കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു വാർത്തയായിരുന്നു, സുപ്രഭാതം ദിനപ്പത്രത്തിൽ വന്ന, മലയാളി ഗവേഷകൻ ഇൻഫ്രാറെഡ് ജീവികളെ കണ്ടെത്തിയെന്ന സംഭവം. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇൻഫ്രാറെഡ് ജീവികളെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നും, ഇതിന്റെ പേര് ഇൻഫ്രാ ബീയിങ്ങ് ആണെന്നും വാർത്തയിൽ പറയുന്നു. നിലമ്പൂരിലെ ഗവേഷകൻ സ്വാദിഖ് വാഹിയാണ് ഇത് കണ്ടെത്തിയതെന്നും, ഇദ്ദേഹത്തിന്റെ പഠനം ജേണൽ ഓഫ് ഫിസ്‌ക്സ് ആൻഡ് അസ്ട്രോണമി പ്രസിദ്ധീകരിച്ചുവെന്നുമാണ് സുപ്രഭാതം പത്രത്തിൽ വന്ന വാർത്ത പറയുന്നത്.

ഈ പത്രവാർത്തയുടെ കട്ടിങ്ങ് വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി വലിയ ചർച്ചയായി. ഇങ്ങനെ ഒരു പുതിയ ജീവിവർഗത്തെ ഇൻഫ്രാ റെഡ് കിരണങ്ങളിൽ നിന്ന് കണ്ടെത്തുകയെന്നാൽ അത് നെബേൽ സമ്മാനം കിട്ടേണ്ട ഒരു വാർത്ത തന്നെയാണ്. പക്ഷേ ശാസ്ത്രകുതുകികൾ കൂടുതൽ സേർച്ച് ചെയ്തപ്പോഴാണ് ഇത്, 'വാട്സാപ്പ് കേശവമാമന്മാർ' എന്ന് വിളിക്കുന്ന രീതിയിലുള്ള അബദ്ധജഡിലമായ വാർത്തയാണെന്ന് മനസ്സിലാവുന്നത്.

മനുഅങ്കിൾ മോഡൽ ഗവേഷണം

മമ്മൂട്ടി നായകനായ മനുഅങ്കിൾ എന്ന സിനിമയിൽ, കുട്ടികൾ കെട്ടിത്തൂക്കുന്ന പാറ്റയെ ടെലിസ്‌ക്കോപ്പിലൂടെ നോക്കുന്ന മനു അങ്കിൾ, അത് തെറ്റിദ്ധരിച്ച് ആക്രമിക്കാൻ വരുന്ന അന്യഗ്രഹജീവികളായി കണക്കാക്കുന്നുണ്ട്. അത് ഒരു വാർത്തയാൽ എങ്ങനെ ഇരിക്കും അതുപോലെയാണ് ഈ വാർത്തയും എന്നാണ്, ശാസ്ത്ര പ്രചാകനായ ഡോ സുഭാഷ് സുബ്രമണ്യം ചൂണ്ടിക്കാട്ടുന്നത്. 'ഇത് ഒരിക്കലും ശരിയാവില്ല. അങ്ങനെയാണെങ്കിൽ ഫിസിക്സ് പിന്നെ ഉണ്ടാവില്ല. സയൻസിന്റെ അടിസ്ഥാന തത്വങ്ങൾ വരെ തകർക്കാൻ ശേഷിയുള്ള കണ്ടുപിടുത്തമാണിത്. കാമറ ലെൻസിനോട് വളരെ അടുത്ത് ഔട്ട് ഓഫ് ഫോക്കസ് ആവുമ്പോൾ പൊടി പോലത്തെ വളരെ ചെറിയ വസ്തുക്കൾ വരികയും അത് പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും ജീവികളായി തെറ്റിദ്ധരിക്കുന്നത്. ഇതു തന്നെ പ്രേതം-ഭൂതം എന്ന പേരിൽ പലരും അവതരിപ്പിക്കുന്നത്.''- അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ ഇത്തരം ഒരു ലേഖനം ജേണൽ ഓഫ് ഫിസ്‌ക്സ് ആൻഡ് അസ്ട്രോണമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര പ്രചാരകനായ പ്രൊഫസർ പാപ്പുട്ടി ഇങ്ങനെ പറയുന്നു. 'ഇത്തരം ഒരു അടിസ്ഥാനവുമില്ലാത്ത പ്രബന്ധം എങ്ങനെ ഇതുപോലെ ഒരു ജേണലിൽ വന്നു എന്നതിനെക്കുറിച്ചാണ് ആദ്യം അന്വേഷണം വേണ്ടത്. ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നത് മുമ്പുള്ള പ്രാഥമിക പരിശോധന അവിടെ നടന്നിട്ടില്ല. അൽപ്പം സമാന്യബുദ്ധിയുള്ളവർക്ക് ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്താവുന്നതേയുള്ളൂ. പക്ഷേ ഇനി ഇവിടെ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിന്റെ അർഥം അത് ശാസ്ത്ര സത്യമായി അംഗീകരിച്ചു എന്നല്ല. അത് ഒരു പ്രാഥമിക കടമ്പ മാത്രമാണ്. ഇതിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിരവധി ലേഖനങ്ങൾ ഇനി വരും. നിരന്തരമായ പരീക്ഷണ- നിരീക്ഷണങ്ങൾ നടത്തി അവസാനമാണ് ഒരു നിഗമനത്തിൽ എത്തുക. ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു എന്നതിന്റെ അർഥം ആ കണ്ടെത്തൽ അംഗീകരിച്ചു എന്നല്ല. ഇങ്ങനെ നിരന്തരമായ ചെക്കിങ്ങും വെരിഫിക്കേഷനുമാണ് ശാസ്ത്രത്തിന്റെ രീതി. പക്ഷേ ഒറ്റ നോട്ടത്തിൽ അബദ്ധമെന്ന് തോന്നുന്ന ഇത്തരം വ്യാജന്മാർ മുമ്പും അടിച്ചു വന്നിട്ടുണ്ട്. അത് പിൻവലിക്കപ്പെട്ടിട്ടുമുണ്ട്. ''

