- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ എത്തും മുമ്പു ഗുസ്തിയിൽ കഴിവു തെളിയിച്ചു; ഒറ്റവർഷം 35 സിനിമയിൽ അഭിനയിച്ചു റെക്കോർഡിട്ടു; തായ്ക്വൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവ്; ഐശ്വര്യ റായിയുടെ ആദ്യ നായകൻ: മോഹൻലാലിന്റെ ജീവിതത്തിലെ പത്ത് കാര്യങ്ങൾ
മോഹൻലാൽ എന്ന നടനോളം ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ മറ്റൊരു താരവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നു നിസംശയം പറയാം. ഏതു റോളും അനായാസം കൈകാര്യം ചെയ്യാൻ ഈ നടനവിസ്മയത്തിനു കഴിയും. മോഹൻലാലിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ കാണാപ്പാഠമാണെങ്കിലും അധികം ആരും അറിയാത്ത ചില വസ്തുതകൾ കൂടി ലാലിന്റെ ജീവിതത്തിലുണ്ട്. ഗുസ്തി ച
മോഹൻലാൽ എന്ന നടനോളം ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ മറ്റൊരു താരവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നു നിസംശയം പറയാം. ഏതു റോളും അനായാസം കൈകാര്യം ചെയ്യാൻ ഈ നടനവിസ്മയത്തിനു കഴിയും.
മോഹൻലാലിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ കാണാപ്പാഠമാണെങ്കിലും അധികം ആരും അറിയാത്ത ചില വസ്തുതകൾ കൂടി ലാലിന്റെ ജീവിതത്തിലുണ്ട്. ഗുസ്തി ചാമ്പ്യനായും തായ്‌ക്വൊണ്ടോ ബ്ലാക്ക് ബെൽറ്റ് ജേതാവായും തിളങ്ങിയ ഈ സൂപ്പർ താരമാണ് ലോക സുന്ദരി ഐശ്വര്യ റായിയുടെ ചലച്ചിത്ര ജീവിതത്തിലെ ആദ്യ നായകനും. ലാലിന്റെ വിശേഷങ്ങളിലേക്ക്...
ഗുസ്തിക്കാരൻ ലാൽ
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മികച്ചൊരു ഗുസ്തിക്കാരനായി മോഹൻലാൽ മാറിയേനെ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ പോയതിനെ തുടർന്ന് ഡൽഹിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ലാലിനു കഴിഞ്ഞില്ല. ഇതാണ് മലയാളത്തിന് മികച്ചൊരു നടനെ ലഭിക്കാനും ഗുസ്തിവേദിക്ക് ഒരു മല്ലനെ നഷ്ടപ്പെടാനും ഇടയാക്കിയത്. 1977-78 കാലഘട്ടത്തിൽ ലാൽ കേരളത്തിലെ മികച്ച ഗുസ്തി താരമായിരുന്നു.
35 ചിത്രങ്ങൾ വരെ നിറഞ്ഞ വർഷം
സൂപ്പർ താരമെന്ന പദവിയിലേക്കുള്ള വളർച്ചയ്ക്കിടെ മോഹൻലാൽ ഒറ്റവർഷം 35 ചിത്രങ്ങളിൽ വരെ അഭിനയിച്ചു. 1986ലാണ് 35 സിനിമയിൽ ലാൽ അഭിനയിച്ചത്. എൺപതുകളിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. 1982 മതൽ 1988വരെയുള്ള കാലഘട്ടത്തിൽ രണ്ടാഴ്ച കൂടുമ്പോൾ ഒരു ലാൽ സിനിമ എന്നതായിരുന്നു അവസ്ഥ. പത്തുവർഷം കൊണ്ട് 170ഓളം സിനിമകളാണ് ഈ നടന്റെ അക്കൗണ്ടിൽ വന്നത്.
