ന്യൂഡൽഹി: പാവപ്പെട്ടവൻ ലോണെടുത്താൽ ജപ്തി ചെയ്യുന്ന ബാങ്കുകൾ ശതകോടീശ്വരന്മാരുടെ വായ്‌പ്പകൾ എഴുതിത്ത്ത്തള്ളാറുണ്ടോ? ഇപ്പോൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ 12,770 കോടി രൂപ എസ്‌ബിഐ എഴുതിത്ത്ത്തള്ളി എന്നാണ് നവമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്. അദാനിക്ക് മോദി സർക്കാർ കൊടുക്കുന്ന വഴിവിട്ട ആനുകൂല്യങ്ങളാണ് ഇവയൊക്കെ എന്നു പറഞ്ഞാണ് പ്രചാരണം കൊഴുക്കുന്നത്. പ്രധാനമായും സൈബർ സഖാക്കളാണ് ഈ കാമ്പയിനിൽ മുന്നിൽ നിൽക്കുന്നത്.

Sbi underwrites 14,000 Crores of Adani എന്ന പേരിൽ ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന ഒരു വാർത്തയാണ് ഇവർ എഴുതിത്ത്ത്തള്ളലാക്കി ഷെയർ ചെയ്യുന്നത്. എന്നാൽ പുർണ്ണമായും അടിസ്ഥാന രഹിതമായ പ്രചാരണം ആണിത്. കാർഷിക കടങ്ങളിൽ എന്ന പോലെയൊക്കെ സർക്കാർ നയപരമായി തീരുമാനം എടുക്കാതെ ഒരു നയാപ്പൈസപോലും ബാങ്കുകൾ എഴുതിത്ത്ത്തളാറില്ല. നാളിതുവരെ ഒരു വ്യവസായിയിയുടെയും ഒരു പൈസപോലും സർക്കാർ എഴുതിത്ത്ത്തള്ളിയിട്ടില്ല. ഇപ്പോൾ അദാനിയുടെ പേരിൽ പ്രചരിക്കുന്നത് ബാങ്കിന്റെ സാങ്കേതിക പദാവലികൾ അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണ്.

പല ബാങ്കിങ് പദാവലികളും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. റൈറ്റ് ഓഫ്, വേവ്ഓഫ് തുടങ്ങിയ പദങ്ങൾപോലെയാണ് അണ്ടർ റൈറ്റും. ഒരു വ്യക്തിയോ സ്ഥാപനമോ ഒരു ഫീസ് വാങ്ങി സാമ്പത്തിക റിസ്‌ക് എടുക്കുന്ന പ്രക്രിയയാണ് അണ്ടർ റൈറ്റിങ്. ഈ റിസ്‌ക് സാധാരണയായി വായ്പകൾ, ഇൻഷുറൻസ് അല്ലെങ്കിൽ നിക്ഷേപങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നു. ഓരോ റിസ്‌ക്-ടേക്കറും ഒരു നിശ്ചിത പ്രീമിയത്തിനായി സ്വീകരിക്കാൻ തയ്യാറുള്ള മൊത്തം റിസ്‌ക്ക് തുകയ്ക്ക് കീഴിൽ അവരുടെ പേര് എഴുതുന്ന സമ്പ്രദായത്തിൽ നിന്നാണ് അണ്ടർറൈറ്റർ എന്ന പദം ഉത്ഭവിച്ചത്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും സാമ്പത്തിക ലേഖകനുമായ പ്രവീൺ രവി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'അദാനിക്ക് കിട്ടിയ എയർപോർട്ട് പ്രോജക്ട് കോസ്റ്റ് ആയ 12,770 കോടി രൂപ ഒരു നിശ്ചിത തുക ഫീസ് വാങ്ങി എസ്‌ബിഐ അണ്ടർ റൈറ്റ് ചെയ്യുന്നു. ഇത് രണ്ടു കൂട്ടർക്കും മെച്ചം ഉള്ള സംഗതി ആണ്. ഒന്ന് അദാനിക്ക് ഈ ഗ്യാരണ്ടി കാണിച്ചു വിദേശത്തു നിന്നും കുറഞ്ഞ പലിശക്കു വേറെ ലോൺ എടുക്കാൻ സാധിക്കും. അതുപോലെ പ്രോജക്ടിന് ആവശ്യമുള്ള പല മെറ്റീരിയൽസും, സേവനങ്ങളും ഒക്കെ ക്രെഡിറ്റ് കിട്ടും. എസ്‌ബിഐക്ക് ക്കു ഇങ്ങനെ ഗ്യാരണ്ടർ ആയി നിൽക്കുന്നതുകൊണ്ട് നിശ്ചിത ഫീസ് പ്രീമിയം ആയി ലഭിക്കും. ഇനി അദാനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായി പ്രോജക്ട് പൂർത്തിയാക്കാൻ കഴിയാതെ പോയാൽ എയർപോർട്ടിന്റെ അവകാശം അവർക്ക് ലഭിക്കില്ല. പകരം ആ തുക എയർപോർട്ടിന്റെ നടത്തിപ്പിൽ നിന്ന് ഈടാകുന്ന വരെ എസ്‌ബിഐ യുടെ കീഴിൽ ആയിരിക്കും അതിന്റെ അവകാശം. ഇവിടെ എസ്‌ബിഐക്ക് അദാനിയുടെ ഈ പ്രോജക്ടിൽ വന്ന മൊത്തം കടവും വീട്ടാൻ കഴിയും.''- പ്രവീൺ രവി വ്യക്തമാക്കുന്നു. അതായത് അദാനിക്ക് ഒരു ആനുകൂല്യവും എസ്‌ബിഐ നൽകിയിട്ടില്ല. ഒരു പൈസയും എഴുതിത്ത്ത്തള്ളിയിട്ടുമില്ല.