ഇസ്ലാമിക ശരീയയിൽ ബിരുദമുള്ളയാൾ

ഈ വാർത്ത എഴുതുന്നതിന് മുമ്പ് ഒന്ന് ഗൂഗിൾ സേർച്ച് ചെയ്തിരുന്നെങ്കിൽ അബദ്ധം പിടികിട്ടുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ജീവി എന്ന ഒറ്റ അവകാശവാദത്തിൽ തന്നെ ഇത് പൊളിയും. പക്ഷേ 'വലിയതോതിൽ ഇലട്രോ- മാഗ്നറ്റിക്ക് റേഡിയഷൻ പുറംതള്ളുന്ന നക്ഷത്രങ്ങളിൽ നിന്നോ മറ്റോ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായിരിക്കും'' ഈ ജീവികൾ എന്നാണ് എൻ.സി ഷെരീഫ് എന്ന മാധ്യമ പ്രവർത്തകന്റെ പേരിൽ വന്ന വാർത്ത തട്ടി വിടുന്നത്. കാവന്നുർ മജ്മഅ് ശരീയത്ത് ആൻഡ് ആർട്സ് കോളജിൽനിന്ന് ഇസ്ലാമിക് ശരീയയിൽ ബിരുദാനന്തര ബിരുദവും, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, കരസ്ഥമാക്കിയ വ്യക്തിയാണ് ഗവേഷൻ സ്വാദിഖ് വാഫിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്നുതന്നെ ഈ വിഷയത്തിൽ ഗവേഷകൻ എക്സപേർട്ട് അല്ല എന്ന് വ്യക്തമാണ്. ഭൗതികശാസ്ത്രത്തിലല്ല, ഇസ്ലാമിക ശരിയയിലും ഇംഗ്ലീഷിലുമാണ് ഇദ്ദേഹത്തിന്റെ ബിരുദം. ഇത്തരം വലിയ ഗവേഷണങ്ങൾ ഒക്കെ അതുസംബന്ധിച്ച സബ്ജക്റ്റ് എകസ്പേർട്ടുകളുടെ മേൽനോട്ടത്തിലാണ് തയ്യാറാക്കേണ്ടത്. പക്ഷേ 'ഇസ്ലാമിക ശരീയയിൽ മാസ്റ്റർ ബിരുദമുള്ള യുവഗവേഷന്റെ നേട്ടം' എന്ന പേരിൽ ഈ വാർത്ത ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ആഘോഷിച്ചിരുന്നു. അലി മണിക്ക് ഫാൻ എന്ന പണ്ഡിതനും ഗവേഷകനുമായ വ്യക്തിക്ക് സമാനമായാണ് ഇദ്ദേഹത്തെയും ഇവർ വിലയിരുത്തിയത്.

