മലപ്പുറം: സംഘ്പരിവാറും കുടുംബവും വീട്ടുതടങ്കലിലാക്കിയ ഹാദിയയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി നാളെ കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു.

രാവിലെ 10 മണിക്ക് പ്രമുഖ സിനിമ-ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം എ.ടി.ഷറഫുദ്ദീൻ, ജി ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സലീം മമ്പാട്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സമീർ കാളികാവ്, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഡോ.എ.കെ.സഫീർ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷനാനീറ തുടങ്ങിയവർ സംസാരിക്കും.

കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടതിന് ഒരു വിവരവും പുറത്തറിയിക്കാത്ത വീട്ടുതടവാണ് സർക്കാറും നടപ്പാക്കിയത്. എന്നാൽ സംഘ്പരിവാർ നേതാക്കളും മറ്റും ഹാദിയയെ സന്ദർശിക്കുന്നതായും വെളിപ്പെടുത്തലുകളുണ്ട്. അതിന് പുറമേ വീട്ടിൽ  പീഡനമനുഭവിക്കുന്നതായി വീഡിയോയും പുറത്തു വന്നു. ഹാദിയക്ക് അവളുടെ വ്യക്തിപരമായ അവകാശങ്ങൾ നിഷേധിക്കുന്ന തടവ് അവസാനിപ്പിക്കണമെന്ന് തുടക്കം മുതൽക്കേ ആവശ്യങ്ങളുയർന്നിരുന്നു. എന്നാൽ സർക്കാർ അതൊന്നും പരിഗണിച്ചില്ല.

ഹാദിയയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിഗണന നൽകണമെന്നാണ് സുപ്രീംകോടതി അവസാനമായി വിധിച്ചത്. നവംബർ 27-ന് കോടതിക്ക് മുന്നിൽ ഹാദിയയെ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പൊലീസ് റിപ്പോർട്ട് പുറത്തുവിടുക മാത്രമാണ് സർക്കാർ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇപ്പോഴും കാര്യമായി ഇടപെട്ടിട്ടില്ല. കോടതിക്ക് മുന്നിൽ ഹാദിയ സ്വബോധത്തോടെ ഹാജരാക്കപ്പെടുമെന്ന് ഉറപ്പാക്കാൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിക്കണം.

ഈ സാഹചര്യത്തിൽ ഹാദിയക്ക് വൈദ്യസഹായം ലഭ്യമാക്കുക, ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. പത്രസമ്മേളനത്തിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സമീർ കാളികാവ്,എസ്.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി സൽഫാനുൽ ഫാരിസ്, ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ഷമീമ പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.