കോഴിക്കോട്: പ്രശസ്ത നടൻ അനൂപ് മേനോൻ നായകനായ പുതിയ ചിത്രം '21 ഗ്രാംസ്' ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് അത്ര നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിത്രത്തിന്റെ ടൈറ്റിലിൽ അടക്കം പറയുന്ന, 21 ഗ്രാംസ് എന്ന വാക്ക് സോഷ്യൽ മീഡിയയിലും വിദ്യാർത്ഥികളുടെ ഇടയിലും വലിയ ചർച്ചയായിരുന്നു. 'ബി റെഡി ടു ലൂസ് യുവർ 21 ഗ്രാംസ്' എന്ന ട്രെയിലറിലെ അനൂപ്മേനോന്റെ ഡയലോഗും വലിയ ചർച്ചയായിരുന്നു.

ചിത്രം പറയുന്നത് പ്രകാരം 21 ഗ്രാം എന്നത് ഒരു ആത്മാവിന്റെ തൂക്കമാണ്. മനുഷ്യൻ മരിക്കുമ്പോൾ ആത്മാവു പോകുമെന്നും, അതുകൊണ്ട് മരണശേഷം ശരീരഭാരം 21 ഗ്രാം കുറയുന്നത് എന്നുമാണ് ചിത്രം ഉദ്ദേശിക്കുന്നത്. പക്ഷേ ഇത് തീർത്തും അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമാണ്. ഒന്നാമത് ആത്മാവ് എന്ന് പറയുന്ന ഒരു സാധനം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആത്മാവ് ഉണ്ടോ എന്ന് അറിയാനായി നടത്തിയ പല പരീക്ഷണങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ആത്മാവ് എന്നത് വെറുമൊരു വിശ്വാസം മാത്രമാണ്. പക്ഷേ അത്മാവിന്റെ ഭാരം 21 ഗ്രാം ആണെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. അതിന് കാരണം ആക്കിയതാവട്ടെ ഒരു പരാജയപ്പെട്ട പരീക്ഷണവും.

പാളിപ്പോയ മക്ഡൗഗൽ പരീക്ഷണം

മക്ഡൗഗൽ പരീക്ഷണം എന്ന് ശാസ്ത്രലോകത്ത് അറിയപ്പെടുന്ന, ഒരു തെറ്റായ പരീക്ഷണത്തിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ അടക്കം ഈ കഥ പ്രചരിച്ചത്. ശാസ്ത്ര പ്രചാരകനായ അനൂപ് ഐസക്ക് ഇങ്ങനെ കുറിക്കുന്നു. '1907 ൽ, മക്ഡൗഗൽ എന്ന അമേരിക്കൻ ഡോക്ടർ, ആത്മാവിന്റെ ഭാരം കണ്ടുപിടിക്കാൻ ഒരു പരീക്ഷണം നടത്തി. മരണാസന്നരായ ആറു രോഗികളുടെ ഭാരം മരണത്തിനു മുമ്പും പിമ്പും രേഖപ്പെടുത്തി. ഇതിൽ ഒരാളുടെ ഭാരത്തിനു മാത്രം മരണശേഷം 21.3 ഗ്രാമിന്റെ കുറവു കണ്ടെത്തി. (മരിക്കുന്ന രോഗികളുടെ ഭാരം അളക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച സ്‌കെയിലിന്റെ സെൻസിറ്റിവിറ്റി ഏകദേശം 5.6 ഗ്രാം ആയിരുന്നു.). ഇതേ പരീക്ഷണം പട്ടികളിൽ നടത്തിയെങ്കിലും ഭാരവ്യത്യാസം ഉണ്ടായില്ല.