ഇതിന് ശാസ്ത്ര പ്രചാരകരുടെ മറുപടിക്കുറിപ്പ് ഇങ്ങനെയാണ്.-'ഇന്ന് സുപ്രഭാതം റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. പലരും ആഘോഷിച്ചതും കണ്ടു. ഫിസിക്സിന്റെ അടിസ്ഥാന തത്വങ്ങൾ വരെ തകർക്കാൻ ശേഷിയുള്ള കണ്ടുപിടുത്തം. എങ്കിൽ ഒറിജിനൽ പേപ്പർ വായിച്ച് നോക്കാമെന്ന നിലയിൽ പ്രസിദ്ധീകരിച്ച ജേണൽ തപ്പിയെടുത്ത് സംഗതി കണ്ടെത്തി ജേണൽ വെബ്സൈറ്റിലൂടെ ഒന്ന് കണ്ണോടിച്ചു. നിലവാരമില്ലാത്തെ കുറേ പഠനങ്ങളുടെ ശേഖരം. ഏതായാലും പ്രസ്തുത പേപ്പർ ഡൗൺലേഡ് ചെയ്തു. വായിച്ചു നോക്കി.

വീട്ടിൽ സ്ഥാപിച്ച ഇൻഫ്രാറെഡ് നൈറ്റ് വിഷൻ കാമറയിലൂടെ വെളുത്തൊരു പ്രകാശം വിവധ ദിശകളിലൂടെ അലക്ഷ്യമായി നീങ്ങുന്ന വീഡിയോകളും ഫോട്ടോയും വച്ചാണ് കക്ഷി കാര്യങ്ങൾ വിശദീകരിക്കുന്നത്. ഈ ചിത്രങ്ങളുടെയും വീഡിയോകൾക്കും മുകളിൽ തന്റെ ഊഹാപോഹങ്ങളുടെ കൂമ്പാരമാണ് പിന്നീട്. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാമെന്ന് വരെ തട്ടി വിടുന്നുണ്ട്. ഈ ചിത്രങ്ങളല്ലാതെ മറ്റൊരു ശാസ്ത്രീയ തെളിവുകളും ഇല്ല താനും. എങ്കിൽ ഇതുവരെ ലോകത്ത് ആരും തങ്ങളുടെ കാമറയിൽ ഇതൊന്നും കണ്ടിട്ടില്ലേ എന്ന സംശയത്തിൽ യൂട്യൂബിൽ കയറി ഒന്ന് തപ്പി. അതാ നിറയെ ഭൂതമെന്നും ആത്മാക്കളെന്നും അവകാശപ്പെട്ട് സമാനമായ നിരവധി സി.സി.ടി.വി വീഡിയോ ഫൂട്ടേജുകൾ.

ഇതു സംബന്ധിച്ച ശാസ്ത്രീയ വിശദീകരണങ്ങൾ അന്വേഷിച്ചപ്പോൾ വ്യക്തമായത് കാമറ ലെൻസിനോട് വളരെ അടുത്ത് ഔട്ട് ഓഫ് ഫോക്കസ് അയ പൊടി പൊലത്തെ വളരെ ചെറിയ വസ്തുക്കൾ വരികയും അത് പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന സ്വാഭാവികമായ കാര്യമാണെന്നാണ്. പത്ത് മിനുട്ട് ഗൂഗിൾ സേർച്ച് ചെയ്ത് കണ്ടെത്താവുന്ന കാര്യമാണ് മുന്ന് വർഷമെടുത്ത് ഇല്ലാത്ത ശാസ്ത്ര കണ്ടുപിടുത്തമായി അവതരിപ്പിച്ചത്. ഇത്തരം ന്യൂസുകൾ ക്രോസ് ചെക്ക് ചെയ്യേണ്ട മിനിമം ഉത്തരവാദിത്തമെങ്കിലും സുപ്രഭാതം കാണിക്കേണ്ടിയിരുന്നു.''

കൂടുതൽ വായനക്ക്:

https://www.tsijournals.com/articles/discovery-of-living-beings-made-of-the-photons-of-infrared.pdf

https://www.sony.co.uk/electronics/support/articles/00028753 https://www.higgypop.com/news/orbs/

https://www.youtube.com/results?search_query=cctv+orbs

https://www.independent.co.uk/tv/lifestyle/ghost-sighting-light-orb-v8c31248e

https://www.youtube.com/watch?v=QnaTT_MkbUg