽറാമിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മൂന്നാം കക്ഷിയായി എം ബി രാജേഷ് എംപിയും രംഗത്തെത്തിയതോടെ ഫേസ്‌ബുക്ക് യുദ്ധം വീണ്ടും കൊഴുക്കുകയാണ്.

ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ബൽറാം നൽകിയ മറുപടി ഏറെ വിമർശനങ്ങൾ വിധേയമായ സാഹചര്യത്തിൽ ഐസക്ക് പുതിയ പോസ്റ്റ് ഇട്ടു. അതിന് ബൽറാം വീണ്ടും മറുപടിയും നൽകി. ഇതോടെയാണ് ബൽറാമിന്റെ ഭാഷ മോശമാണെന്ന് പറഞ്ഞ് എം ബി രാജേഷ ്‌രംഗത്തെത്തിയിരിക്കുന്നത്. ഐസക്കിന് മറുപടി നൽകിയ ബൽറാം രംഗത്തെത്തിയത് രേഖകളുടെ ബലത്തിലാണ്. കാര്യങ്ങൾ കൃത്യമായ ഭാഷയിൽ ഐസക്ക് ഉന്നയിച്ചപ്പോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ബൽറാം മറുപടി നൽകുകയും ചെയ്തു. വിപി സിന്ധുവിനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനുതകന്നുതാണ് ഇതെന്നാണ് ബൽറാമിന്റെ വാദം. എന്നാൽ സ്ഥലം മാറ്റത്തിൽ എംഎൽഎയുടെ പങ്കാണ് ഐസക് വരച്ചുകാട്ടുന്നത്.

തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞാണ് തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതേക്കുറിച്ച് തോമസ് ഐസക് പറയുന്നത് ഇങ്ങനെ: 'ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കൃഷി വകുപ്പിൽ മെയ് മാസത്തിൽ പൊതു സ്ഥലമാറ്റം നടന്നതാണ്. സിന്ധുവിന്റെ കാര്യത്തിൽ സ്‌ക്കൂൾ തുറന്ന് രണ്ടുമാസത്തിനു ശേഷമാണ് ഉത്തരവു നൽകിയത്. ഡിപ്പാർട്ടുമെന്റ് ചാനൽ വഴി അറിയിപ്പ് വരികയായിരുന്നില്ല, വെള്ളിയാഴ്ച ട്രാൻസ്ഫർ ഉത്തരവ് എം എൽ എ നേരിട്ട് എത്തിക്കുകയായിരുന്നു. ഉത്തരവ് അന്നുതന്നെ നടപ്പാക്കണമെന്ന് എംഎ‍ൽഎയുടെ സഹായികൾ ശാഠ്യം പിടിച്ചു. പിന്നീട് രണ്ടു ദിവസം അവധി. തിങ്കളാഴ്ച അവധിക്കപേക്ഷിച്ച സിന്ധുവിന്റെ അവധി അനുവദിക്കാതെ വിളിച്ചു വരുത്തി ഡയറക്ടറുടെ ഉത്തരവും വിടുതൽ ഉത്തരവും ഒന്നിച്ചു നൽകുകയാണ് ഉണ്ടായത്. പകരം ആളെ നിയമിക്കാതെ മറ്റൊരു കൃഷി ഓഫീസറെ വിളിച്ചു വരുത്തി ചാർജ്ജു കൈമാറി അന്നു തന്നെ വിടുതൽ ചെയ്തു.

ഇങ്ങനെ അടിയന്തിരമായി വിടുതൽ ചെയ്യുവാൻ എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായത്? തുടങ്ങി വച്ച പദ്ധതികൾ (തൃത്താല ഗ്രൂപ്പിന്റെ നെൽകൃഷി, സമൃദ്ധിയുടെ ആദ്യത്തെ ഓണച്ചന്ത) സുസ്ഥിരമാക്കാൻ കുറച്ച് സമയം കൂടി അനുവദിച്ചാൽ എന്തു സംഭവിക്കുമായിരുന്നു? ഇപ്പോഴും തൃത്താലക്ക് മുഴുവൻസമയ കൃഷി ഓഫീസറെ കണ്ടുപിടിക്കാൻ ആയിട്ടില്ല. ചാർജ്ജേ ഉള്ളൂ. കൂടുതൽ ഗൗരവകരമായ ചോദ്യം ഇതാണ്, 'അതിരാവിലെ വീട്ടിൽ നിന്നിറങ്ങി രാത്രി ഏഴോ എട്ടോ മണിക്ക് മാത്രം തിരിച്ചെത്താനാവുന്ന ഒരിടത്തേക്ക് നാടു കടത്താൻ തക്ക എന്ത് അപരാധമാണ് ഈ ഓഫിസർ ചെയ്തത്?' ബൽറാമിന്റെ മറുപടിയിൽ ഒരു ക്രൂരവൈരാഗ്യം പ്രതിഫലിക്കുന്നുണ്ട്.''