എന്തെങ്കിലും നിഗമനത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് പരീക്ഷണം പലതവണ ആവർത്തിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ അതേ ഫലമുളവാക്കിയ മറ്റൊരു പരീക്ഷണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സാമ്പിളിന്റെ വലുപ്പം കുറവായതിനാൽ ശാസ്ത്രലോകം അക്കാലത്തുതന്നെ തിരസ്‌കരിച്ച ഈ പരീക്ഷണഫലം, പിന്നീട് ആത്മാവിന്റെ വിശ്വാസികൾ ഏറ്റെടുത്തു. ആത്മാവിന്റെ ഭാരം 21 ഗ്രാം ആണെന്നും, മൃഗങ്ങൾക്ക് ആത്മാവില്ലെന്നും, ഒക്കെ ശാസ്ത്രം തെളിയിച്ചതായി പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് ഇത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ വിശ്വാസം അനുസരിച്ച്, മനുഷ്യന് ആത്മാവ് ഉണ്ടെന്നും മൃഗങ്ങൾക്ക് ഇല്ലെന്നും, ഒക്കെ തെളിയിക്കാൻ ആഗ്രഹിച്ച വിശ്വാസിയായ ഡോക്ടർ പരീക്ഷണഫലത്തിനു മുമ്പിൽ പിന്മാറിയിട്ട് ഒരു നൂറ്റാണ്ടിലേറെ ആയി. എന്തായാലും വിശ്വാസികൾ വിടുന്ന മട്ടില്ല.''- അനൂപ് ചുണ്ടിക്കാട്ടുന്നു.

അശാസ്ത്രീയതകൾ ഒരുപാട്

അതുപോലെ ഒരുപാട് ആശാസ്ത്രീയ ധാരണകൾ ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. മരുന്നു പരീക്ഷണ മാഫിയയാണ് ചിത്രത്തിലെ വില്ലൻ. ഹൈട്ടക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ പണം വാങ്ങി മനുഷ്യരെ ഗിനിപ്പന്നികൾ ആക്കുകയാണെന്നാണ് ചിതം ആരോപിക്കുന്നത്. എന്നാൽ ഈ വാദത്തിലും യാതൊരു കഴമ്പുമില്ല. മരുന്നു പരീക്ഷണമെന്നാൽ ആരോ കണ്ടുപിടിക്കുന്ന മരുന്നുകൾ ആശുപത്രിയിലെ രോഗികളുടെ മേൽ അവരുടെ അനുവാദമില്ലാതെ കുത്തിവച്ചു കൊല്ലുന്ന പരിപാടിയാണെന്ന അപകടകരമായ സന്ദേശം ഈ സിനിമ നൽകുന്നു. പക്ഷേ യാഥാർഥ്യം ഇങ്ങനെ അല്ല. ആദ്യം എലികളിൽ തൊട്ട് തുടങ്ങുന്ന വളരെ വിശദമായ ഒരു ക്ലിനിക്കൽ ട്രയൽ ഓരോ മരുന്നു പരീക്ഷണത്തിനും ഉണ്ട്. അതൊക്കെ വിജയിക്കുകയും പാർശ്വഫലം തീരെ കുറവാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മനുഷ്യനിലേക്ക് കടക്കു. അതിന് അതിന്റെതായ ശാസ്ത്രീയ രീതികൾ ഉണ്ട്. അല്ലാതെ ചിത്രം ആരോപിക്കുന്നപോലെ, ആരുമറിയാതെ മരുന്ന് രോഗിയിൽ പരീക്ഷിച്ച് കൊല്ലുകയല്ല.

മരുന്നു പരീക്ഷണത്തിന്റെ ഒരോ ഘട്ടങ്ങളും കൃത്യമായി റേക്കാഡ് ചെയ്യണം. രഹസ്യമായി അത് ചെയ്യാൻ കഴിയില്ല. കഴിഞ്ഞവർഷം നാം കോവിഡ് വാക്സിൻ കണ്ടത്തിയേപ്പോൾ ഇതിന്റെ രീതികൾ കൃത്യമായി അറിഞ്ഞതാണ്. ഒരുപാട് പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ്, വാക്സിൻ പുറത്തിറക്കാൻ കഴിയുന്നത്. അങ്ങനെ നോക്കുമ്പോൾ തീർത്തും അശാസ്ത്രീയമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്.

നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച '21 ഗ്രാംസ്' ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.