വിജയ്മല്യയുടെ കോടികൾ എഴുതിത്ത്ത്തള്ളിയോ?

അതുപോലെ നടക്കുന്ന മറ്റൊരു കുപ്രചാരണമാണ് വിജയ് മല്യയുടെ നീരവ് മോദിയുടെയുമൊക്കെ കോടികൾ കിട്ടാക്കടമായി പ്രഖ്യാപിച്ച് ബാങ്കുകൾ എഴുതിത്ത്ത്തള്ളിയെന്നത്. നോൺ പെർഫോമിങ്ങ് അസറ്റുകൾ എന്ന നിലയിലേക്ക് ഈ കടങ്ങളെ മാറ്റുന്ന പ്രക്രിയയാണ് റൈറ്റ് ഓഫ്. ഇത് ബാങ്കിന്റെ ബുക്ക് അഡ്ജസ്റ്റ്മെന്റ മാത്രമാണ്. ഇതോടെ ഒരു പൈസപോലും എഴുതിത്ത്ത്തള്ളുന്നില്ല. എത്രകാലം കഴിഞ്ഞാലും ആ കടം കടമായി കിടക്കും. ബാങ്ക് അത് ഈടാക്കുകയും ചെയ്യും.

സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരിൽനിന്ന് 18,000 കോടി തിരിച്ച് പിടിച്ചതായി ഈവർഷം ഫെബ്രുവരി 24ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. മൂവരുടെയും ആസ്തി വിറ്റതിലൂടെ 13,109 കോടി ബാങ്കുകൾ തിരിച്ച് ഈടാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തേ അറിയിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ശതകോടി വായ്പ എടുത്തശേഷം ഇവർ രാജ്യം വിടുകയായിരുന്നു. വിജയ്മല്യ 9000 കോടിയും നീരവ് മോദി 14,000 കോടിയും തട്ടിച്ചിരുന്നു.

നോക്കുക, വിജയ്മല്യ അടക്കമുള്ള ഒരാളുടെ ഒരു പൈസയും എഴുതിത്ത്ത്തള്ളിയിട്ടില്ല എന്ന് മാത്രമല്ല, അവരുടെ ആസ്തികൾ വിറ്റ് അത് തിരിച്ചുപിടിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ എന്നിട്ടും പ്രചാരണം തിരിച്ചാണ്. '' റൈറ്റ് ഓഫ് എന്ന ഇംഗ്ലീഷ് വാക്കിന് എഴുതിത്ത്ത്തള്ളൽ എന്ന് തർജ്ജമ കൊടുക്കുന്നത് അക്രമമാണ്. മലയാളിയുടെ സാമ്പത്തിക അന്ധവിശ്വാസം മാത്രമാണിത്. ബാങ്കുകൾ ഒരാളുടെ ഒരു പൈസയും എഴുതിത്ത്ത്തള്ളുന്നില്ല എന്നതാണ് യാഥാർഥ്യം''- എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ പി ബി ഹരിദാസൻ ചൂണ്ടിക്കാട്ടുന്നു.