തായ്‌ക്വൊണ്ടോ ബ്ലാക്ക് ബെൽറ്റ് ജേതാവ്
ഗുസ്തി മാത്രമല്ല, തായ്‌ക്വൊണ്ടോയും ഈ നടനു വഴങ്ങും. 2012ൽ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ നടന്ന ലോക തായ്‌ക്വൊണ്ടോ മത്സരത്തിൽ മോഹൻലാൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. ഈയിനത്തിൽ ബ്ലാക്ക് ബെൽറ്റ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമാ താരം ഇദ്ദേഹമാണ്. ഇന്ത്യൻ സിനിമാ രംഗത്ത് ത്വായ്‌ക്വൊണ്ടയിൽ ബ്ലാക്ക്‌ബെൽറ്റ് കരസ്ഥമാക്കുന്ന മൂന്നാമത്തെ താരവും മോഹൻലാൽ തന്നെ.
ലോകസുന്ദരിയുടെ ആദ്യ നായകൻ
ഇന്നും സിനിമാലോകത്തു നിറഞ്ഞുനിൽക്കുന്ന താരമാണ് മുൻ ലോകസുന്ദരി ഐശ്വര്യ റായ്. ലോകസുന്ദരിപട്ടം നേടിയശേഷം ഐശ്വര്യ ആദ്യമായി സിനിമയിലെത്തിയപ്പോൾ നായകൻ ലാലായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ആദ്യമായി ബിഗ്‌സ്‌ക്രീനിൽ എത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിന്റെ കഥപറയുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്.
റീമേക്കുകളിൽ മുമ്പിൽ ലാൽ ചിത്രങ്ങൾ
നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ നിന്നു മറ്റു ഭാഷകളിലേക്കു റീമേക്ക് ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവുമധികം ഈ സൂപ്പർ താരത്തിന്റെ ചിത്രങ്ങളാണ്. തമിഴിലേക്കും ഹിന്ദിയിലേക്കും ലാൽ ചിത്രങ്ങൾ റീമേക്ക് ചെയ്തിട്ടുണ്ട്. മണിച്ചിത്രത്താഴ്, ബോയിങ് ബോയിങ്, പൂച്ചയ്‌ക്കൊരു മുക്കുത്തി, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, ദൃശ്യം എന്നിവ അവയിൽ ചിലതാണ്.
മാജിക്കും ലാലിന്റെ കൈയിൽ ഭദ്രം
മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം 'എസ്‌കേപ്പ് ആർട്ട്' എന്ന ഇന്ദ്രജാല വിദ്യ അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറെടുത്തിരുന്നു. അതിനായി 2008ൽ പരിശീലനവും നേടി. കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള ഒരു പരിപാടിക്കുവേണ്ടിയായിരുന്നു ഈ ഇന്ദ്രജാലവിദ്യക്കുള്ള തയ്യാറെടുപ്പ്. എന്നാൽ, ആളിക്കത്തുന്ന തീയിൽ നിന്നുള്ള രക്ഷപ്പെടൽ വിദ്യ ലാൽ അവതരിപ്പിക്കുന്നതിലെ അപകടസാധ്യത മുന്നിൽക്കണ്ട് ആരാധകർ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചതോടെ ഇതിൽ നിന്ന് അദ്ദേഹം പിന്മാറി. പിന്നീട്, മുതുകാടിന്റെ മാജിക് പ്ലാനറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഒരു പെൺകുട്ടിയെ വായുവിൽ ഉയർത്തി ഇന്ദ്രജാല വിദ്യ തന്റെ കൈയിൽ ഭദ്രമാണെന്നു മോഹൻലാൽ തെളിയിച്ചു.
ആദ്യ ചിത്രം റിലീസ് ചെയ്തത് 25 വർഷം കഴിഞ്ഞ്
മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രം വെളിച്ചം കണ്ടത് ചിത്രീകരിച്ച് 25 വർഷം കഴിഞ്ഞശേഷമാണ്. ലാലിന്റെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ 'തിരനോട്ടം' എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാൽ അഭിനയലോകത്ത് എത്തിയിട്ട് 25 വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് തിരനോട്ടവും പ്രദർശനത്തിന് സജ്ജമായത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന് പതിനാറ് വയസ്സ് പ്രായമേ ഉള്ളു. മോഹൻലാലിന്റെ സുഹൃത്തുകൾ ആയ പ്രിയദർശൻ, സുരേഷ് കുമാർ, അശോക് കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ ചേർന്നാണ് ഇ ചിത്രം എടുത്തിരിക്കുന്നത്. പ്രിയദർശൻ അസിസ്റ്റന്റ് ഡയറക്ടർ ആയും സുരേഷ്‌കുമാർ ക്ലാപ്പ് ബോയ് ആയും, ശശിന്ദ്രൻ നിർമ്മാതാവ് ആയും, അശോക് കുമാർ സംവിധായാൻ ആയും ഇ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.
