ന്യൂഡൽഹി: മനസിൽ തോന്നുന്നതെന്തും വിളിച്ചുപറയാനുള്ള സ്വതന്ത്ര ഇടമായി സോഷ്യൽ മീഡിയയെ കാണുന്നവർ ഏറെയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ആരേയും എന്തും പറയാമെന്നുള്ള ചിന്തയ്ക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സമൂഹമാധ്യമങ്ങൾക്കുള്ള പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കാൻ ഒരുങ്ങിക്കൊണ്ട് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. വ്യാജവിവരങ്ങൾ തടയുന്നതിനും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് സോഷ്യൽ മീഡിയകളുടെ പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കുന്നത്. ഇതനുസരിച്ച് ഇനി മുതൽ വാട്‌സ് ആപ്പും ഫേസ്‌ബുക്കും ഇനി കമ്പനിയായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.

നിലവിലെ മാർഗരേഖ പരിഷ്‌കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി കിംവദന്തികൾ പ്രചരിപ്പിക്കുന്നതും അതുവഴി അപകീർത്തിപ്പെടുത്തലിനും മറ്റു വഴി വയ്ക്കുന്നതും തടയണമെന്ന് നേരത്തെ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ചിലപ്പോഴൊക്കെ ആൾക്കൂട്ട കൊലയ്ക്കും ഇവ വഴിവച്ചിരുന്നു. മാർഗരേഖ ഭേദഗതി ചെയ്യുന്നതിനു കാരണമായി കോടതി നിർദ്ദേശവും സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനാണു ശ്രമമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തേ തയാറാക്കിയ പദ്ധതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നു പിൻവലിച്ചിരുന്നു.

സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാൻ സമൂഹ മാധ്യമങ്ങളെ ബാധ്യസ്ഥരാക്കുന്നതാണ് കരട് മാർഗരേഖ. 2011 ഏപ്രിൽ 11ന് പുറത്തിറക്കിയ മാർഗരേഖയിലാണ് കാതലായ മാറ്റങ്ങൾ വരുത്തുന്നത്.

പുതിയ നിർദ്ദേശമനുസരിച്ച് 50 ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നതോ, സർക്കാർ നിർദ്ദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങൾ ഇന്ത്യയിൽ കമ്പനിയായി രജിസ്റ്റർ ചെയ്യണം. ഇവയ്ക്ക് സർക്കാരുമായി ഇടപെടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥ സംവിധാനവും ഏർപ്പെടുത്തണം.

രാജ്യസുരക്ഷ, സൈബർ സുരക്ഷ വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം. പ്രവർത്തന വ്യവസ്ഥകൾ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കുകയും വേണം.
കൂടാതെ നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാൻ കോടതിയുടെയോ സർക്കാരിന്റെയോ നിർദ്ദേശമുണ്ടായാൽ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകൾ 180 ദിവസം സൂക്ഷിക്കണം. മാത്രമല്ല, പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്നതോ ആയ വിവരങ്ങൾ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് കരടുരേഖയിൽ വ്യക്തമാക്കുന്നുണ്ട്.