ഫേസ്‌ബുക്കിലൂടെ സിന്ധുവിന് എതിരെ ആക്ഷേപം ഉന്നയിച്ചത് സ്ത്രീവിരുദ്ധമായ നിലപാടാണ് എന്നു കൂടി തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതോടെയാണ് തെളിവുകൾ നിരത്തി ബൽറാം രംഗത്തെത്തിയത്. ഊഹാപോഹങ്ങളുടെയും കേട്ടുകേൾവികളുടെയും അടിസ്ഥാനത്തിൽ ഐസക് സംസാരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബൽറാമിന്റെ മറുപടി തുടരുന്നത്. . ഐ.എ.എസുകാരനായ ഒറ്റപ്പാലം സബ് കളക്റ്റർ നൽകിയ ഈ റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് ബൽറാമിന്റെ മറുപടി.

കൃഷിഭവന്റെ സ്ഥലത്തു നിലനിൽക്കുന്ന മരങ്ങൾ ആരുടേയും അനുമതിയില്ലാതെ മുറിച്ചു വിറ്റതിലൂടെ ഖജനാവിന് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു എന്നതാണ് കേസ്. ഇതിനെ ക്രമപ്പെടുത്തിയെടുക്കാൻ വേണ്ടി പഞ്ചായത്ത് യോഗത്തിന്റെ മിനിട്ട്‌സ് തിരുത്തി വ്യാജരേഖ സൃഷ്ടിച്ച ഗുരുതരമായ കുറ്റവും ഉണ്ടെന്ന് ബൽറാം വ്യക്തമാക്കുന്നു.
തോമസ് ഐസക്കിന്റെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡണ്ടാണ് സ്വന്തം പാർട്ടിയിൽപ്പെട്ട പഞ്ചായത്ത് മെമ്പറും കൂട്ടരും രാത്രിയുടെ മറവിൽ മുറിച്ചുകടത്തിയ മരങ്ങൾ മില്ലിൽ നിന്ന് തിരിച്ച് പിടിക്കാനുള്ള ജനകീയ ഇടപെടലിന് നേതൃത്ത്വം നൽകിയതെന്ന് ഓർക്കുന്നതും കൗതുകകരമാണ്. മരംമുറി വിഷയത്തിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടെങ്കിൽ അത് ചെയ്തത് ഐസക്കിന്റെ പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തന്നെയാണ്. ത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥക്ക് വേണ്ടിയാണോ തോമസ് ഐസക്ക് സംരക്ഷണച്ചുമതലയുമായി ഇറങ്ങിയിരിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു. തനിക്കെതിരായ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയാണ് ബൽറാമിന്റെ മറുപടി.

ഇതിനിടെയാണ് വിഷയത്തിൽ ഇടപെട്ട് എം ബി രാജേഷ് എംപിയും രംഗത്തെത്തിയത്. ആദ്യം പിണറായി. ഇപ്പോൾ തോമസ്‌ഐസക്. ഉന്നത സിപിഐ(എം) നേതാക്കളെ കടന്നാക്രമിച്ചു കൊണ്ട് ഫേസ് ബുക്ക് പോസ്റ്റ് ഇടുമ്പോൾ കിട്ടാനിടയുള്ള മാദ്ധ്യമ ശ്രദ്ധ അദ്ദേഹത്തെ തീർച്ചയായും പ്രലോഭിപ്പിക്കുന്നുണ്ടാവുമെന്നാണ് എം ബി രാജേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. കോൺഗ്രസ് നേതാക്കളായ അജയ് തറയിലും ഹൈബി ഈഡൻ എംഎൽഎ സിപിഐ(എം) ജൈവപച്ചക്കറിയിൽ ഇടുങ്ങിയ രാഷ്ട്രീയം കണ്ടില്ല. ഇരുവരും പാർട്ടിയുടെ ഈ പ്രവർത്തനങ്ങളെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ പിന്തുണച്ചവരാണ്. ഇതിനിടെയാണ് ബൽറാം വിമർശിച്ച് സ്വയം ചെറുതാവുന്നതെന്നാണ് രാജേഷിന്റെ വിമർശനം. എന്തായാലും രാജേഷിന്റെ വിമർശനത്തിന് ശേഷം രണ്ട് കൂട്ടരുടെയും ഭാഗത്തു നിന്നും പ്രത്യേകം പ്രതിഫലനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.