ആലപ്പുഴ: പുതുച്ചേരി വാഹന റജിസ്‌ട്രേഷൻ തട്ടിപ്പു കേസിൽ നടൻ ഫഹദ് ഫാസിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി. ഹർജിയിൽ വാദം പൂർത്തിയായി. മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഫഹദിന്റെ ആഡംബര കാർ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്‌തെന്നാണ് കേസ്.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയ പശ്ചാത്തലത്തിൽ ശനിയാഴ്ചയാണ് മുൻകൂർ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്. എന്നാൽ ഫഹദ് പൊലീസിനു മുന്നിൽ ഹാജരായില്ല.

നേരത്തേ, നടൻ സുരേഷ് ഗോപിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് സുരേഷ് ഗോപിയുടെ അറസ്റ്റ് കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരിക്കുകയാണ്. നടി അമല പോളിനോടും ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടുണ്ട്.