ലാലിസം- ദ ലാൽ എഫക്ട്
വിവാദങ്ങളിൽപ്പെട്ടെങ്കിലും മോഹൻലാലും സംഗീതസംവിധായകൻ രതീഷ് വേഗയും ചേർന്നൊരുക്കിയ സംഗീത ബാൻഡായ ലാലിസം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിൽ അവതരിപ്പിക്കപ്പെട്ട ലാലിസമാണ് ഒരു നടന്റെ പേരിൽ സംസ്ഥാനത്ത് അവതരിപ്പിക്കപ്പെട്ട ആദ്യ മ്യൂസിക് ബാൻഡ്. രണ്ടുകോടി രൂപയോളം പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചത്. വിവാദങ്ങളെ തുടർന്ന് ഈ തുക മോഹൻലാൽ സർക്കാരിനു തിരിച്ചുകൊടുത്തു.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് 55 ചിത്രങ്ങളിൽ; ആദ്യ ചിത്രത്തിൽ അച്ഛനും മകനുമായി
മലയാളി പ്രേക്ഷകർ എന്നും കൊതിയോടെ കാത്തിരിക്കുന്ന ഒന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം. ഇരുവരുടെയും പ്രകടനം ഒന്നിച്ചുകാണാനുള്ള അവസരം കിട്ടിയാൽ അത് ഒരിക്കലും ആരാധകർ പാഴാക്കാറില്ല. മലയാളത്തിലെ ഈ മഹാനടന്മാർ 55 സിനിമകളിലാണ് ഒരുമിച്ചഭിനയിച്ചത്. 1982ൽ ജിജോ സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലാണ് ആദ്യമയി മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടുണ്ടാകുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനായാണ് മമ്മൂട്ടി എത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങിയ ലാൽ മമ്മൂട്ടിയോടൊപ്പം നായകവേഷത്തിൽ എത്തിയത് 1984ൽ പുറത്തിറങ്ങിയ 'പാവം പൂർണ്ണിമ'യിലൂടെയാണ്.
സിനിമാനിർമ്മാണ കമ്പനികൾ നാലെണ്ണം
ആശീർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയും ലാലുമായുള്ള ബന്ധം ഏവർക്കുമറിയാം. എന്നാൽ ഇതുപോലെ മൂന്നു നിർമ്മാണക്കമ്പനികളിൽ കൂടി മോഹൻലാലിനു പങ്കുണ്ടായിരുന്നു. കാസിനോയാണ് ഇത്തരത്തിൽ ആദ്യത്തേത്. അടിയൊഴുക്കുകൾ, കരിമ്പിൻപൂവിനക്കരെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് കാസിനോയാണ്. നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോൻ, സംവിധായകൻ ഐ വി ശശി, മമ്മൂട്ടി, സീമ എന്നിവരായിരുന്നു കാസിനോയുടെ മറ്റു സാരഥികൾ. ചിയർ ഫിലിംസായിരുന്നു ലാലിന്റെ മറ്റൊരു സംരംഭം. അടിവേരുകൾ, ഉണ്ണികളെ ഒരു കഥ പറയാം, ഓർക്കാപ്പുറത്ത്, ആര്യൻ എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് ഈ ബാനറിലാണ്. ഏറെ പ്രശസ്തമായ പ്രണവം ആർട്‌സ് ഇന്റർനാഷണലിന്റെ ബാനറിൽ ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, മിഥുനം, പിൻഗാമി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. ഏറ്റവുമൊടുവിലാണ് ആശീർവാദ് സിനിമാസ്. നരസിംഹം, രാവണപ്രഭു, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി ഇപ്പോഴുള്ള മോഹൻലാൽ ചിത്രങ്ങളൊക്കെ ആശീർവാദ് സിനിമാസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.